മാരുതിയുടെ ഓഫര്‍ മഴക്ക് അവസാനമില്ല; 57,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം ഈ മോഡലുകള്‍
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ഈ മാസം അവസാനം വരാന്‍ പോകുകയാണ്. വാഹന നിര്‍മാതാക്കളെല്ലാം ഓണത്തിന് വമ്പന്‍ ഓഫറുകള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. രാജ്യത്തെ വലിയ ആഭ്യന്തര കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ ആഴ്ച ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഓണം ഓഫര്‍ എന്ന പേരിലല്ലെങ്കിലും 2023 ഓഗസ്റ്റില്‍ തിരഞ്ഞെടുത്ത അരീന ലൈനപ്പ് മോഡലുകള്‍ക്ക് 57,000 രൂപയുടെ ഡിസ്‌കൗണ്ട് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി സ്വിഫ്റ്റ്, ആള്‍ട്ടോ K10, എസ്-പ്രെസോ, സെലേറിയോ, വാഗണ്‍ ആര്‍, ഇക്കോ, ആള്‍ട്ടോ 800, ഡിസയര്‍ എന്നീ മോഡലുകള്‍ക്ക് കിഴിവുകള്‍ ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പറേറ്റ് ബോണസ് എന്നീ പേരുകളില്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം. പെട്രോള്‍ മോഡലുകള്‍ക്ക് പുറമെ സിഎന്‍ജി വേരിയന്റുകള്‍ക്കും ഓഫറുകളുണ്ട്.

മാരുതി സുസുക്കി സ്വിഫ്റ്റ്: മാരുതി സ്വിഫ്റ്റിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 57,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. സ്വിഫ്റ്റിന്റെ പെട്രോള്‍ AMT, LXi വകഭേദങ്ങള്‍ 52,000 രൂപ വിലക്കിഴിവോടെ ലഭ്യമാണ്. അതേസമയം സിഎന്‍ജി പവറില്‍ പ്രവര്‍ത്തിക്കുന്ന സ്വിഫ്റ്റ് 27,000 രൂപ കിഴിവോടെ സ്വന്തമാക്കാന്‍ അവസരമുണ്ട്.
1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് മാരുതി സ്വിഫ്റ്റിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 87 bhp പവറും 113 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നിവയാണ് മാരുതി സ്വിഫ്റ്റിന്റെ എതിരാളികള്‍.

മാരുതി സുസുക്കി ആള്‍ട്ടോ K10: കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആള്‍ട്ടോ K10 പുത്തന്‍ അവതാരത്തില്‍ വിപണിയില്‍ എത്തിയത്. ഈ മാസം മാരുതി സുസുക്കി ആള്‍ട്ടോ K10 മാനുവല്‍ വേരിയന്റുകള്‍ക്ക് പരമാവധി 57,000 രൂപ കിഴിവ് ലഭിക്കും. 52,000 രൂപ വരെയാണ് സിഎന്‍ജി വേരിയന്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുക.
ഒപ്പം AMT വേരിയന്റുകള്‍ 32,000 രൂപ കിഴിവോടെ ലഭ്യമാണ്. 65 bhp പവറും 82 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.0 ലീറ്റര്‍, 3 സിലിണ്ടര്‍, പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10-ന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.
മാരുതി സുസുക്കി എസ്-പ്രെസോ: മിനി എസ്‌യുവി ലുക്കില്‍ വരുന്നു ഈ മാരുതി സുസുക്കി കാറിന്റെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ക്ക് 56,000 രൂപ വരെ ഡിസ്‌കൗണ്ടാണ് ഈ മാസം ഓഫര്‍ ചെയ്യുന്നത്. മാരുതി സുസുക്കി എസ്-പ്രെസോ AMT വേരിയന്റുകള്‍ 32,000 രൂപ വിലക്കിഴിവോടെ ലഭ്യമാണ്.
66 bhp പവറും 89 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള K-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT എഞ്ചിനാണ് എസ്-പ്രെസോയ്ക്ക് കരുത്ത് പകരുന്നത്. 5 സ്പീഡ് മാനുവലിനൊപ്പം AGS ട്രാന്‍സ്മിഷന്‍ ഓപ്ഷനലായുമുണ്ട്. ESP സ്റ്റാന്‍ഡേര്‍ഡാക്കി കഴിഞ്ഞ ജൂലൈയില്‍ കാര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു.
മാരുതി സുസുക്കി സെലേറിയോ: ഈ മാസം കാറിന് 56,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. പെട്രോള്‍, സിഎന്‍ജി മാനുവല്‍ വേരിയന്റുകള്‍ക്കാണ് 56,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതി സുസുക്കി സെലേറിയോയുടെ AMT വേരിയന്റുകള്‍ 41,000 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. കഴിഞ്ഞ മാസം മാരുതി നല്‍കിയ ഓഫറിനേക്കാള്‍ 10,000 രൂപ കൂടുതലാണ് ഈ മാസത്തെ വാഗ്ദാനം. 67 bhp പവര്‍ പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ എഞ്ചിനാണ് കാറിന്റെ കരുത്ത്.
മാരുതി സുസുക്കി വാഗണ്‍ ആര്‍: ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്ക് മാരുതി ഈ മാസം 51,000 രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന ഹാച്ച്ബാക്കിന്റെ 1.0 ലിറ്റര്‍ 1.2 ലിറ്റര്‍ പെട്രോള്‍ വേരിയന്റുകള്‍ക്കും 51,000 രൂപ വരെ കിഴിവ് ലഭ്യമാകും. അതേസമയം പെട്രോള്‍ AGS വേരിയന്റുകള്‍ക്ക് 26,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

65 bhp പവറും 89 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഗണ്‍ ആറിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. സിഎന്‍ജി മോഡില്‍ പവര്‍ഔട്ട്പുട്ട് 55 bhp, 82 Nm ആയിരിക്കും. കഴിഞ്ഞ 23 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള വാഗണ്‍ആര്‍ മാരുതിയുടെ ബെസ്റ്റ് സെല്ലേഴ്‌സില്‍ ഒന്നാണ്.
മാരുതി സുസുക്കി ഇക്കോ: കഴിഞ്ഞ നവംബറില്‍ പുതിയ എഞ്ചിനും പുതിയ ഫീച്ചറുകളുമെല്ലാം നല്‍കി വാന്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഈ മാസം പെട്രോള്‍ വേരിയന്റുകള്‍ക്ക് 39,000 രൂപയും സിഎന്‍ജി വേരിയന്റുകള്‍ 33,100 രൂപയുമാണ് കിഴിവ് ലഭ്യമാക്കുന്നത്. 79 bhp പവറും 104.4 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. CNG മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഔട്ട്പുട്ട് 70 hp ആയും 95 Nm ആയും കുറയുന്നു.

മാരുതി സുസുക്കി ആള്‍ട്ടോ 800: പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ ഭാഗമായി വിപണിയില്‍ നിന്ന് പിന്‍വലിച്ച മോഡലിന്റെ ശേഷിക്കുന്ന സ്‌റ്റോക്ക് വിലക്കുറവില്‍ വാങ്ങാനാകും. ഹാച്ച്ബാക്കിന്റെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ക്ക് 15,000 രൂപ വിലക്കിഴിവ് ലഭിക്കും. ഇതിന്റെ ഇരട്ടി ഓഫറില്‍ കഴിഞ്ഞ മാസം കാര്‍ ലഭ്യമായിരുന്നു.
46 bhp പവറും 69 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 796 സിസി പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ആള്‍ട്ടോ 800-ന് തുടിപ്പേകുന്നത്. അതേസമയം ആള്‍ട്ടോ 800-ന്റെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി വേരിയന്റ് 39 bhp പവറും 60 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

മാരുതി സുസുക്കി ഡിസയര്‍: മാരുതി സുസുക്കി ഡിസയര്‍ സെഡാന്റെ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ഈ മാസം 10,000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്. എന്നാല്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഓഫര്‍ ഇല്ല. 90 bhp പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നത്. ഡിസയറിന്റെ സിഎന്‍ജി വേരിയന്റ് കിലോമീറ്ററിന് 22.41 മുതല്‍ 31.12 കിമീ/കിലോഗ്രാം വരെയാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് നല്‍കുന്നത്.


Click it and Unblock the Notifications








