ഹ്യുണ്ടായിയും ടാറ്റയും മഹീന്ദ്രയും ഒരുമിച്ചാലും തൊടാനാവൂല; മാരുതി ഒറ്റക്ക് വിറ്റത് 2 ലക്ഷത്തിനടുത്ത് വണ്ടികള്‍
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. ഇതുപോലൊരു മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനക്കാരാകുകയെന്നത് ചില്ലറക്കാര്യമല്ലെങ്കിലും വര്‍ഷങ്ങളായി മാരുതി സുസുക്കി (Maruti Suzuki) ആ സിംഹാസനത്തില്‍ അജയ്യരായി വാഴുന്നു. തങ്ങളുടെ പ്രതിബദ്ധത കൊണ്ട് രാജ്യത്തെ ഉപഭാക്താക്കളുടെ വിശ്വാസം ആര്‍ജ്ജിച്ച ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവിശ്വസിനീയമായ പലനേട്ടങ്ങളും കൈവരിച്ചുകൊണ്ടിരിക്കുകയാണ്.
2023 ഒക്ടോബറിലെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാരുതി സുസുക്കി (Maruti Suzuki Sales) അസൂയാവഹമായ മറ്റൊരു റെക്കോര്‍ഡിലേക്ക് നടന്നടുക്കുകയാണ്. ഒക്‌ടോബറില്‍ മൊത്തം 1.99 ലക്ഷം യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റ മാരുതി സുസുക്കി 2 ലക്ഷം യൂണിറ്റ് നാഴികക്കല്ലിന് തൊട്ടടുത്തെത്തി. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കം കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 1,99,217 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തിയ മാരുതി സ്വന്തം റെക്കോഡാണ് മെച്ചപ്പെടുത്തിയത്.

വില്‍പ്പന ചാര്‍ട്ടില്‍ മാരുതിക്ക് പിന്നിലുള്ള മൂന്ന് കമ്പനികളുടെ മെത്തം വില്‍പ്പന ചേര്‍ത്താല്‍ പോലും കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ അടുത്തെത്തില്ലെന്ന് മനസ്സിലാക്കുമ്പോള്‍ അറിയാം അവരുടെ റേഞ്ച്. 2022 ഒക്‌ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ മാസം മാരുതി സുസുക്കി പ്രശംസനീയമായ വളര്‍ച്ച കൈവരിച്ചു. 18.92 ശതമാനമാണ് വളര്‍ച്ച. മാരുതിയുടെ വില്‍പ്പന കണക്കുകള്‍ വിശദമായി നോക്കിയാല്‍ 2023 ഒക്ടോബറിലെ മൊത്തം 1.99 ലക്ഷം യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്.
2022 ഒക്ടോബറില്‍ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കം മൊത്തം 1,67,520 യൂണിറ്റായിരുന്നു മാരുതി വിതരണം ചെയ്തത്. ആഭ്യന്തര വിപണിയില്‍ 2023 ഒക്ടോബറില്‍ ഏകദേശം 1,77,266 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട് മാരുതി സുസുക്കി തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി. ആഭ്യന്തര വാഹന വില്‍പ്പനക്കൊപ്പം ടൊയോട്ടക്ക് നല്‍കിയ കാറുകളും സൂപ്പര്‍ ക്യാരിയും ചേര്‍ത്ത കണക്കാണിത്. അതേസമയം മുന്‍വര്‍ഷം ഇതേമാസം മാരുതി സുസുക്കിക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 1,47,072 യൂണിറ്റുകളായിരുന്നു വില്‍ക്കാന്‍ സാധിച്ചത്.

വാഹന കയറ്റുമതിയുടെ കാര്യത്തിലും മാരുതി സുസുക്കി തങ്ങളുടെ നില മെച്ചപ്പെടുത്തി. കഴിഞ്ഞ മാസം മാരുതി സുസുക്കി 21,951 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ കപ്പല്‍ കയറ്റി അയച്ചു. മുന്‍ വര്‍ഷവുമായി തട്ടിച്ച് നോക്കുമ്പോള്‍ കയറ്റുമതിയില്‍ 1,503 യൂണിറ്റുകളുടെ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. 2022 ഒക്ടോബറില്‍ മാരുതി സുസുക്കിയുടെ കയറ്റുമതി കണക്കുകള്‍ 20,448 യൂണിറ്റ് ആയിരുന്നു.
മാരുതി സുസുക്കി സമീപകാലത്തായി ചെറുകാറുകളില്‍ നിന്ന് മാറി യൂടിലിറ്റി വാഹനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വ്യത്യസ്തവും കരുത്തുറ്റതുമായ മോഡലുകള്‍ പുറത്തിറക്കി അവര്‍ സ്‌പോര്‍ട് യൂടിലിറ്റി സെഗ്‌മെന്റും പിടിച്ചെടുത്തിരുന്നു. അടുത്ത കാലത്തായി ചെറുകാറുകളുടെ വില്‍പ്പനയിലെ ഇടിവ് എസ്‌യുവി വില്‍പ്പനയിലൂടെ നികത്തുകയാണ് മാരുതി. ഉദാഹരണം നോക്കിയാല്‍ ആള്‍ട്ടോയും എസ്-പ്രെസോയും ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മാരുതി 24936 യൂണിറ്റ് വിറ്റിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാസം ഈ രണ്ട് കാറുകളുടെയും സംയോജിത വില്‍പ്പന 14,568 യൂണിറ്റ് മാത്രമായിരുന്നു.

ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകള്‍ അടങ്ങിയ കോംപാക്റ്റ് സെഗ്മെന്റില്‍ 2022 ഒക്ടോബറില്‍ വിറ്റ 73,685 യൂണിറ്റുകളില്‍ നിന്ന് 80,662 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം മാരുതിയുടെ മിഡ്‌സൈസ് സെഡാനായ സിയാസിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 2022 ഒക്‌ടോബറില്‍ സിയാസിന്റെ 1884 യൂണിറ്റുകള്‍ വിറ്റിരുന്നെങ്കില്‍ ഇക്കഴിഞ്ഞ മാസം വില്‍പ്പന വെറും 695 യൂണിറ്റ് മാത്രമാണ്.
ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവയുടെ വിജയമാണ് മാരുതിക്ക് വലിയ ഉത്തേജനമായത്. കഴിഞ്ഞ മാസം യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ മൊത്തം 59,147 യൂണിറ്റുകളാണ് മാരുതി വിറ്റു. 2022 ഒക്‌ടോബറില്‍ ഇത് 30,971 യൂണിറ്റ് മാത്രമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ വാഹന നിര്‍മ്മാതാക്കളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 10,41,154 യൂണിറ്റായും ഉയര്‍ന്നിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്‌ടോബര്‍ കാലയളവില്‍ വില്‍പ്പന 934,887 യൂണിറ്റായിരുന്നു.


Click it and Unblock the Notifications