എസ്‌യുവി സെഗ്മെൻ്റ് കൈപ്പിടിയിലൊതുക്കാൻ ഒരുങ്ങി മാരുതി സുസുക്കി
സ്പോർട്സ് യൂട്ടിലിറ്റി സെഗ്മെൻ്റിലാണ് ഇപ്പോഴത്തെ വാഹന നിർമാതാക്കളുടെ എല്ലാം കണ്ണ്. അതിൽ പ്രധാനമായും നോട്ടം ഇട്ടിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയാണ്. വരാൻ പോകുന്ന സാമ്പത്തിക വർഷത്തിൽ അതായത് 2023-24 വർഷത്തിൽ അമ്പതിനായിരം യൂണിറ്റുകൾ വിൽക്കാനാണ് പദ്ധതിയിടുന്നത്.
മാരുതി സുസുക്കിയുടെ ഇനി വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളായ ഫ്രോങ്ക്സ്, ജിംനി എന്നിവയുടെ വരവ് കൂടെ ആകുമ്പോൾ കമ്പനി തങ്ങളുടെ നിർമാണ് കുറച്ച് കൂടെ ഉഷാറാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഗ്രാൻഡ് വിറ്റാരയുടെ ലഭ്യത കൂട്ടാനുളള മാർഗങ്ങളും കമ്പനി നടപ്പിലാക്കും. ഇന്ത്യയിലെ വാഹനവിപണി കൂടുതൽ വിശദമായി നോക്കുകയാണെങ്കിൽ രാജ്യത്ത് വിൽക്കുന്ന പത്ത് പാസഞ്ചർ വാഹനങ്ങളിൽ നാലെണ്ണം എസ്‌യുവികളായിരിക്കും.

അത് കൊണ്ട് തന്നെ മാരുതി സുസുക്കി ലക്ഷ്യമിടുന്നത് അനുസരിച്ച് വിൽപ്പന മുന്നോട്ട പോകുകയാണെങ്കിൽ 2023 സാമ്പത്തിക വർഷത്തിലെ വിപണി വിഹിതമായ 41 ശതമാനത്തിൽ നിന്ന 45 ശതമാനമാക്കാൻ സാധിക്കും. പ്രധാന ഒരു കാര്യം എന്താണെന്ന് വച്ചാൽ മാരുതി സുസുക്കിക്ക് 194000 എസ്‌യുവികളുടെ ഓർഡർ ഇപ്പോഴും പെൻഡിങ്ങിലാണ്. വരും വർഷങ്ങളിൽ കമ്പനി ഈ സെഗ്മെൻ്റിൽ വലിയ മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ബലേനോയെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്സ് നിർമിച്ചിരിക്കുന്നത് എങ്കിലും പ്രീമിയം ഹാച്ച്‌ബാക്ക് മോഡലിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഡിസൈനും ഉയർത്തിയ സസ്പെൻഷൻ സജ്ജീകരണവുമാണ് എസ്‌യുവി കൂപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു കുഞ്ഞൻ ഗ്രാൻഡ് വിറ്റാരയാണ് ഫ്രോങ്ക്സ്.

മാരുതി സുസുക്കി എസ്‌യുവി നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഫ്രോങ്ക്സ്. ഗ്രാൻഡ് വിറ്റാരയുടെ കുഞ്ഞൻ പതിപ്പെന്നു തന്നെ ആദ്യ കാഴ്ച്ചയിൽ തോന്നിയേക്കാം. അതോടൊപ്പം പുതിയ ബലേനോയേയും ഓർമിപ്പിക്കുന്ന ഭംഗി പലയിടത്തായി വ്യാപിച്ചു കിടക്കുന്നുമുണ്ട്. മാരുതിയുടെ ഏറ്റവും പുതിയ എസ്‌യുവികളിൽ കണ്ട ഡിസൈൻ ഹൈലൈറ്റുകൾ എല്ലാം ഈ കൂപ്പെയിലും ഇടംപിടിച്ചിട്ടുണ്ടെന്ന് വളരെ ലളിതമായി പറയാം.
പുതിയ മാരുതി സുസുക്കി ഫ്രോങ്ക്സിന് വലിയ ഗ്രില്ലോടുകൂടിയ നേരായ മുൻഭാഗം ഉണ്ട്. ഗ്രില്ലിന്റെ മുകൾ ഭാഗത്തുള്ള സുസുക്കി ബാഡ്ജ്, മിനുസമാർന്ന എൽഇഡി ഡിആർഎല്ലു-ളുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുൻ ബമ്പറിലെ സ്വന്തം എൻക്ലോസറുകളിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ ഒരുക്കിയിരിക്കുന്നതും ഒരു പ്രത്യേക അഴകാണ്. ഫ്രണ്ട് ബമ്പറിന് താഴെ ഒരു ചെറിയ എയർ ഡാമും കാണാം. അതിന് ഗ്രേ നിറത്തിലുള്ള ഫോക്സ് സ്കിഡ് പ്ലേറ്റുകൾ നൽകിയിരിക്കുന്നത് ഫ്രോങ്ക്സിനെ എസ്‌യുവി രൂപത്തിലേക്ക് ചേർക്കുന്നു.

ഡിസൈൻ ടീമിന്റെ മികച്ച ശ്രമങ്ങൾക്കിടയിലും എസ്‌യുവിയുടെ വശക്കാഴ്ച്ചയിൽ ബലേനോയുടെ രൂപം കലർന്നിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ മസ്‌ക്കുലർ ബിറ്റുകളും കർവി എലമെന്റുകളുടേയും സംയോജനം മൊത്തത്തിൽ പ്രാവർത്തികമായിട്ടുണ്ട്. അങ്ങനെ എസ്‌യുവി കൂപ്പെയ്ക്ക് ഒരു എയറോഡൈനാമിക് രൂപം നൽകുകയും ചെയ്യുന്നു. ഫ്രോങ്ക്സിന്റെ സി-പില്ലറിൽ കറുത്ത നിറത്തിലുള്ള ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്. അത് ഫ്ലോട്ടിംഗ് റൂഫിനെയാണ് ഓർമപ്പെടുത്തുന്നത്. ജോമെട്രിക് പ്രിസിഷൻ കട്ട് ഡ്യുവൽ ടോൺ അലോയ് വീലുകളും ഡിസൈനിനോട് ഇണങ്ങും വിധമാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ എസ്‌യുവിക്ക് കൂടുതൽ പരുക്കൻ ലുക്ക് നൽകുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗാണ് വശങ്ങളിലെ മറ്റൊരു ആകർഷണം. പിൻഭാഗത്തേക്ക് നീങ്ങിയാൽ ഇതുവരെ ഒരു മാരുതി കാറിലും കാണാത്ത വ്യത്യസ്‌തമായ ഡിസൈനാണ് ഫ്രോങ്ക്‌സ് പിന്തുടർന്നിരിക്കുന്നത്. എസ്‌യുവി കൂപ്പെയുടെ റൂഫിൽ ഒരു ഇൻ്ററഗ്രേറ്റഡ് സ്‌പോയിലർ എലമെന്റ് സ്‌പോർട് ചെയ്യുന്നത് സ്പോർട്ടി ആകർഷണമാണ്. കണക്റ്റഡ് ശൈലിയിൽ തീർത്തിരിക്കുന്ന എൽഇഡി ടെയിൽലൈറ്റുകളും കിടിലമാണ്. നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, എർത്ത് ബ്രൗൺ, ഒപ്പുലന്റ് റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ ആറ് സിംഗിൾ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള ഡ്യുവൽ ടോൺ നിറങ്ങളും ഉപഭോക്താക്കൾക്ക് യഥേഷ്‍ടം തെരഞ്ഞെടുക്കാം.
ബിഎസ്-VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിനോട് അനുബന്ധിച്ച് മാരുതി നിർത്തലാക്കിയ ബലേനോ RS-ൽ പ്രവർത്തിച്ചിരുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് എഞ്ചിൻ ഫ്രോങ്ക്സിലൂടെ തിരിച്ചെത്തുന്നുവെന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം ബലേനോയിലെ 1.2 ലിറ്റർ K12C ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിനും എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നുണ്ട്. ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ വേരിയന്റുകൾക്കൊപ്പമാവും ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് എഞ്ചിൻ ലഭ്യമാവുക.


Click it and Unblock the Notifications








