23.24 കി.മീ മൈലേജ്! മാരുതി ഇന്‍വിക്‌റ്റോ എത്തുക ഈ ഒരൊറ്റ വേരിയന്റില്‍
ജൂലൈ മാസം ഒരുപിടി വമ്പന്‍ ലോഞ്ചുകള്‍ക്കാണ് ഇന്ത്യന്‍ വാഹന രംഗം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ജൂലൈ അഞ്ചിന് മാരുതി സുസുക്കി അവരുടെ മുന്‍നിര മോഡലായ ഇന്‍വിക്‌റ്റോ വിപണിയിലിറക്കാന്‍ പോകുകയാണ്. പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സ വഴി വിപണനം ചെയ്യുന്ന ഇന്‍വിക്‌റ്റോയുടെ ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു.
25,000 രൂപ ടോക്കണ്‍ തുക നല്‍കി പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനം (MPV) ഇപ്പോള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. എന്നാല്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പിനെ സംബന്ധിച്ച് ഒരു സുപ്രധാന വിവരം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒരു വേരിയന്റില്‍ മാത്രമാകും മാരുതി ഇന്‍വിക്‌റ്റോ ഇപ്പോള്‍ വില്‍പ്പനക്കെത്തുക. സ്‌ട്രോംഗ് ഹൈബ്രിഡ് ആല്‍ഫ+ 2L വേരിയന്റില്‍ മാത്രമാകും എംപിവി ഓഫര്‍ ചെയ്യുകയെന്നാണ് നെക്‌സ എക്‌സ്പീരിയന്‍സിന്റെ ബുക്കിംഗ് പേജ് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

അത് കൂടാതെ ഒരു നിറത്തില്‍ മാത്രമാകും ഇത് ലഭ്യമാകുക. നെക്സ ബ്ലൂ നിറത്തിലാകും വാഹനം പുറത്തിറങ്ങുക. ഒപ്പം 7 സീറ്റര്‍ ലേഔട്ടിലാകും കാര്‍ എത്തുക. അതായത് മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ഉണ്ടായിരിക്കും. അവ ഒരു സൈഡ് ടേബിളും വാക്ക്-ഇന്‍ സ്ലൈഡ് ഫംഗ്ഷനുമായി വരും. 181 bhp പവറും 188 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന് കരുത്ത് പകരുക.
206 Nm ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കും. ഇതേ എഞ്ചിന്‍ തന്നെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് പതിപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹൈക്രോസ് ഹൈബ്രിഡ് ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ ഇന്ധനക്ഷമത തന്നെ ഇന്‍വിക്‌റ്റോയും ഉറപ്പ് നല്‍കിയേക്കും.
ടൊയോട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിലാണ് എംപിവിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. കൂടാതെ ഈ പ്രീമിയം എംപിവിയും ഫ്രണ്ട് വീല്‍ ഡ്രൈവില്‍ മാത്രമായിരിക്കും എത്തുക. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും മാരുതി സുസുക്കിയുടെ ശൈലി പിന്തുടരാനായി ഗ്രില്ലിലും അലോയ് വീലിലുമെല്ലാം ചെറിയ പരിഷ്‌ക്കാരങ്ങളുമായാവും ഇന്‍വിക്റ്റോ പണികഴിപ്പിക്കുക. ഇന്‍വിക്റ്റോക്ക് വ്യത്യസ്തമായ അപ്‌ഹോള്‍സ്റ്ററിയും ഫീച്ചര്‍ ലിസ്റ്റും ഉണ്ടാകുമെന്നാണ് സൂചനകള്‍.
ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പനോരമിക് സണ്‍റൂഫ്, ലെതര്‍ അപ്ഹോള്‍സ്റ്ററി, എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും, വെല്‍ക്കം ലൈറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഇന്‍വിക്ടോ എത്തുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉണ്ടാകും.
ADAS ലഭിക്കുന്ന ആദ്യത്തെ മാരുതി വാഹനമെന്ന ഖ്യാതിയും ഇന്‍വിക്റ്റോ സ്വന്തമാക്കും. ടൊയോട്ട സേഫ്റ്റി സെന്‍സ് 3.0 (TSS) എന്നറിയപ്പെടുന്ന ഈ സംവിധാനത്തില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ക്രാഷ് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രീ-കൊളീഷന്‍ സിസ്റ്റം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ലഭ്യമാവുക. സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റില്‍ മാത്രം വാഗ്ദാനം ചെയ്യുമ്പോള്‍ അത് വാഹനത്തിന്റെ വിലയിലും പ്രതിഫലിക്കും.
ഏകദേശം 26 മുതല്‍ 28 ലക്ഷം രൂപ വരെയാണ് മാരുതി ഇന്‍വിക്‌റ്റോയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന മാരുതിയുടെ ഇന്ത്യയിലെ ആദ്യ മോഡല്‍ കൂടിയായിരിക്കുമിത്. ഈ പ്രൈസ് റേഞ്ചില്‍ ഇന്‍വിക്‌റ്റോ ഇന്നോവ ഹൈക്രോസിനും കിയ കാര്‍ണിവലിനുമെതിരെയാണ് പോരാടുക. ടൊയോട്ട മാരുതിക്ക് ഇന്‍വിക്റ്റോ നിര്‍മ്മിച്ച് വിതരണം ചെയ്യും. മാരുതിക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ 9,000 മുതല്‍ 10,000 യൂണിറ്റുകള്‍ നല്‍കുമെന്നാണ് കരാര്‍.


Click it and Unblock the Notifications








