പോക്കറ്റ് കാലിയാക്കില്ല...!!! ലോഞ്ചിന് മുന്നോടിയായി ജിംനിയുടെ മൈലേജ് വെളിപ്പെടുത്തി മാരുതി
ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ആദ്യമായി ജിംനി ഫൈവ് ഡോർ പതിപ്പ് അവതരിപ്പിച്ചത്. പുതിയ ജിംനി ഫൈവ് ഡോറിന്റെ പല വിശദാംശങ്ങളും അന്ന് തന്നെ ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വാഹനത്തിന്റെ മൈലേജ് കണക്കുകൾ പങ്കുവെച്ചിരുന്നില്ല.
എന്നിരുന്നാലും, ജൂണിലെ ലോഞ്ചിന് മുന്നോടിയായി മീഡിയ ഡ്രൈവിൽ മാരുതി സുസുക്കി പരുക്കൻ ഓഫ്റോഡ് എസ്‌യുവിയുടെ മൈലേജ് കണക്കുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. 105 bhp മാക്സ് പവറും 134.2 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15B എഞ്ചിനാണ് ജിംനി ഫൈവ് ഡോറിന് കരുത്തേകുന്നത്.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴിയാണ് നാല് വീലുകളിലേക്കും പവർ എത്തുന്നത്. മാനുവൽ ട്രാൻസ്ഫർ കേസുള്ള സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്സും വാഹനത്തിന് ലഭിക്കുന്നു. സീറ്റ, ആൽഫ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ജിംനി വരുന്നത്.
ജിംനി ഫൈവ് ഡോറിൽ വരുന്ന മാനുവൽ ഗിയർബോക്‌സ് മോഡൽ ലിറ്ററിന് 16.94 കിലോമീറ്റർ മൈലേജ് നൽകുന്നു, അതേസമയം ഓട്ടോമാറ്റിക് ഗിയർബോക്‌സ് പതിപ്പ് ലിറ്ററിന് 16.39 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. 40 ലിറ്റർ ഫ്യുവൽ ടാങ്കുള്ള ജിംനി മാനുവലിന് ഫുൾ ടാങ്ക് ഫ്യുവലിൽ 678 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും, അതേസമയം ഓട്ടോമാറ്റിക് പതിപ്പിന് 656 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. വാഹനത്തിന്റെ റിയൽ വേൾഡ് റേഞ്ച് ഈ കണക്കുകളേക്കാൾ അല്പം വ്യത്യസ്തമായിരിക്കാം.

ഓഫ്റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവിയുടെ ബുക്കിംഗ് ഈ വർഷം ആദ്യം മാരുതി സുസുക്കി ആരംഭിച്ചിരുന്നു. ഇതിനോടകം ഏകദേശം 30,000 ബുക്കിംഗുകൾ ജിംനി നേടിയതായി കാർ നിർമ്മാതാക്കൾ വ്യക്തമാക്കി. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ മാനുവൽ വേരിയന്റുകളുടെ കാത്തിരിപ്പ് കാലാവധി ആറ് മാസം വരെ നീളും, അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് എട്ട് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
36 ഡിഗ്രി അപ്രോച്ച് ആംഗിൾ, 24 ഡിഗ്രി റാംപ് ബ്രേക്ക്ഓവർ ആംഗിൾ, 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, ആകർഷകമായ 210 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ജിംനിയുടെ ഓഫ്-റോഡ് കഴിവുകൾ വർധിപ്പിക്കുന്നത്. വാഹനത്തിന് 3985 mm നീളവും 1645 mm വീതിയും 1720 mm ഉയരവുമുണ്ട്. വീൽബേസ് 2590 mm ആണ്.

ഫൈവ് സീറ്റർ കോൺഫിഗറേഷനിലാണ് വാഹനം വരുന്നത് എങ്കിലും നാല് പേർക്കാണ് വളരെ സുഖകരമായി ഇരിക്കാനാവുന്നത്. 208 ലിറ്ററാണ് നോർമലായി ജിംനിയ്ക്ക് ലഭിക്കുന്ന ബൂട്ട്സ്പെയ്, പിന്നിലെ സീറ്റുകൾ മടക്കി ഇത് 332 ലിറ്ററായി വർധിപ്പിക്കാനുമാവും. ഇന്ത്യയിലെ തന്റെ മുൻഗാമിയായ ജിപ്‌സിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിംനി തിളങ്ങുന്ന ഒരു മേഖല എന്നത് ഫീച്ചർ റിച്ച് ഇന്റീരിയറിലാണ്.
ജിപ്സിക്ക് പവർ സ്റ്റിയറിങ്ങോ എസിയോ ഒന്നും ഉണ്ടായിരുന്നില്ല, എന്നാൽ ജിംനിക്ക് എസി, പവർ സ്റ്റിയറിംഗ് എന്നിവയും മറ്റ് അനവധി സവിശേഷതകളും ലഭിക്കുന്നു. ടോപ്പ് സ്പെക്ക് ആൽഫ ട്രിം, ഹെഡ്‌ലാമ്പ് വാഷർ, ഓട്ടോ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലൈറ്റുകൾ, യുവി കട്ട് ഗ്ലാസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് & ഫോൾഡ് ചെയ്യാവുന്ന ORVM -കൾ, റിയർ വാഷറും വൈപ്പറും, റിയർ ഡിഫോഗർ തുടങ്ങിയവ ലഭിക്കുന്നു.
കൂടാതെ ആറ് എയർബാഗുകൾ, ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ABS, EBD, ESP, ഹിൽ ഹോൾഡ്, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ എന്നീ ഫീച്ചറുകളുമായി വരുന്നു. ഈ മാസം ആദ്യം, ഗുരുഗ്രാമിലെ പ്ലാന്റിൽ നിന്ന് മാരുതി സുസുക്കി ആദ്യത്തെ ജിംനി ഫൈവ്-ഡോർ പുറത്തിറക്കിയിരുന്നു.
ഇന്ത്യ സ്പെക്ക് ജിംനിയുടെ വില ജൂൺ ആദ്യവാരം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. അതിനാൽ തന്നെ, ലോഞ്ച് ചെയ്യുമ്പോൾ ജിംനി ഫൈവ്-ഡോർ മോഡലിന് നേരിട്ട് എതിരാളികളുണ്ടാകില്ല. എന്നിരുന്നാലും, വാഹനത്തിന്റെ വില നിർണ്ണയവും, ഓഫ്-റോഡിംഗ് കഴിവും കണക്കിലെടുക്കുമ്പോൾ, ജിംനി ഫൈവ് ഡേർ ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയുമായി മത്സരിക്കും.


Click it and Unblock the Notifications








