മാരുതി ഓട്ടോമാറ്റിക് യൂണിവേഴ്‌സ്; നിരത്തിലിറക്കിയ ഓട്ടോമാറ്റിക്ക് കാറുകളുടെ എണ്ണം കേട്ടാൽ ഞെട്ടും!
പണ്ട് ക്ലച്ച്ലെസ് കാറുകളെന്നാല്‍ കൂടുതല്‍ വില കൊടുക്കേണ്ട സാഹചര്യം ഇന്ന് മാറിയിട്ടുണ്ട്. മാരുതി സുസുക്കിയാണ് ഓട്ടോമാറ്റിക് കാറുകള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റിയത്. എന്നും സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടുനിന്ന മാരുതിയെ ജനങ്ങള്‍ വളര്‍ത്തിയിട്ടേ ഉള്ളൂ.
തിരക്കേറിയ ഇന്ത്യന്‍ നിരത്തുകളിലൂടെ ക്ലച്ച് അമര്‍ത്തിയും ഗിയര്‍ മാറ്റിയും ബുദ്ധിമുട്ടുന്ന ദുരിതത്തിനാണ് ഓട്ടോമാറ്റിക് കാറുകളുടെ വരവ് മാറ്റം വരുത്തിയത്. ഒട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ജനപ്രിയമായി മാറാനുള്ള കാരണവും ഇതാണ്. സാധാരണക്കാരന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കി AMT ട്രാന്‍സ്മിഷനുകള്‍ വിപണി കൈയടക്കിയതോടെ ക്ലച്ച്ലെസ് കാറുകളുടെ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു. രാജ്യത്തെ കാര്‍ വിപണിയില്‍ ഓരോ ദിവസവും പുത്തന്‍ വില്‍പ്പന റെക്കോഡുകള്‍ തീര്‍ക്കുന്ന മാരുതി ഇപ്പോള്‍ ഒരു പുത്തന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള 10 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഒരു സുപ്രധാന നാഴികക്കല്ല് താണ്ടിയത്. കമ്പനി വില്‍ക്കുന്ന 16 മോഡലുകളില്‍ നാല് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (AGS), 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (AT), സ്റ്റിയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകളുള്ള അഡ്വാന്‍സ്ഡ് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഇലക്ട്രോണിക് കണ്ടിന്വസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (e-CVT) എന്നിവയാണവ.
മൊത്തത്തിലുള്ള ഓട്ടോമാറ്റിക് കാര്‍ വില്‍പ്പന പരിശോധിച്ചാല്‍ ഇതില്‍ 65 ശതമാനവും AGS സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. 2014-ലാണ് ഈ ട്രാന്‍സ്മിഷന്‍ കമ്പനി പുറത്തിറക്കിയത്. മൊത്തം വില്‍പ്പനയുടെ 27 ശതമാനമാണ് AT ട്രാന്‍സ്മിഷന്‍ മോഡലുകളുടെ സംഭാവന. ഓട്ടോമാറ്റിക് കാര്‍ വില്‍പ്പനയുടെ 8 ശതമാനം വിഹിതം ഹൈബ്രിഡ് e-CVT ട്രാന്‍സ്മിഷനാണ് നല്‍കുന്നത്.
ഇനി ഓട്ടോമാറ്റിക് കാര്‍ വില്‍പ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ നമ്മുടെ കേരളവുമുണ്ട്. കേരളത്തെ കൂടാതെ ഡല്‍ഹി എന്‍സിആര്‍, മഹാരാഷട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഓട്ടോമാറ്റിക് കാറുകള്‍ കൂടുതലായി വില്‍ക്കപ്പെടുന്നത്. 5-സ്പീഡ് AGS ഗിയര്‍ബോക്‌സ് മാരുതി വാഗ്ദാനം ചെയ്യുന്ന മോഡലുകള്‍ ഏതെന്ന് നമുക്ക് നോക്കാം.
ആള്‍ട്ടോ K10, എസ്പ്രെസോ, സെലേറിയോ, വാഗണ്‍ആര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഫ്രോങ്ക്സ് എന്നീ മോഡലുകളാണ് AGS ഗിയര്‍ബോക്സുമായി വരുന്നത്. 4-സ്പീഡ് AT സിയാസ് സെഡാനിലും ജിംനി ലൈഫ്സ്റ്റൈല്‍ ഓഫ്റോഡര്‍ എസ്യുവിയിലുമാണ് വരുന്നത്. പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ അഡ്വാന്‍സ്ഡ് 6-സ്പീഡ് AT ഫ്രോങ്ക്സ്, ബ്രെസ, എര്‍ട്ടിഗ, XL6, ഗ്രാന്‍ഡ് വിറ്റാര എന്നിവയില്‍ ലഭ്യമാണ്.
കമ്പനിയുടെ ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് മോഡലുകളായ ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ എന്നിവയില്‍ മാത്രമാണ് e-CVT ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കുന്നത്. നെക്സ റീട്ടെയില്‍ ശൃംഖലയിലെ ഉപഭോക്താക്കള്‍ ഹൈ-എന്‍ഡ് ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നതെന്നാണ് കമ്പനി പറയുന്നത്. മാരുതിയുടെ ഓട്ടോമാറ്റിക് കാര്‍ വില്‍പ്പനയുടെ 58 ശതമാനം വരും ഇത്. അരീന ഉപഭോക്താക്കള്‍ മിഡ്-ലെവല്‍ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്. ഓട്ടോമാറ്റിക് കാര്‍ വില്‍പ്പനയില്‍ ഏകദേശം 42% ഇവ സംഭാവന ചെയ്യുന്നു.
ടൂ പെഡല്‍ ഓട്ടോമാറ്റിക് കാറുകള്‍ ജനപ്രിയമാക്കുന്നതില്‍ തങ്ങള്‍ സുപ്രധാന പങ്ക്വഹിച്ചതായും ഓട്ടോമാറ്റിക് കാര്‍ വില്‍പ്പന നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് ലക്ഷ്യമിടുന്നതെന്നും മാരുതി സുസുക്കു വ്യക്തമാക്കി. ഇന്ന് ഇന്ത്യയില്‍ വില്‍ക്കുന്ന ഭൂരിഭാഗം ഓട്ടോമാറ്റിക് കാറുകളും AMT വേരിയന്റുകളാണ്. ക്ലച്ച് പെഡല്‍ ഇല്ലാതെ അടിസ്ഥാനപരമായി സ്വന്തമായി ഗിയര്‍ മാറുന്ന ഒരു മാനുവല്‍ കാറാണ് AMT മോഡലുകള്‍.
മാനുവല്‍ കാറുകളുടെ ഗിയര്‍ബോക്സ് സംവിധാനമാണ് AMT മോഡലുകളിലും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്ലച്ചിന്റെയും ഗിയറിന്റെ പ്രവര്‍ത്തനം ഓട്ടോമാറ്റിക്കായിരിക്കുമെന്ന് മാത്രം. ക്ലച്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ചില സെന്‍സറുകളുടെ സഹായത്തോടെ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്ന ഇലക്ട്രോണിക് സംവിധാനമാണ്. അടുത്തിടെ നിസാന്‍ മാഗ്‌നൈറ്റിന്റെ വില കുറഞ്ഞ വേരിയന്റും പുറത്തിറങ്ങിയിരുന്നു. ഓട്ടോമാറ്റിക് തേടുന്ന ഉപഭോക്താക്കളെ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി പാട്ടിലാക്കാനാണ് കമ്പനികളുടെ നീക്കം.


Click it and Unblock the Notifications








