ഇത്രയും മൈലേജ് തരുന്ന എസ്‌യുവിയോ! മാരുതി ഷോറൂമിന് മുന്നിൽ കൂട്ടംകൂടി ജനങ്ങള്‍; വില്‍പ്പന കുതിക്കുന്നു
ഇന്ത്യയില്‍ ഏറ്റവും കിടമത്സരം നടക്കുന്ന സെഗ്‌മെന്റാണ് മിഡ്‌സൈസ് എസ്‌യുവികളുേടത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നീ വമ്പന്‍മാര്‍ അടക്കി വാണിരുന്ന സെഗ്‌മെന്റിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടുതല്‍ മോഡലുകള്‍ അരങ്ങേറി. കഴിഞ്ഞ സെപ്റ്റംബറില്‍ അരങ്ങേറിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടൊയോട്ട ഹൈറൈഡറും ചുരുങ്ങിയ കാലം കൊണ്ട് കളം നിറഞ്ഞു.
ഇവരെ കൂടാതെ ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഹോണ്ട എലിവേറ്റും സിട്രണ്‍ C3 എയര്‍ക്രോസും കളത്തിലുണ്ട്. സെഗ്‌മെന്റ് ലീഡര്‍ ഇപ്പോഴും ക്രെറ്റയാണെങ്കിലും രണ്ടാം സ്ഥാനത്തിന് കടിപിടികൂടുകയാണ് സെല്‍റ്റോസും ഗ്രാന്‍ഡ് വിറ്റാരയും. ഒന്ന് രണ്ട് മാസം സെല്‍റ്റോസിനെ പിന്തള്ളി ഗ്രാന്‍ഡ് വിറ്റാര രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

എന്നാല്‍ അടുത്ത കാലത്തായി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയതോടെ മത്സരം അതിന്റെ പാരമ്യത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ഏവയെും ഞെട്ടിച്ച് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ഒരു വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. പുറത്തിറക്കി 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന അഭിമാന നേട്ടമാണ് ഗ്രാന്‍ഡ് വിറ്റാര സ്വന്തമാക്കിയത്. 2022 സെപ്റ്റംബര്‍ 26-നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ മിഡ്‌സൈസ് എസ്‌യുവി വിപണിയില്‍ എത്തിച്ചത്.
2023 ഓഗസ്റ്റ് 31 വരെ മാരുതി സുസുക്കി 99,317 ഗ്രാന്‍ഡ് വിറ്റാര കാറുകള്‍ വിറ്റഴിച്ചിരുന്നു. ഈ സെപ്റ്റംബര്‍ ആദ്യത്തോടെ വില്‍പ്പന ഒരു ലക്ഷം എന്ന നാഴികക്കല്ല് താണ്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. 2023 മാര്‍ച്ചില്‍ ഗ്രാന്‍ഡ് വിറ്റാര ആദ്യമായി ഒരു മാസത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന നേടി. 11,818 യൂണിറ്റ് വിറ്റ് 2023 ഓഗസ്റ്റ് മാസം ഗ്രാന്‍ഡ് വിറ്റാര സ്വന്തം പേരിലാക്കി.

ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ലെങ്കിലും ക്രെറ്റ, സെല്‍റ്റോസ് എന്നിവക്ക് ലോഞ്ച് ചെയ്തത് മുതല്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചിരുന്നു. ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്. ഹൈബ്രിഡ് ടെക് കാരണം ഉയര്‍ന്ന മൈലേജ് ലഭിക്കുന്നത് മോഡലിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കി.
നിലവില്‍ ആകെ 2 എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവക്കൊപ്പം സിഎന്‍ജി പതിപ്പും ലഭ്യമാണ്. എര്‍ട്ടിഗ, ബ്രെസ, XL6 എന്നിവക്ക് തുടിപ്പേകുന്ന അതേ 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.
ഗ്രാന്‍ഡ് വിറ്റാരയില്‍ ഈ എഞ്ചിന്‍ പരമാവധി 103 bhp കരുത്തും 138 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഇത് ലഭ്യമാണ്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ വേരിയന്റുകളിലാണ് ഗ്രാന്‍ഡ് വിറ്റാര വാങ്ങാന്‍ സാധിക്കുന്നത്. എസ്‌യുവിയിലെ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്ന ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംയോജിതമായി 115 bhp പവര്‍ നല്‍കുന്നു.
ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പ് ഡെല്‍റ്റ, സീറ്റ വേരിയന്റുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് വാങ്ങാന്‍ സാധിക്കുക. ഇതില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മാനുവല്‍ ഗിയര്‍ ബോക്സ് മോഡല്‍ ലിറ്ററിന് 21.11 കിലോമീറ്ററും മാനുവല്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ലിറ്ററിന് 19.38 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് മോഡല്‍ ലിറ്ററിന് 20.58 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.
അതേസമയം, ഹൈബ്രിഡ് എഞ്ചിന്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു. സിഎന്‍ജി പതിപ്പ് കിലോയ്ക്ക് 26.6 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 10.70 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ്‌ഷോറൂം വില. വരാനിരിക്കുന്ന ഉത്സവ സീസണില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നായ ഗ്രാന്‍ഡ് വിറ്റാര വില്‍പ്പന ഇനിയും ഉയര്‍ത്തുമെന്ന് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








