വില വ്യത്യാസം 3 ലക്ഷം രൂപയോളം! ജിംനി വാങ്ങാന്‍ ഇതിലും നല്ല സമയമില്ല
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സ്‌പോര്‍ട് യൂടിലിറ്റി വാഹന വിഭാഗത്തെ പിടിച്ചുകുലുക്കിക്കൊണ്ട് മാരുതി സുസുക്കിയുടെ (Maruti Suzuki) പ്രഖ്യാപനം വന്നത്. രണ്ട് ലക്ഷത്തോളം കുറവില്‍ 5 ഡോര്‍ ജിംനി ലൈഫ് സ്‌റ്റൈല്‍ എസ്‌യുവിക്ക് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചുകൊണ്ടായിരുന്നു മാരുതി എതിരാളികളെ ഞെട്ടിച്ചത്.
എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്കുള്ള ഓഫറുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഈ വണ്ടി വാങ്ങാന്‍ പറ്റിയ ഏറ്റവും മികച്ച സമയം ഇതാണെന്ന് പറയാം. എല്ലാകാലത്തും വിപണിയുടെ ട്രെന്‍ഡ് മനസ്സിലാക്കി പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ അഗ്രഗണ്യന്‍മാരാണ് മാരുതി സുസുക്കി. മഹീന്ദ്ര ഥാറുമായുള്ള പോരാട്ടത്തില്‍ ജിംനിക്ക് വേണ്ടത്ര ഗ്രിപ്പ് കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയ കാര്‍ നിര്‍മാതാവ് വില്‍പ്പന ഉയര്‍ത്താനായാണ് അഭൂതപൂര്‍വമായ വിലക്കുറവും പുതിയ വേരിയന്റും പ്രഖ്യാപിച്ചത്.

ജിംനി എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് പരിമിതമായ കാലയളവിലേക്ക് 2 ലക്ഷം രൂപ വില കുറക്കുകയും ചെയ്തതോടെ എതിരാളികളുടെ കണ്ണുതള്ളിയിരുന്നു. ജിംനിയുടെ എന്‍ട്രി ലെവല്‍ സീറ്റ MT വേരിയന്റ് 12.74 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയത്. ദീപാവലി സമയത്ത് ഈ വേരിയന്റിന് ഏകദേശം 1 ലക്ഷം രൂപ ഡിസ്‌കൗണ്ടിട്ടിരുന്നു. എന്നാലിപ്പോള്‍ 10.74 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ഇത് വാങ്ങാവുന്നതാണ്.
എതിരാളിയായ ഥാറിന്റെ ഹാര്‍ഡ് ടോപ്പോടുകൂടിയ എന്‍ട്രി ലെവല്‍ പെട്രോള്‍ 4WD MT-യെ അപേക്ഷിച്ച് ജിംനിയുടെ ഓണ്‍ റോഡ് വില വ്യത്യാസം ഏകദേശം 3 ലക്ഷം രൂപക്ക് മുകളില്‍ വരും. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവികള്‍ വാങ്ങാനുദ്ദേശിക്കുന്ന കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ ഷോറൂമുകളില്‍ എത്തിക്കാനും അതുവഴി വില്‍പ്പന വര്‍ധിപ്പിക്കാനുമാണ് മാരുതി സുസുക്കി ജിംനി തണ്ടര്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ സീറ്റയോടൊപ്പം റേഞ്ച് ടോപ്പിംഗ് ആല്‍ഫ വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.

ജിംനി തണ്ടര്‍ എഡിഷന്റെ വില വിശദമായി നോക്കിയാല്‍ സീറ്റ AT-ക്ക് 11.94 ലക്ഷം രൂപയാണ് വില. ആല്‍ഫ MT-ക്ക് 12.69 ലക്ഷവും ആല്‍ഫ MT ഡ്യുവല്‍ ടോണിന് 12.85 ലക്ഷം രൂപയും മുടക്കണം. അതേസമയം ആല്‍ഫ AT-ക്ക് 13.89 ലക്ഷവും ആല്‍ഫ AP DT ട്രിമ്മുകള്‍ക്ക് 14.05 ലക്ഷം രൂപയുമാണ് വില. ഇവയെല്ലാം എക്സ്ഷോറൂം വിലകളാണ്.
വിലയില്‍ മാത്രമല്ല ഓഫര്‍ നിരവധി സ്റ്റാന്‍ഡേര്‍ഡ് ആക്‌സസറികള്‍ ഓഫര്‍ ചെയ്തും മാരുതി തണ്ടര്‍ എഡിഷനെ സ്‌പെഷ്യലാക്കുന്നുണ്ട്. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സൈഡ് ഡോര്‍ ക്ലാഡിംഗ്, ഡോര്‍ വിസര്‍, ഡോര്‍ സില്‍ ഗാര്‍ഡ്, റസ്റ്റിക് ടാനില്‍ ഗ്രിപ്പ് കവര്‍, ഫ്ലോര്‍ മാറ്റ്, എക്സ്റ്റീരിയറില്‍ ഗ്രാഫിക്സ് എന്നിവയാണ് ഇതിന് ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റുകള്‍. ഇത് മാത്രമല്ല ഫ്രണ്ട് ബമ്പര്‍, ഒആര്‍വിഎം, സൈഡ് ഫെന്‍ഡര്‍, ഹുഡ് എന്നിവയില്‍ ഗാര്‍ണിഷും നല്‍കിയിരിക്കുന്നു.

ഇതല്ലാതെ കാറില്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ഉള്‍പ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തിരഞ്ഞെടുക്കാവുന്ന 1.5-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ജിംനി തണ്ടര്‍ എഡിഷനും തുടിപ്പേകുന്നത്. ജിംനിയുടെ എല്ലാ വേരിയന്റുകളും സുസുക്കിയുടെ ALLGrip 4WD സാങ്കേതികവിദ്യയോടെയാണ് വരുന്നത്. മാനുവല്‍ ഗിയര്‍ബോക്സുമായി വരുന്ന ജിംനി ലിറ്ററിന് 16.94 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു.
അതേസമയം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണെങ്കില്‍ ലിറ്ററിന് 16.39 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നാണ് പറയപ്പെടുന്നത്. 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷന്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ എന്നിങ്ങനെ മികച്ച സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.
നിലവില്‍ ജിംനിക്ക് പ്രതിമാസം 3000 യൂണിറ്റിന് മുകളില്‍ വില്‍പ്പന നേടാന്‍ സാധിക്കുന്നുണ്ടെങ്കിലും താങ്ങാവുന്ന വിലയിലെത്തുന്ന തണ്ടര്‍ എഡിഷന്‍ ഉപയോഗിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ്മാരുതിയുടെ ശ്രമം. മാത്രമല്ല ഇന്ത്യയില്‍ നിര്‍മിച്ച 5 ഡോര്‍ ജിംനി അടുത്ത കാലത്ത് ദക്ഷിണാഫ്രിക്ക പോലുള്ള വിദേശ വിപണികളില്‍ എത്തിയിരുന്നു. പുതുക്കിയ വിലയും തണ്ടര്‍ എഡിഷന്റെ വരവുമെല്ലാം ഷോറൂമില്‍ ആളെക്കൂട്ടുമെന്ന് തന്നെയാണ് മാരുതിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








