അടുത്ത ചെസ്റ്റ് നമ്പര്‍ 'ഫ്രോങ്ക്‌സ്'? സിഎന്‍ജി വിപണി അടക്കിവാഴാന്‍ മാരുതി
സമീപകാലത്ത് ഏറ്റവും കൂടുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച മാരുതി സുസുക്കിയുടെ മോഡലുകളില്‍ ഒന്നാണ് ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി. മാരുതി സുസുക്കി ജിംനിക്കൊപ്പം 2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അണിനിരത്തിയ കാര്‍ മികച്ച ബുക്കിംഗുമായി വിലപ്രഖ്യാപനത്തിന് മുമ്പേ ഹിറ്റടിച്ചിരിക്കുകയാണ്.
അതിവേഗം വിറ്റഴിക്കപ്പെടുന്ന മറ്റൊരു മോഡലായ മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഈ എസ്‌യുവി അവതരിപ്പിച്ച വേളയില്‍ ഇതിന്റെ CNG പതിപ്പ് പുറത്തിറക്കുന്നതിനെ പറ്റി മാരുതി സൂചനകള്‍ ഒന്നും നല്‍കിയിരുന്നില്ല. പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് ബദല്‍ ഇന്ധനങ്ങളിലേക്ക് അതിവേഗം ചുവടുമാറുന്ന മാരുതിയുടെ ഭാവി പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഫ്രോങ്ക്‌സിനും അവര്‍ CNG ഓപ്ഷന്‍ നല്‍കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. CNG പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂചന നല്‍കിക്കൊണ്ട് എമിഷന്‍ ടെസ്റ്റിംഗ് ഉപകരണങ്ങളുമായി ഫ്രോങ്ക്‌സ് രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ഫ്രോങ്ക്‌സ് CNG-യുടെ ചാരച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഈ വര്‍ഷം ഏപ്രിലില്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് വിപണിയില്‍ എത്തുമെന്നാണ് അറിയുന്നത്. പരീക്ഷണങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനായാല്‍ രണ്ട് പതിപ്പുകളുടെയും ലോഞ്ച് ഒരുമിച്ചാക്കാമെന്നാണ് ആരാധകരുടെ പക്ഷം. മാരുതിയുടെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി ഫ്രോങ്ക്‌സിന്റെ പെട്രോള്‍ പതിപ്പിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ ടോക്കണ്‍ തുക നല്‍കി നിങ്ങള്‍ക്കും ഇപ്പോള്‍ പുത്തന്‍ എസ്‌യുവി ബുക്ക് ചെയ്യാം.
1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT എഞ്ചിന്‍ ആകും മാരുതി ഫ്രോങ്ക്സിന്റെ CNG പതിപ്പിന് തുടിപ്പേകുക. പെട്രോള്‍ മോഡില്‍ ഈ എഞ്ചിന്‍ പരമാവധി 89.73 bhp പവറും 113 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. എന്നാല്‍ CNG മോഡില്‍ ഇട്ടാല്‍ പവര്‍ ഔട്ട്പുട്ടില്‍ കുറവ് രേഖപ്പെടുത്തും. ഈ എഞ്ചിന്റെ കൂടെ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ടെങ്കിലും CNG പതിപ്പില്‍ 5 സ്പീഡ് മാനുവല്‍ മാത്രമാകും ലഭ്യമാകുക.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഫ്രോങ്ക്‌സ് CNG ഞെട്ടിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ ഒന്നായി ഇത് മാറും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ആകും ഫ്രോങ്ക്‌സ് CNG-യിലെ രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍. ഇത് 100 bhp പവറും 147.6 Nm ടോര്‍ക്കും നല്‍കും. 5-സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിച്ചേക്കും. ഡെല്‍റ്റ+ വേരിയന്റ് മുതല്‍ ഈ എഞ്ചിന്‍ ഓപ്ഷന്‍ ഓഫര്‍ ചെയ്യും.
ഡെല്‍റ്റ+ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയാകും ടര്‍ബോ എഞ്ചിനില്‍ ലഭ്യമാകുക. അതേസമയം സീറ്റ, ആല്‍ഫ ട്രിമ്മുകള്‍ക്ക് മാനുവല്‍, ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ടാകും. ഫാക്ടറി ഫിറ്റഡ് S-CNG കാറുകളില്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും മറ്റും ഫ്രോങ്ക്‌സ് CNG-യിലും നിങ്ങള്‍ക്ക് കാണാനായേക്കും.

ഇന്റലിജന്റ് ഇഞ്ചക്ഷന്‍ സിസ്റ്റം, റീ-ട്യൂണ്‍ ചെയ്ത സസ്‌പെന്‍ഷന്‍, സിഎന്‍ജിക്കും പെട്രോളിനും ഇടയില്‍ ഓട്ടോ-സ്വിച്ച്, ഫ്യൂവല്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍, വേഗതയില്‍ സുരക്ഷിതമായി ഇന്ധനം നിറയ്ക്കുന്നതിനുള്ള NGV റിസപ്റ്റാക്കിള്‍ എന്നിങ്ങനെയുള്ള അപ്ഗ്രേഡുകളുമായാകും കാര്‍ എത്തുക. ഇന്ധനം നിറയ്ക്കുന്ന സമയത്ത് എഞ്ചിന്‍ കട്ട്-ഓഫ് ചെയ്യുന്നതടക്കം നിരവധി സുരക്ഷ സവിശേഷതകളും CNG കാറില്‍ മാരുതി ഒരുക്കും. ഡെല്‍റ്റ, ഡെല്‍റ്റ+ ട്രിമ്മുകള്‍ക്കൊപ്പമായിരിക്കും മാരുതി ഫ്രോങ്ക്‌സ് CNG ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കുക.
ട്രിമ്മുകള്‍ക്കനുസരിച്ച് കാറിലെ ഫീച്ചര്‍ ലിസ്റ്റിലും മാറ്റങ്ങള്‍ കണ്ടേക്കും.
എല്‍ഇഡി മള്‍ട്ടി-റിഫ്‌ലെക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോളോ-മീ ഹോം ഫംഗ്ഷനോടുകൂടിയ ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയുള്ള ബോഡി കളര്‍ ഒആര്‍വിഎമ്മുകള്‍, യുവി കട്ട് വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാകും എക്‌സ്റ്റീരിയര്‍ ഡിസൈനിലെ പ്രധാന ഹൈലൈറ്റുകള്‍.
ഡ്യുവല്‍-ടോണ്‍ തീം, പ്രീമിയം ഫാബ്രിക് സീറ്റുകള്‍, എഞ്ചിന്‍ പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടില്‍റ്റ് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ ഒആര്‍വിഎമ്മുകള്‍, സ്മാര്‍ട്ട്‌പ്ലേ പ്രോയോട് കൂടിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ്സ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വോയ്‌സ് കമാന്‍ഡുകള്‍ എന്നീ ഫീച്ചറുകള്‍ അകത്തളത്തില്‍ കാണാം.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇന്‍ഫോഗ്രാഫിക് ഡിസ്‌പ്ലേയുള്ള റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡീഫോഗര്‍, ആന്റി-തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് നിയന്ത്രണ സംവിധാനം, മാനുവല്‍ ഡേ/നൈറ്റ് റിയര്‍ വ്യൂ മിറര്‍ എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടും. കോംപാക്ട് എസ്‌യുവി സെഗ്‌മെന്റില്‍ ബ്രെസക്ക് ഇതിനോടകം മാരുതി CNG ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ബ്രെസയേക്കാള്‍ അഴകുറ്റ ഫ്രോങ്ക്‌സിന്റെ CNG പതിപ്പിനും ആളെ കൂട്ടാനാകുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
Source: Rushlane


Click it and Unblock the Notifications