മാരുതിയില്‍ 'ആഭ്യന്തര യുദ്ധം' രൂക്ഷം; ജനപ്രിയനെ പിന്നിലാക്കി ഫ്രോങ്ക്‌സിന്റെ അത്ഭുത വളര്‍ച്ച
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനോ. പ്രീമിയം ഹാച്ച്ബാക്ക് കാറാണിത്. ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20 എന്നീ വമ്പന്‍മാരുമായി പോരടിച്ച് ഓരോ മാസവും വമ്പന്‍ വില്‍പ്പനയാണ് ബലേനോ മാരുതിക്ക് നേടിക്കൊടുക്കുന്നത്. ബലേനോയെ അടിസ്ഥാനമാക്കി ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഒരു ക്രോസ്ഓവര്‍ എസ്‌യുവി മാരുതി അവതരിപ്പിച്ചു.
ഫ്രോങ്ക്‌സ് എന്ന് പേരിട്ട മോഡല്‍ മാരുതി സുസുക്കി ഏപ്രില്‍ അവസാനത്തോടെ പുറത്തിറക്കുകയും ചെയ്തു. കൂപ്പെ എസ്‌യുവി ശൈലിയിലുള്ള മാരുതി സുസുക്കി ഫ്രാങ്ക്സിന്റെ വരവ് വില്‍പ്പനയുടെ കാര്യത്തില്‍ മാരുതി സുസുക്കി ബലേനോക്ക് പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫ്രോങ്ക്സ് പുറത്തിറക്കുന്നതിന് മുമ്പ് മാരുതി സുസുക്കി ബലേനോയ്ക്ക് പ്രതിദിനം 830 ബുക്കിംഗുകള്‍ വരെ ലഭിച്ചിരുന്നതായാണ് പറയപ്പെടുന്നത്.

എന്നാല്‍ മാരുതി സുസുക്കി ഫ്രോങ്ക്സ് പുറത്തിറങ്ങിയതോടെ പ്രതിദിന ബുക്കിംഗ് എണ്ണം 700 ആയി കുറഞ്ഞു. മാരുതി സുസുക്കി ബലേനോ വാങ്ങാന്‍ ആലോചിച്ചിരുന്ന പലരും മാരുതി സുസുക്കി ഫ്രോങ്ക്‌സ് വന്നതോടെ മാറിചിന്തിക്കാന്‍ തുടങ്ങിയെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. നിലവില്‍ പ്രതിദിനം മാരുതി സുസുക്കി ഫ്രോങ്ക്സിന് 550 ബുക്കിംഗുകള്‍ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വരും മാസങ്ങളില്‍ ഈ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ കലണ്ടര്‍ വര്‍ഷം അവസാനത്തേടെ ഫ്രോങ്ക്‌സ് ബലേനോയെ മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനോടകം ഹിറ്റായി മാറിയ ഫ്രോങ്ക്‌സ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയില്‍ ഇടംനേടിയിരുന്നു. 7.46 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഫ്രോങ്ക്‌സ് എസ്‌യുവി മാരുതി സുസുക്കി പുറത്തിറക്കിയിരിക്കുന്നത്. ഫ്രോങ്ക്‌സിന്റെ റേഞ്ച് ടോപിംഗ് വേരിയന്റിന് 13.13 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

മാരുതി സുസുക്കി ഫ്രോങ്ക്‌സ് 2 എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനുകളില്‍ ഈ കാര്‍ വാങ്ങാം. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.അതേസമയം 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് വരുന്നത്.
ഫ്രോങ്ക്‌സിന്റെ സിഗ്മ, ഡെല്‍റ്റ വേരിയന്റുകള്‍ സിഎന്‍ജി കിറ്റോടെയും വാങ്ങാന്‍ സാധിക്കും. സിഗ്മ വേരിയന്റിന് 8.41 ലക്ഷം രൂപയും ഡെല്‍റ്റ വേരിയന്റിന് 9.27 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പെട്രോള്‍ മാനുവല്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ 95,000 രൂപ മാത്രമാണ് കൂടുന്നത്. കിലോഗ്രാമിന് 28.51 കിലോമീറ്ററാണ് ഇന്ധനക്ഷമതയാണ് ഫ്രോങ്ക്സ് സിഎന്‍ജി അവകാശപ്പെടുന്നത്.
7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫേര്‍മേഷന്‍ ഡിസ്പ്ലേ, കീലെസ് എന്‍ട്രി, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ORVM, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, 3 പോയിന്റ് സീറ്റ്ബെല്‍റ്റുകള്‍, എന്നിങ്ങനെ ഒന്നിലധികം പ്രീമിയം ഫീച്ചറുകളും ഫ്രോങ്ക്സ് വാഗ്ദാനം ചെയ്യുന്നു.
ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റുകള്‍, 6 എയര്‍ബാഗുകള്‍, ഹെഡ്സ് അപ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ എന്നീ ഫീച്ചറുകള്‍ ലഭിക്കും. മാരുതി സുസുക്കി ഫ്രാങ്ക്സിന്റെ വരവ് മാരുതി സുസുക്കി ബലേനോയുടെ മാത്രമല്ല സബ് 4 മീറ്റര്‍ എസ്‌യുവികളുടെ വില്‍പ്പനയിലും വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.
മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ കാറുകള്‍ക്കും ഫ്രോങ്ക്‌സിന്റെ വരവ് വെല്ലുവിളിയായിട്ടുണ്ട്. അധികം വൈകാതെ ടൊയോട്ട ഫ്രോങ്ക്‌സിന്റെ റീബാഡ്ജ്ഡ് പതിപ്പ് വിപണിയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എന്നായിരിക്കും ഇതിന് പേര് ലഭിച്ചേക്കുക. രണ്ട് ബ്രാന്‍ഡുകളില്‍ നിന്ന ഇതുവരെ പുറത്തിറങ്ങിയ ക്രോസ് ബാഡ്ജ്ഡ് മോഡുകള്‍ പോലെ ചില്ലറ പരിഷ്‌കാരങ്ങളുമായാകും ടൊയോട്ടയുടെ ഫ്രോങ്ക്‌സ് എത്തുക.


Click it and Unblock the Notifications