വൈ സോ സീരിയസ്? അല്പം ഫൺ ആവാം..!! ഗ്രാൻഡ് വിറ്റാരയുടെ അഡ്വഞ്ചർ മികവുകൾ പങ്കുവെച്ച് പുത്തൻ പരസ്യ വീഡിയോ പുറത്ത്
കഴിഞ്ഞ വർഷമാണ് മാരുതി സുസുക്കി തങ്ങളുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലായ മിഡ് സൈസ് എസ്‌യുവി ഗ്രാൻഡ് വിറ്റാര വിപണിയിൽ അവതരിപ്പിച്ചത്. ടൊയോട്ടയോടൊപ്പം ചേർന്ന് സംയുക്തമായി വികസിപ്പിച്ച എസ്‌യുവി ഇപ്പോൾ സെഗ്‌മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയുമായി മത്സരിക്കുന്നു.
അതോടൊപ്പം പ്രതിമാസ വിൽപ്പനയുടെ കാര്യത്തിൽ എസ്‌യുവി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2023 ജനുവരിയിൽ മാരുതി സുസുക്കി 8,662 യൂണിറ്റ് ഗ്രാൻഡ് വിറ്റാര എസ്‌യുവി വിറ്റഴിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇപ്പോൾ ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ ഒരു പുതിയ പരസ്യവുമായി എത്തിയിരിക്കുകയാണ്.

മാരുതി നെക്സ തങ്ങളുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയിൽ, സവിശേഷതകൾക്കൊപ്പം എസ്‌യുവിയുടെ എക്സ്റ്റീരിയർ രൂപവും സ്റ്റൈലിംഗും ഇന്റീരിയർ ഡിസൈനും പ്രദർശിപ്പിച്ചിരിക്കുന്നു. ഈ പരസ്യം എസ്‌യുവിയുടെ അഡ്വഞ്ചർ ആംഗിൾ അല്ലെങ്കിൽ ഓഫ് റോഡ് ആംഗിളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈ വിഭാഗത്തിലെ മറ്റ് എസ്‌യുവി മോഡലുകളിൽ നിന്ന് ഗ്രാൻഡ് വിറ്റാരയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം എന്നത് സുസുക്കിയുടെ ഐതിഹാസിക AWD സംവിധാനത്തോടൊപ്പം വാഹനം വരുന്നു എന്നതാണ്. സുസുക്കി ഓൾഗ്രിപ്പ് (Allgrip) എന്നാണ് ഈ സിസ്റ്റത്തിന്റെ പേര്. ഈ ഇലക്ട്രോണിക് കൺട്രോൾഡ് AWD സിസ്റ്റം ഉപരിതലത്തിന്റെ / സർഫസിന്റെ അവസ്ഥയുടെ അടിസ്ഥാനത്തിൽ സ്വയം അഡാപ്റ്റ് ചെയ്യുന്നു. ഇത് ഒരു പ്യുവർ ഓഫ്-റോഡറല്ല, പക്ഷേ, ഒരു സാധാരണ ഫ്രണ്ട്-വീൽ ഡ്രൈവ് എസ്‌യുവിയേക്കാൾ കൂടുതൽ മികവുറ്റ ഡ്രൈവ് ഇതിന് നൽകാനാവും.

അധികം എക്സ്ട്രീം അല്ലാതെ ഓഫ്-റോഡ് സെക്ഷനുകളിലൂടെയും തടസ്സങ്ങളിലൂടെയും എസ്‌യുവി കടന്നുപോകുന്നതായി നമുക്ക് കാണാം. ഇതിനെല്ലാം കാരണം ഇന്റലിജന്റ് ഓൾഗ്രിപ്പ് സിസ്റ്റത്തിന്റെ ലഭ്യതയാണ്. ക്യാബിനിലുള്ള സെലക്ടർ നോബ് ഉപയോഗിച്ച് ടെറൈൻ അനുസരിച്ച് മോഡ് മാറ്റാൻ കഴിയും. ഇത് അനുസരിച്ച് പുതിയ ഗ്രാൻഡ് വിറ്റാരയിലെ AWD സിസ്റ്റത്തിന്റെ പ്രവർത്തന രീതിയും മാറും. പേരിന് പുറമെ, പഴയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയെ ഓർമ്മിപ്പിക്കുന്ന ഒന്നും തന്നെ എസ്‌യുവിയിലില്ല എന്നതാണ് സത്യം.
പല കാര്യങ്ങളും മനസ്സിൽ വെച്ചാണ് ഈ പുതിയ എസ്‌യുവി മാരുതി തുടക്കം മുതൽ തന്നെ വികസിപ്പിച്ചെടുത്തത്. വലിയ ഗ്രില്ലും എൽഇഡി ഡിആർഎല്ലുകളും ക്രോം ഔട്ട്‌ലൈനുകളുമുള്ള ഫ്രണ്ട് ഫാസിയ പോലുള്ള പ്രീമിയം സ്റ്റൈലിംഗാണ് ഗ്രാൻഡ് വിറ്റാര എസ്‌യുവിയ്ക്ക് ലഭിക്കുന്നത്. ആധുനിക കാലത്തെ നിരവധി എസ്‌യുവികളിൽ കാണുന്നത് പോലെ ഹെഡ്‌ലാമ്പും ബമ്പറിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു പ്രീമിയം ഓഫറായതിനാൽ എസ്‌യുവി നെക്‌സ ഡീലർഷിപ്പ് വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ വരുന്നു, പിന്നിൽ, ടെയിൽഗേറ്റിന് കുറുകെ കണക്റ്റിംഗ് എൽഇഡി ബാറുള്ള ഓൾ എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിന്റെ പ്രധാന ആകർഷണമാണ്. വേരിയന്റിനെ ആശ്രയിച്ച്, പനോരമിക് സൺറൂഫ്, HUD, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ,ഡ്യുവൽ-ടോൺ ലെതർ അപ്ഹോൾസ്റ്ററി, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.
പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ എസ്‌യുവി ലഭ്യമാകൂ എന്നത് ശ്രദ്ധിക്കണം. സ്ട്രോംഗ് ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പതിപ്പ് ഓഫറിലുണ്ട്. മൈൽഡ് ഹൈബ്രിഡ് പതിപ്പിൽ 105 PS പവറും 136 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ എസ്‌യുവിയിൽ ലഭ്യമാണ്. മൈൽഡ് ഹൈബ്രിഡ് വേരിയന്റിന്റെ മാനുവൽ പതിപ്പിനൊപ്പം ഓൾഗ്രിപ്പ് AWD സിസ്റ്റം ലഭ്യമാണ്.
ഇത് കൂടാതെ ഒരു ഇലക്ട്രിക് മോട്ടോറുമായി വരുന്ന 1.5 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റാണ്. ഈ പതിപ്പ് സംയുക്തമായി 115 PS മാക്സ് പവർ ഉത്പാദിപ്പിക്കുന്നു. മാരുതി ഗ്രാൻഡ് വിറ്റാരയുടെ എക്സ്-ഷോറൂം വില 10.45 ലക്ഷം രൂപയിൽ തുടങ്ങി 19.65 ലക്ഷം രൂപ വരെ ഉയരുന്നു. 12.85 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന ഗ്രാൻഡ് വിറ്റാരയുടെ സിഎൻജി പതിപ്പും മാരുതി പുറത്തിറക്കിയിട്ടുണ്ട്.


Click it and Unblock the Notifications