മാരുതി കാറുകള്‍ വാങ്ങാന്‍ 'ഉന്തുംതള്ളും'; ഏപ്രിലില്‍ വിറ്റത് 1.60 ലക്ഷം യൂണിറ്റുകള്‍
ഇന്ത്യന്‍ കാര്‍ വിപണിയില്‍ തങ്ങളെ കവച്ചുവെക്കാന്‍ ആരുമില്ലെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ലക്ഷങ്ങളുടെ വില്‍പ്പനയുമായി മാരുതി സുസുക്കി ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ആധിപത്യം തുടരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി 2023 ഏപ്രിലില്‍ 1,60,529 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ മാസം 1,37,320 യൂണിറ്റായിരുന്നു ആഭ്യന്തര വിപണിയിലെ വില്‍പ്പന. 2022 ഏപ്രിലില്‍ വിറ്റ 1,21,995 യൂണിറ്റുകളെ അപേക്ഷിച്ച് 12.56 ശതമാനം വളര്‍ച്ച നേടി. വോളിയം വളര്‍ച്ച 15,325 യൂണിറ്റുകളാണ്. പ്രതിമാസ വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍ 2023 മാര്‍ച്ചില്‍ വിറ്റ 1,32,763 യൂണിറ്റുകളേക്കാള്‍ 4,557 യൂണിറ്റുകള്‍ അധികം വിറ്റു.

3.43 ശതമാനമാണ് വളര്‍ച്ച. ആള്‍ട്ടോയും എസ്‌പ്രെസോയുമാണ് മിനി സെഗ്‌മെന്റില്‍ മാരുതിക്കുള്ളത്. എന്നാല്‍ പോയ മാസം ഇരുവാഹനങ്ങളുടെയും വില്‍പ്പനയില്‍ ഇടിവുണ്ടായി. 2022 ഏപ്രിലില്‍ 17,137 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2023 ഏപ്രിലില്‍ വില്‍പ്പന 14,110 യൂണിറ്റായി കുറഞ്ഞു. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ എന്നിവയാണ് കോംപാക്റ്റ് സെഗ്മെന്റില്‍ മാരുതിക്കായി അണിനിരക്കുന്നത്.
മിനി സെഗ്‌മെന്റില്‍ ഇടിവുണ്ടായപ്പോള്‍ കോംപാക്ട് സെഗ്‌മെന്റില്‍ വളര്‍ച്ചയുണ്ട്. 2023 ഏപ്രിലില്‍ 74,935 യൂണിറ്റുകളാണ് വില്‍പ്പന. മുന്‍വര്‍ഷം ഇതേമാസം 59,184 യൂണിറ്റുകളായിരുന്നു വിറ്റത്. മിനി, കോംപാക്റ്റ് വിഭാഗത്തിലെ മെത്തം വില്‍പ്പന 2022 ഏപ്രിലില്‍ വിറ്റ 76,321 യൂണിറ്റുകളില്‍ നിന്ന് 16.7 ശതമാനം വര്‍ധിച്ച് 89,045 യൂണിറ്റായി. അടുത്ത വര്‍ഷം സ്വിഫ്റ്റ ഹാച്ച്ബാക്ക് വിപണിയില്‍ എത്തുന്നതോടെ സ്ഥിതി ഇനിയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

2024 മാരുതി സ്വിഫ്റ്റ് ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റിലെ വില്‍പ്പന കണക്ക് പരിശോധിക്കുമ്പോള്‍ മാരുതി സിയാസ് ഗ്രാഫ് ഉയര്‍ത്തി. 2022 ഏപ്രിലില്‍ 579 യൂണിറ്റുകള്‍ മാത്രം വിറ്റഴിക്കാന്‍ സാധിച്ചിരുന്ന സിയാസ് 2023 ഏപ്രിലില്‍ വില്‍പ്പന 1017 യൂണിറ്റായി ഉയര്‍ത്തി. ബ്രെസ, എര്‍ട്ടിഗ, XL6, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ് എന്നീ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന യൂടിലിറ്റി വാഹന വിഭാഗത്തിലും മാരുതി വളര്‍ച്ച രേഖപ്പെടുത്തി.
8.3 ശതമാനം വളര്‍ച്ചയോടെ കഴിഞ്ഞ മാസം 36,754 യൂണിറ്റ് യുവികളാണ് മാരുതി വിറ്റത്. 2022 ഏപ്രിലില്‍ 33,941 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഈക്കോ മിനിവാനിന്റെ വില്‍പ്പന 11,154 യൂണിറ്റില്‍ (2022 ഏപ്രില്‍) നിന്ന് 10,504 യൂണിറ്റായി കുറഞ്ഞു. ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹന വിഭാഗത്തില്‍ 50 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. 2022 ഏപ്രിലില്‍ 4,266 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്ന ഈ വിഭാഗത്തില്‍ കഴിഞ്ഞ മാസം 2,199 യൂണിറ്റ് മാത്രമാണ് വില്‍ക്കാനായത്.

പവറും മൈലേജും കൂട്ടി പുതിയ സൂപ്പര്‍ ക്യാരി ഇക്കഴിഞ്ഞ മാസമാണ് വിപണിയില്‍ എത്തിയത്. 5.3 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലെത്തിയ വാഹനത്തിന്റെ വരവ് അടുത്ത മാസം വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പാസഞ്ചര്‍ വാഹനങ്ങളും ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനങ്ങളും ഉള്‍പ്പെടെ പോയ മാസം മൊത്തം ആഭ്യന്തര വില്‍പ്പന മെച്ചപ്പെട്ടു.
2022 ഏപ്രിലിലെ 1,26,261 യൂണിറ്റുകളില്‍ നിന്ന് 2023 ഏപ്രിലില്‍ 1,39,519 യൂണിറ്റായി ആഭ്യന്തര വില്‍പ്പന മെച്ചപ്പെട്ടു. 2023 ഏപ്രിലില്‍ ടൊയോട്ടക്ക് 4,039 യൂണിറ്റുകളാണ് നല്‍കിയത്. 2022-ല്‍ ഇത് 5,987 യൂണിറ്റുകളായിരുന്നു. ഇതോടെ മൊത്തം ആഭ്യന്തര വില്‍പ്പന 1,43,558 യൂണിറ്റായി ഉയര്‍ന്നു. കയറ്റുമതിയുടെ കാര്യത്തില്‍ മാരുതി 7.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2022 ഏപ്രിലില്‍ 18,413 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. എന്നാല്‍ കഴിഞ്ഞ മാസം 16,971 യൂണിറ്റുകളാണ് കപ്പല്‍ കയറ്റാന്‍ പറ്റിയത്.
ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ മാരുതി 2023 ഏപ്രിലില്‍ 1,60,529 യൂണിറ്റ് വിറ്റു. 2022 ഏപ്രിലില്‍ 1,50,661 യൂണിറ്റായിരുന്നു വില്‍ക്കാനായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മാരുതി ഫ്രോങ്ക്‌സ് കോംപാക്ട് എസ്‌യുവി കൂപ്പെ വിപണിയില്‍ എത്തിച്ചത്. ജിംനി 5 ഡോര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഈ മാസം പുറത്തിറക്കും. ടൊയോട്ട ഇന്നോവ ഹൈക്രോസ് റീബാഡ്ജ്ഡ് പതിപ്പും സമീപമാസങ്ങളില്‍ എത്തും. ഈ പുതുമുഖങ്ങളുടെ വരവോടെ വില്‍പ്പന ഇനിയും ഉയര്‍ത്താനാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.


Click it and Unblock the Notifications