24 കി.മീ മൈലേജ് മാത്രമല്ല, വേറെയുമുണ്ട്... മാരുതിയുടെ സിംഹരാജനെ അടുത്തറിയാം
ഇന്‍വിക്‌റ്റോ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം 'അപരാജിതമായ' എന്നതാണ്. റീബാഡ്ജ് ചെയ്യുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിന് എല്ലാ അര്‍ത്ഥത്തിലും യോജിക്കുന്ന ഒരു പേരിനായുള്ള മാരുതിയുടെ തെരച്ചില്‍ ചെന്നവസാനിച്ചത് ഇന്‍വിക്‌റ്റോയിലായിരുന്നു. ബുധനാഴ്ച (05 ജൂലൈ 2023) പുറത്തിറക്കിയ മാരുതിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഇന്‍വിക്‌റ്റോയെ (Maruti Suzuki Invicto) കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ അഞ്ച് കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.
വേരിയന്റും വിലയും: സീറ്റ പ്ലസ് (8 സീറ്റര്‍), സീറ്റ പ്ലസ് (7 സീറ്റര്‍), ആല്‍ഫ പ്ലസ് (7 സീറ്റര്‍) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എംപിവി വിപണിയില്‍ എത്തിയത്. സീറ്റ പ്ലസ് 7 സീറ്റര്‍ ആണ് എന്‍ട്രി ലെവല്‍ വേരിയന്റ്.

24.79 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. 5,000 രൂപ കൂടി അഥവാ 24.84 ലക്ഷം രൂപ മുടക്കിയാല്‍ സീറ്റ പ്ലസ് 8 സീറ്റര്‍ സ്വന്തമാക്കാം. ഇന്‍വിക്ടോ എംപിവിയുടെ റേഞ്ച് ടോപ്പിംഗ് വേരിയന്റായ ആല്‍ഫ പ്ലസ് വേരിയന്റിന് 28.42 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ഡിസൈന്‍: റീബാഡ്ജ്ഡ് പതിപ്പാകുമ്പോള്‍ ചുമ്മാ ലോഗോ മാറ്റി നല്‍കിയാല്‍ പോരെ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇന്നോവ ഹൈക്രോസില്‍ നിന്ന് ഇന്‍വിക്‌റ്റോയെ വേര്‍തിരിച്ചറിയാന്‍ മാരുതിയുടെ ഡിസൈന്‍ ടീം അത്യാവശ്യം വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. വ്യത്യസ്തമായ എല്‍ഇഡി ഹെഡ്ലൈറ്റുകളും എല്‍ഇഡി ടെയില്‍ലാമ്പുകളും റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് ബമ്പറുകളും ചെറുതായി ഉയര്‍ത്തിയ പിന്‍ ബമ്പറുകളും ഉള്‍പ്പെടെ നിരവധി ഡിസൈന്‍ മാറ്റങ്ങള്‍ ഇന്‍വിക്‌റ്റോയില്‍ പ്രകടമാണ്.

മാരുതിയുടെ മറ്റ് നെക്‌സ മോഡലുകള്‍ക്ക് സമാനമാക്കി മാറ്റാനും ഇതുവഴി സാധിക്കുന്നു. അകത്തേക്ക് കടന്നാല്‍ ഷാംപെയ്ന്‍ ഗോള്‍ഡ് ആക്സന്റുകളോട് കൂടിയ ബ്ലാക്ക് ഇന്റീരിയര്‍ തീമും ഇന്‍വിക്‌റ്റോയില്‍ മാരുതി അവതരിപ്പിക്കുന്നു. നാല് കളര്‍ ഓപ്ഷനുകളിലാണ് ഇന്‍വിക്‌റ്റോ ഓഫര്‍ ചെയ്യുന്നത്. നെക്‌സ ബ്ലു, മജസ്റ്റിക് സില്‍വര്‍, മിസ്റ്റിക് വൈറ്റ്, സ്‌റ്റെല്ലര്‍ ബ്രോണ്‍സ് എന്നിവയാണ് നിറങ്ങള്‍.
ഫീച്ചറുകള്‍: വലിയ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പവര്‍ഡ് ടെയില്‍ഗേറ്റ്, കണക്റ്റഡ് കാര്‍-ടെക് എന്നിവയടക്കം ഫീച്ചറുകളുടെ നിര തന്നെ എംപിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സേഫ്റ്റി ഫീച്ചറുകള്‍: സുരക്ഷ വശത്ത് പുതിയ മാരുതി സുസുക്കി ഇന്‍വിക്‌റ്റേ എംപിവിയില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ABS, EBD, ട്രാക്ഷന്‍ കണ്‍ട്രോള്‍, പ്രീ-കൊളിഷന്‍ സിസ്റ്റം, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്റര്‍ എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ഇന്നോവ ഹൈക്രോസില്‍ ADAS ലഭിക്കുമ്പോള്‍ ഇന്‍വിക്‌റ്റോയില്‍ അത് അപ്രത്യക്ഷമാകുന്നുവെന്നത് ഒരു പോരായ്മയാണ്. വില താങ്ങിനിര്‍ത്താനായി മാരുതി ADAS ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പവര്‍ട്രെയിന്‍:ടൊയോട്ട ഇന്നോവ ഹൈക്രോസില്‍ നിന്ന് വ്യത്യസ്തമായി പുതിയ മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എംപിവി ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനിലാണ് എത്തുക. സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാത്രമാണ് മാരുതി കാറില്‍ വാഗ്ദാനം ചെയ്യുന്നത്. 2.0-ലിറ്റര്‍, 4-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ്, അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് പ്രവര്‍ത്തിക്കും. സംയുക്തമായി ഇവ 184.8 bhp പവറും 206 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

ടൊയോട്ട ഇന്നോവ ഹൈക്രോസിലെ പോലെ ഇന്‍വിക്‌റ്റോയില്‍ മാനുവല്‍ ഗിയര്‍ബോക്സ് വേരിയന്റില്ല. eCVT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുക. ഇന്‍വിക്‌റ്റോയിലൂടെ ഉടനടി വമ്പന്‍ വില്‍പ്പന ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ പ്രീമിയം കസ്റ്റമേഴ്‌സിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ സാധിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്ന ഉറപ്പ് ബ്രാന്‍ഡിനുണ്ട്.


Click it and Unblock the Notifications