രണ്ട് കുടുംബത്തിന് സുഖസുന്ദരമായി പോകാം; മാരുതിയുടെ 'ഇന്നോവ' ഇപ്പോള്‍ ബുക്ക് ചെയ്യാം
മാസ് മാര്‍ക്കറ്റ് മോഡലുകളിലൂടെ വിപണി പിടിച്ചടക്കിയ മാരുതി സുസുക്കിയുടെ പ്രീമിയം ഉല്‍പ്പന്നമായ ഇന്‍വിക്റ്റോ (Maruti Suzuki Invicto ) അടുത്ത മാസം പുറത്തിറങ്ങാന്‍ പോകുകയാണ്. മുന്‍നിര മോഡലായി മാറുന്ന ഇന്‍വിക്റ്റോ ആയിരിക്കും കമ്പനിയുടെ വാഹന നിരയിലെ ഏറ്റവും വില കൂടിയ മോഡല്‍.
ഇപ്പോള്‍ വാഹനത്തിന്റെ ബുക്കിംഗ് ജാലകം (Maruti Suzuki Invicto booking) തുറന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. 25,000 രൂപ ടോക്കണ്‍ തുക നല്‍കി പ്രീമിയം എംപിവി ഇപ്പോള്‍ ബുക്ക് ചെയ്യാം. ജൂലൈ അഞ്ചിനാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോയുടെ അവതരണം. പിന്നാലെ തന്നെ ഡെലിവറിയും ആരംഭിക്കും. മാരുതി എന്‍ഗേജ് എന്നായിരിക്കും എംപിവിയുടെ പേരെന്നായിരുന്നു തുടക്കം മുതല്‍ കരുതിപ്പോന്നിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മോഡലിന്റെ പേര് ഇന്‍വിക്റ്റോ എന്നായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിക്കുകയായിരുന്നു.

20 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ മോഡല്‍ കൂടിയായിരിക്കുമിത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പായതിനാല്‍ തന്നെ കാര്‍ പ്രേമികളെല്ലാം മാരുതിയുടെ 'ഇന്നോവ'ക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മാരുതിയുടെ കാറുകള്‍ പൊതുവെ ടൊയോട്ടയുടെ കുപ്പായമണിഞ്ഞെത്തുന്നത് പതിവാണെങ്കിലും ഇക്കുറി നേരെ തിരിച്ചാണ് സംഭവിക്കുന്നത്.
ടൊയോട്ട മാരുതി സുസുക്കിക്ക് ഇന്‍വിക്‌റ്റോ നിര്‍മ്മിച്ച് വിതരണം ചെയ്യും. ടൊയോട്ട മാരുതിക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്നോവ ഹൈക്രോസിന്റെ 9,000 മുതല്‍ 10,000 യൂണിറ്റുകള്‍ നല്‍കുമെന്നാണ് കരാര്‍. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഘലയായ നെക്സ വഴിയാണ് വില്‍പ്പന. ടൊയോട്ടയുടെ TNGA-C പ്ലാറ്റ്ഫോമിലാണ് എംപിവിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും മാരുതി സുസുക്കിയുടെ ശൈലി പിന്തുടരാനായി ഗ്രില്ലിലും അലോയ് വീലിലുമെല്ലാം ചെറിയ പരിഷ്‌ക്കാരങ്ങളുമായാവും ഇന്‍വിക്‌റ്റോ പണികഴിപ്പിക്കുക.

ഇന്‍വിക്‌റ്റോക്ക് വ്യത്യസ്തമായ അപ്ഹോള്‍സ്റ്ററിയും ഫീച്ചര്‍ ലിസ്റ്റും ഉണ്ടാകുമെന്നാണ് സൂചനകള്‍. ഇന്‍വിക്റ്റോ എംപിവി 7, 8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലായിരിക്കും വില്‍പ്പനക്കെത്തുക. വേരിയന്റ് ലൈനപ്പിലും മാറ്റമുണ്ടാകും. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, കണക്റ്റഡ് കാര്‍ ടെക്, പനോരമിക് സണ്‍റൂഫ് എന്നിവയുള്‍പ്പെടെ ഫീച്ചര്‍ സമ്പന്നമായിട്ടാകും ഇന്‍വിക്റ്റോായുടെ വരവ്.
ADAS ലഭിക്കുന്ന ആദ്യത്തെ മാരുതി വാഹനമെന്ന ഖ്യാതിയും ഇന്‍വിക്‌റ്റോ സ്വന്തമാക്കും. ടൊയോട്ട സേഫ്റ്റി സെന്‍സ് 3.0 (TSS) എന്നറിയപ്പെടുന്ന ഈ സംവിധാനത്തില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ക്രാഷ് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രീ-കൊളീഷന്‍ സിസ്റ്റം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ലഭ്യമാവുക.
183 bhp പവറുള്ള ഹൈക്രോസിന്റെ 2.0 ലിറ്റര്‍ സ്ട്രോംഗ്-ഹൈബ്രിഡ് എഞ്ചിനാവും ഇന്‍വിക്‌റ്റോയിലും പ്രവര്‍ത്തിക്കുക. ഇ-സിവിടി ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുക. ടൊയോട്ട ഹൈക്രോസില്‍ ലിറ്ററിന് 21 കിലോമീറ്ററാണ് മൈലേജ് അവകാശപ്പെടുന്നത്. ഇന്‍വിക്‌റ്റോക്കും സമാനമായ ഇന്ധനക്ഷമത മാരുതി ഉറപ്പ് നല്‍കിയേക്കും. അതേസമയം 173 bhp കരുത്തുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാരുതി പുത്തന്‍ പ്രീമിയം എംപിയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് സിവിടി ട്രാന്‍സ്മിഷനുമായാണ് വരുന്നത്. ചുരുക്കി പറഞ്ഞാല്‍ മാരുതി ഇന്‍വിക്ടോ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രം നല്‍കുന്ന കമ്പനിയുടെ ആദ്യത്തെ വാഹനം കൂടിയാവും. മാരുതിയുടെ മോഡല്‍ നിരയില്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് മുകളിലായിരിക്കും ഇന്‍വിക്റ്റോയുടെ സ്ഥാനം. 18.55 ലക്ഷം മുതല്‍ 29.99 ലക്ഷം രൂപ വരെയാണ് ഹൈക്രോസിന്റെ എക്സ്ഷോറൂം വില. ഇന്‍വിക്ടോയുടെ വിലയും ഇതേ റേഞ്ചില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയുടെ കാര്യത്തില്‍ മാരുതി വല്ല ട്വിസ്റ്റും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അടുത്ത മാസം അറിയാം.


Click it and Unblock the Notifications








