20 ലക്ഷം കാറുകളുടെ വിൽപ്പനയുമായി നെക്‌സ; ജിംനിയും ഫ്രോങ്ക്‌സും കൂടി വന്നാലുള്ള സ്ഥിതി പറയണോ...
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം കാര്‍ ഡീലര്‍ഷിപ്പ് ശൃംഖലയാണ് നെക്‌സ. 2015-ലാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. നെക്‌സ ഡീലര്‍ഷിപ്പികള്‍ വഴി ഇതിനോടകം രണ്ട് ദശലക്ഷം കാറുകള്‍ വില്‍പ്പന നടത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. നാല് വര്‍ഷം കൊണ്ടാണ് ആദ്യത്തെ ഒരു ദശലക്ഷം നെക്‌സ കാറുകള്‍ കാറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചത്.
അതേസമയം കോവിഡ് മഹാമാരി തീര്‍ത്ത വെല്ലുവിളികള്‍ക്കിടയിലും രണ്ട് ദശലക്ഷം നാഴികക്കല്ല് പിന്നിടാന്‍ അത്ര തന്നെ സമയം മാത്രമേ എടുത്തിട്ടുള്ളുവെന്നത് കമ്പനിക്ക് നേട്ടമായി അവകാശപ്പെടാം. കോവിഡ് മഹാമാരിക്കൊപ്പം സെമി കണ്ടക്ടര്‍ ക്ഷാമം രൂക്ഷമായിട്ടും ബുക്കിംഗുകള്‍ തീര്‍പ്പാക്കാന്‍ കമ്പനിക്ക് സാധിക്കാത്ത സാഹചര്യത്തിലാണിതെന്ന് ഓര്‍ക്കണം. ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന പ്രീമിയം മോഡലുകളില്‍ ചിലതാണ് നെക്‌സ ശൃംഖല വഴി വില്‍ക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ ആകെ 480 നെക്സ റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് ഉള്ളത്. മാരുതി സുസുക്കിയുടെ മറ്റ് മോഡലുകള്‍ അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വാങ്ങാന്‍ സാധിക്കുക. നിലവില്‍ ഗ്രാന്‍ഡ് വിറ്റാര, ബലേനോ, XL6, സിയാസ്, ഇഗ്‌നിസ് തുടങ്ങിയ മോഡലുകളാണ് നെക്‌സ വഴി വില്‍ക്കുന്നത്. അടുത്തിടെ 2023 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളായ (എസ്‌യുവി) ഫ്രോങ്ക്‌സും ജിംനി 5 ഡോറും നെക്‌സ വഴിയാകും ലഭ്യമാകുക.
ഇവ ഇതിനോടകം തന്നെ റെക്കോഡ് ബുക്കിംഗുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ട് എസ്‌യുവികള്‍ കൂടിയെത്തുന്നതോടെ നെക്‌സയുടെ വില്‍പ്പന കണക്കുകള്‍ മാനംമുട്ടെ ഉയരുമെന്നാണ് കമ്പനി കണക്കാക്കുന്നത്. അതേസമയം ആള്‍ട്ടോ, എസ്‌പ്രെസോ, സെലേരിയോ, വാഗണ്‍ആര്‍, ബ്രെസ എന്നീ മോഡലുകളാണ് അരീന റീട്ടെയില്‍ ശൃംഖലയുടെ കുടക്കീഴില്‍ മാരുതി വാഗ്ദാനം ചെയ്യുന്നവ. നെക്‌സക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ ബലേനോ പ്രീമിയം ഹാച്ച്ബാക്കാണ്.

ബലേനോയില്‍ നിന്നും തുടര്‍ന്നും മികച്ച പ്രകടനം മാരുതി പ്രതീക്ഷിക്കുന്നു. പാസഞ്ചര്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹനമാണ് മാരുതി സുസുക്കി ബലേനോ. അടുത്ത് തന്നെ വിപണിയില്‍ എത്താന്‍ പോകുന്ന ഫ്രോങ്ക്‌സിന് ബലേനോയുടെ പോലെ വില്‍പ്പന കണക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്ന് മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം നെക്‌സ ഡീലര്‍ഷിപ്പ് വഴി 2,55,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അത് ഈ വര്‍ഷം 370,000 യൂണിറ്റുകളാക്കി ഉയര്‍ത്താനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഏകദേശം 10 ശതമാനം വരുന്ന നെക്‌സയുടെ വിപണി വിഹിതവും ഇക്കുറി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും കോവിഡ് കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നത് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ വാഹന ലോകം ഏറെ നാളായി കാത്തിരിക്കുന്ന ജിംനി 5 ഡോറും ഫ്രോങ്ക്‌സ് ക്രോസ് ഓവര്‍ എസ്‌യുവിയും മൊത്തത്തിലുള്ള വില്‍പ്പന ത്വരിതപ്പെടുത്തുമെന്ന ആത്മവിശ്വാസത്തിലാണ് മാരുതി. 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ഞെട്ടിക്കുന്ന ബുക്കിംഗ് കണക്കുകളാണ് കമ്പനിയുടെ ആത്മവിശ്വാസം. വാഹനത്തിന്റെ വില പോലും വെളിപ്പെടുത്തുന്നതിന് മുമ്പാണ് ആളുകള്‍ ഇടിച്ച് കയറുന്നത്. മറ്റെല്ലാ വിപണിയിലെന്ന പോലെ ഇന്ത്യയിലും നിലവില്‍ എസ്‌യുവികള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണ്.
നിലവില്‍ ബ്രെസയും ഗ്രാന്‍ഡ് വിറ്റാരയും മാത്രമാണ് മാരുതിയുടെ എസ്‌യുവി ഓഫറിംഗുകള്‍. ജിംനിയും ഫ്രോങ്ക്‌സും കൂടി എത്തുന്നതോടെ എസ്‌യുവി സെഗ്‌മെന്റിലെ തങ്ങളുടെ സാന്നിധ്യവും ശക്തമാക്കാനാണ് മാരുതി സുസുക്കിയുടെ ശ്രമം. 2023 ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനമായിരുന്നു ജനുവരി 12-നായിരുന്നു നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി മാരുതി ജിംനിയുടെയും ഫ്രോങ്ക്‌സിന്റെയും ബുക്കിംഗ് ആരംഭിച്ചത്.

25,000 രൂപ ടോക്കണ്‍ തുക നല്‍കി വേണം ജിംനി 5 ഡോര്‍ ബുക്ക് ചെയ്യാന്‍. 11,000 രൂപയാണ് ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയുടെ ബുക്കിംഗ് തുക. ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് എസ്‌യുവികള്‍ ബുക്ക് ചെയ്യാം. 5-ഡോര്‍ ജിംനി ലൈഫ്സ്റ്റൈല്‍ എസ്യുവിക്ക് ഇതിനോടകം 23,500-ലധികം ബുക്കിംഗുകള്‍ ലഭിച്ചതായി മാരുതി വ്യക്തമാക്കി.
മറുവശത്ത്, മാരുതി സുസുക്കി ഫ്രോങ്ക്സിന് ഏകദേശം 15,500 ബുക്കിംഗുകള്‍ ലഭിച്ചു. ഇരു എസ്‌യുവികളുടെയും ലോഞ്ചിനെ കുറിച്ചുള്ള സൂചനകളും ശശാങ്ക് ശ്രീവാസ്തവ നല്‍കിയിട്ടുണ്ട്. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി 2023 ഏപ്രില്‍ ആദ്യ പകുതിയില്‍ വില്‍പ്പനയ്ക്കെത്തും. അതേസമയം ജിംനി ലൈഫ്സ്റ്റൈല്‍ എസ്‌യുവി 2023 മെയ്-ജൂണ്‍ മാസത്തോടെയാകും അവതരിപ്പിക്കുക.


Click it and Unblock the Notifications








