28.5 കി.മീ മൈലേജുമായി മാരുതി ഫ്രോങ്ക്‌സ് സിഎന്‍ജി വിപണിയില്‍; ഇന്ധനക്ഷമതയില്‍ എക്‌സ്റ്ററിനെ കടത്തിവെട്ടി
2010-ലാണ് മാരുതി സുസുക്കി തങ്ങളുടെ ആദ്യ സിഎന്‍ജി മോഡല്‍ രാജ്യത്ത് വിപണിയില്‍ എത്തിച്ചത്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി ഒഴിവാക്കിയ ശേഷം മാരുതി സിഎന്‍ജി മോഡലുകള്‍ കൂടുതലായി വിപണിയില്‍ ഇറക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ 15 മോഡലുകള്‍ ലൈനപ്പിലുള്ള മാരുതി തന്നെയാണ് സിഎന്‍ജി കാര്‍ വിപണിയും ഭരിക്കുന്നത്.
ഇതുവരെ 1.4 ദശലക്ഷം സിഎന്‍ജി കാറുകളാണ് മാരുതി ഇന്ത്യയില്‍ വിറ്റഴിച്ചത്. അടുത്തകാലത്തായി ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നീ കമ്പനികളില്‍ നിന്ന് വെല്ലുവിളി ഉയര്‍ന്നതോടെ തങ്ങളുടെ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുകയാണ് മാരുതി. അതിന്റെ ഭാഗമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ബുധനാഴ്ച ഒരു പുതിയ മോഡല്‍ കൂടി വിപണിയിലിറക്കി. ഫ്രോങ്ക്‌സ് എസ്-സിഎന്‍ജി (Maruti Fronx CNG) ആണ് പുത്തന്‍ ലോഞ്ച്. സിഗ്മ, ഡെല്‍റ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ ഇത് വില്‍ക്കും.

സിഗ്മ വേരിയന്റിന് 8.41 ലക്ഷം രൂപയും ഡെല്‍റ്റ വേരിയന്റിന് 9.27 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍ മാനുവല്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ 95,000 രൂപ മാത്രമാണ് കൂടുന്നത്. കഴിഞ്ഞ ദിവസം ഹ്യുണ്ടായി എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി സിഎന്‍ജി വേരിയന്റുമായി വിപണിയില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഫ്രോങ്ക്‌സ് സിഎന്‍ജിയുടെ ലോഞ്ച്.
കിലോഗ്രാമിന് 28.51 കിലോമീറ്ററാണ് ഇന്ധനക്ഷമതയാണ് ഫ്രോങ്ക്‌സ് സിഎന്‍ജി അവകാശപ്പെടുന്നത്. അതേസമയം എക്‌സ്റ്റര്‍ സിഎന്‍ജിക്ക് കിലോഗ്രാമിന് 27.1 കിലോമീറ്ററാണ് മൈലേജ്. 2023 ഏപ്രിലിലായിരുന്നു മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി കൂപ്പെ എസ്‌യുവിയായ ഫ്രോങ്ക്‌സ് വിപണിയില്‍ എത്തിച്ചത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലായിരുന്നു കാര്‍ എത്തിയത്. 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഫ്രോങ്ക്‌സിന് കരുത്തേകുന്നത്.

ഈ എഞ്ചിന്‍ 6,000 rpm-ല്‍ പരമാവധി 88.50 bhp പവറും 4,400 rpm-ല്‍ 113 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. സിഎന്‍ജി മോഡില്‍ 6,000 rpm-ല്‍ 76 bhp പവറും 4,300 rpm-ല്‍ 98.5 Nm ടോര്‍ക്കുമായിരിക്കും നല്‍കുക. ഫ്രോങ്ക്‌സ് സിഎന്‍ജി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
അതേസമയം ഫ്രോങ്ക്‌സ് പെട്രോള്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവലിന് പുറമെ 5 സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭിക്കുന്നു. മുമ്പ് ബലേനോ RS-ല്‍ സേവനമനുഷ്ഠിച്ചിരുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിന്‍ ഫ്രോങ്ക്‌സിലൂടെ മാരുതി തിരികെ കൊണ്ടുവന്നിരുന്നു. ഈ എഞ്ചിന്‍ 98 bhp പവറും 148 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കുന്നു. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫേര്‍മേഷന്‍ ഡിസ്‌പ്ലേ, കീലെസ് എന്‍ട്രി, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ORVM, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, എന്നിങ്ങനെ ഒന്നിലധികം പ്രീമിയം ഫീച്ചറുകളും ഫ്രോങ്ക്‌സ് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നു.
ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റുകള്‍, 6 എയര്‍ബാഗുകള്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ എന്നീ ഫീച്ചറുകള്‍ ലഭിക്കും.
ഒരു മാരുതി കാര്‍ സ്വന്തമാക്കാതെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും ഫ്രോങ്ക്‌സ് സിഎന്‍ജിക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. രജിസ്‌ട്രേഷന്‍, സര്‍വീസ്‌മെയിന്റനന്‍സ്, ഇന്‍ഷൂറന്‍സ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവയെല്ലാം മന്ത്‌ലി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഉള്‍ക്കൊള്ളുന്നു. 23,248 രൂപ മുതല്‍ മന്ത്‌ലി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആരംഭിക്കുന്നു.


Click it and Unblock the Notifications








