Maruti Suzuki ബലേനോയെ മടങ്ങി വരൂ; 7213 RS മോഡലുകൾ തിരികെവിളിക്കാൻ മാരുതി സുസുക്കി
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ബലേനോ ആർ എസ് മോഡലുകൾ തിരികെ വിളിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 7213 യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 2016 ഒക്ടോബർ 27 നും 2019 നവംബർ 1 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കാൻ പോകുന്നത്.
വാഹനത്തിൻ്റെ വാക്വം പമ്പിൽ ഉണ്ടായ തകരാറാണ് വാഹനങ്ങൾ തിരിച്ചു വിളിക്കാനുളള കാരണമായി കമ്പനി പറയുന്നത്.ബ്രേക്കിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്ന വാക്വം പമ്പായത് കൊണ്ട് കൂടുതൽ അപകടം ഉണ്ടാകുന്നതിന് മുൻപ് അത് മാറ്റുന്നതാണ് നല്ലത് എന്ന് കമ്പനിക്ക് തോന്നിയത് കൊണ്ടാണ് ഇത്തരത്തിലൊരു തിരിച്ചു വിളിക്കൽ.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക് എന്ന ഖ്യാതിയോടെയാണ് ബലേനോ RS 2017-ൽ വിപണിയിലേക്ക് എത്തുന്നത്. ബൂസ്റ്റർ ജെറ്റ് എഞ്ചിൻ ഉപയോഗിച്ചുള്ള ഈ പ്രീമിയം ഹാച്ച് തികച്ചും ഡ്രൈവർ കേന്ദ്രീകൃതമായിരുന്നു. കാറിൽ കയറി ആക്‌സിലറേറ്റർ ഒന്ന് അമർത്തിയാൽ അങ്ങനെ പറപറക്കുന്നവൻ ഒന്നുമായിരുന്നില്ല ബലേനോയുടെ RS പതിപ്പ് എന്നത് മനസിൽ വെക്കേണ്ട കാര്യമാണ്
അന്ന് പോളോ ജിടി ടിഎസ്ഐ, പുന്തോ അബാർത്ത് തുടങ്ങിയ കാറുകളുമായി ഏറ്റുമുട്ടാനെത്തുന്ന കാറിന് 1.0 ലിറ്റർ മൂന്നു സിലിണ്ടർ ബുസ്റ്റർജെറ്റ് എഞ്ചിനാണ് മാരുതി സമ്മാനിച്ചത്. ഈ എഞ്ചിൻ 5,500 rpm-ൽ 102 bhp കരുത്തും 1,700 rpm-മുതൽ 4,500 rpm വരെ 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ബൂസ്റ്റർ ജെറ്റ് എഞ്ചിൻ ജോടിയാക്കിയതും. ബലെനോ RS വെറും 10.23 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമായിരുന്നു. ബലേനോയുടെ 1.2 ലിറ്റർ പതിപ്പിനേക്കാളും ചില സി-സെഗ്മെന്റ് സെഡാനുകളേക്കാളും വേഗതയേറിയതാരുന്നു ഈ പെർഫോമൻസ് കാർ.

ഒരു ഹാച്ചിനെ 'ഹോട്ട് ഹാച്ച്' ആക്കുന്ന രണ്ടാമത്തെ പ്രധാന വശം അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സാണ്. ഇത് സാധാരണ ബലേനോയിൽ നിന്ന് വ്യത്യസ്തമാണോ എന്ന് അറിയാനും പലർക്കും താത്പര്യമുണ്ടായിരിക്കാം. അതേ അങ്ങനെ തന്നെയായിരുന്നു. പെർഫോമൻസിന് അടിവരയിടാൻ നിരവധി നവീകരണങ്ങളാണ് മാരുതി വാഹനത്തിൽ വരുത്തിയത്. മികച്ച ഹാൻഡിലിംഗിനായി 60 കിലോഗ്രാം ഭാരം കമ്പനി വർധിപ്പിച്ചു. പ്രധാന നവീകരണങ്ങളിൽ ഇക്കാര്യം എടുത്തുപറയാതിരിക്കാനാവില്ല.
അതോടൊപ്പം കോർണറിംഗിലും പ്രകടനം മികച്ചതാക്കാൻ സ്റ്റാൻഡേർഡ് ബലേനോയേക്കാൾ വളരെ കഠിനമായ ചാസിയാണ് RS പതിപ്പിന് കമ്പനി സമ്മാനിച്ചതും. പ്രീമിയം ഹാച്ച്ബാക്ക് ശേണിയിലെത്തിയ ബലേനൊയുടെ രൂപം തന്നെയാണ് RS വേരിയന്റിലും കാണാനായത്. അതായത് ഡിസൈനിൽ ഒരു പിരഷ്ക്കാരവും മാരുതി നൽകിയില്ലെന്ന് ചുരുക്കം. എന്നിരുന്നാലും കൂടുതൽ സ്റ്റൈലിഷ് ലുക്ക് ലഭിക്കുന്നതിനായി ബമ്പറിൽ ചെറിയൊരു മാറ്റവും കറുത്ത അലോയ് വീലും ഹോട്ട് ഹാച്ചിന് നൽകി.

ഗൺമെറ്റൽ ഗ്രേയിൽ പൂർത്തിയാക്കിയ പുതിയ ഗ്രിൽ RS-ന് ഒരു സ്പോർട്ടി രൂപം കൊടുത്തു. ഫോക്‌സ്‌വാഗൺ പോളോ ജിടി ടിഎസ്‌ഐയും അബാർത്ത് പുണ്ടോയും മാത്രമാണ് ബലേനോ RS പതിപ്പുമായി മാറ്റുരച്ചത്. എന്നാൽ ഈ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള പെർഫോമൻസ് മാരുതിക്ക് നിറവേറ്റാനായില്ലെന്നതാണ് യാഥാർഥ്യം.
ബൂസ്റ്റർ ജെറ്റ് എഞ്ചിനോടുകൂടിയ യൂറോ-സ്പെക്ക് ബലേനോ 112 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. ഇത് പോളോ ജിടി ടിഎസ്ഐയ്ക്ക് സമാനമായ കണക്കുകളായിരുന്നു. ഏകദേശം 8.69 ലക്ഷം രൂപയുടെ എക്സ്ഷോറും വിലയിലാണ് RS പതിപ്പിനെ മാരുതി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്.


Click it and Unblock the Notifications








