4 മാസം കൊണ്ട് 3 ലോഞ്ചുകള്‍; എസ്‌യുവി സെഗ്‌മെന്റും ഇനി മാരുതി ഭരിക്കും
കാര്‍ വിപണിയില്‍ ഇന്ന് താരപരിവേഷം സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്കാണ് (എസ്‌യുവി). പെര്‍ഫോമന്‍സിനും മൈലേജിനുമെല്ലാം പ്രധാന്യം നല്‍കിയ ഇടത്ത് നിന്ന് ഫീച്ചറിനോട് സുഖസൗകര്യങ്ങളോടും ജനങ്ങള്‍ കമ്പം കാണിച്ച് തുടങ്ങിയതോടെ എസ്‌യുവി സെഗ്‌മെന്റിന്റെ തലവര മാറി. ഇത് തിരിച്ചറിഞ്ഞ് കൊണ്ട് തങ്ങളുടെ എസ്‌യുവി പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ് പല പ്രമുഖ വാഹന നിര്‍മാതാക്കളും.
ചെറുകാറുകളിലൂടെ ഇന്ത്യന്‍ കാര്‍ വിപണി വിഹിതത്തിന്റെ മുഖ്യ പങ്കും കൈയ്യാളുന്ന മാരുതി സുസുക്കിയും എസ്‌യുവിയിലേക്ക് തങ്ങളുടെ ഫോക്കസ് മാറ്റിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഈ വര്‍ഷം മൂന്ന് പുതിയ എസ്‌യുവികള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് കമ്പനി അതിന്റെ എസ്‌യുവി ലൈനപ്പ് വിപുലീകരിക്കുന്നത്.

ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ കരുത്തില്‍ വിപണിയില്‍ വന്‍ അഭിപ്രായം സ്വന്തമാക്കിയ ഗ്രാന്‍ഡ് വിറ്റാരയടക്കമുള്ള എസ്‌യുവികളും മാരുതി സമീപകാലത്ത് കൊണ്ടുവന്നിരുന്നു. അടുത്ത നാല് മാസത്തിനുള്ളില്‍ മാരുതി സുസുക്കി പുതിയ മൂന്ന് പുതിയ എസ്‌യുവികള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും. ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യങ്ങളാകാന്‍ പോകുന്ന ആ മൂന്ന് എസ്‌യുവികളെ കുറിച്ചാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.
മാരുതി സുസുക്കി ഫ്രോങ്ക്‌സ്: 2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ക്രോസ്ഓവര്‍ എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. 2023 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഈ എസ്‌യുവി മാരുതി സുസുക്കി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതിയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നായ ബലേനോയില്‍ നിന്നാണ് ഫ്രോങ്ക്‌സ് അതിന്റെ എഞ്ചിന്‍ കടംകൊണ്ടിരിക്കുന്നത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഇത് വാങ്ങാന്‍ കഴിയും.

1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 87 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിന്‍ ഒരു മാനുവല്‍, AMT ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്നു. ഇതിനൊപ്പമാണ് മാരുതി 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിന്‍ 100 bhp പവറും 150 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, HUD, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ് എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ സജ്ജീകരിച്ചാകും പുതിയ മാരുതി കാര്‍ എത്തുക.
മാരുതി സുസുക്കി ജിംനി 5-ഡോര്‍: ആഗോള വിപണിയില്‍ പേരെടുത്ത ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡ് വാഹനമാണ് സുസുക്കി ജിംനി. എസ്‌യുവിയുടെ 3 ഡോര്‍ പതിപ്പാണ് നിലവില്‍ വില്‍പ്പനയിലുള്ളത്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി ജിംനിയുടെ 5 ഡോര്‍ പതിപ്പ് കമ്പനി അവതരിപ്പിച്ചത്. ബുക്കിംഗ് ആരംഭിച്ചപ്പോള്‍ ലഭിച്ച അസൂയാവഹമായ പ്രതികരണങ്ങള്‍ മാരുതിയെ തന്നെ ഞെട്ടിച്ചിരുന്നു.

അതിനാല്‍ തന്നെ ഈ വര്‍ഷം ഉത്സവ സീസണില്‍ എസ്‌യുവി വിപണിയില്‍ എത്തിച്ച് പരമാവധി നേട്ടം കൊയ്യാനാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ പ്ലാന്‍. 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ജിംനി 5 ഡോര്‍ പതിപ്പിന് തുടിപ്പേകുന്നത്. നിരവധി ഫീച്ചറുകള്‍ കൂടി സജ്ജീകരിച്ചെത്തുന്ന എസ്‌യുവിയുടെ വിലയുടെ കാര്യത്തിലും കമ്പനി ഏവരെയും അമ്പരപ്പിക്കുമെന്ന് സൂചനയുണ്ട്.
ഏകദേശം 10 ലക്ഷം രൂപ വിലയില്‍ മാരുതി ഈ എസ്‌യുവി വിപണിയില്‍ എത്തിക്കുമെന്ന് സംസാരമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന 4X4 വാഹനമായി ഇത് മാറും. ഇന്ത്യന്‍ ഓഫ് റോഡ് വാഹന വിഭാഗത്തില്‍ എതിരാളികളില്ലാതെ വിലസുന്ന മഹീന്ദ്ര ഥാറിന് മാരുതി ജിംനി 5 ഡോര്‍ കനത്ത വെല്ലുവിളിയാകും. മേയ് ആദ്യവാരം എസ്‌യുവി ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മാരുതി സുസുക്കി ബ്രെസ CNG: ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയെ ഉടന്‍ തന്നെ CNG കുപ്പായം അണിയിച്ച് വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. 1.5 ലിറ്റര്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുക. CNG കിറ്റുമായി എത്തുന്ന മാരുതി സുസുക്കി ബ്രെസ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന എസ്‌യുവികളില്‍ ഒന്നായി മാറും. ഒപ്പം പ്രവര്‍ത്തനച്ചെലവ് കുറക്കാനും ഇത് സഹായിക്കും. പെട്രോള്‍ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഫീച്ചറുകളുടെയും എക്‌സ്റ്റീരിയര്‍ ഡിസൈനിന്റെയും കാര്യത്തില്‍ മാറ്റങ്ങള്‍ ഒന്നും കാണില്ല.
കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആകും പുതിയ എസ്‌യുവി പുറത്തിറങ്ങുകയെന്നാണ് സൂചന. ഫീച്ചര്‍ സമ്പന്നമായ എസ്‌യുവികള്‍ മോഹവിലയില്‍ പുറത്തിറക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകും മാരുതിയുടെ ശ്രമം. തങ്ങള്‍ക്ക് വലിയ ഗ്രിപ്പില്ലാത്ത എസ്‌യുവി മാര്‍ക്കറ്റില്‍ ഇരിപ്പുറപ്പിക്കാനുള്ള മാരുതിയുടെ ശ്രമങ്ങള്‍ക്കും ഈ മോഡലുകള്‍ കരുത്ത് പകരും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളര്‍ന്ന് കൊണ്ടിരിക്കുന്ന എസ്‌യുവി വിപണിയില്‍ മാരുതി സുസുക്കി പുതിയ ചില കളിക്കാരെ കൂടി വൈകാതെ കൊണ്ടുവരും.


Click it and Unblock the Notifications