എസ്‌യുവി സെഗ്‌മെന്റും കാല്‍ക്കീഴില്‍; മാരുതിയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്?

ഇന്ത്യയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡും കടുത്ത മത്സരവും നടക്കുന്ന വാഹന വിഭാഗം ഏതെന്ന് ചോദിച്ചാല്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ അഥവാ എസ്‌യുവി എന്നാകും ഉത്തരം. ഓരോ ദിവസം കഴിയുംതോറും എസ്‌യുവികളുടെ ജനപ്രിയത കൂടുകയാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ വിറ്റ രണ്ട് കാറുകളില്‍ ഒന്ന് എസ്‌യുവിയാണെന്നത് ഇതിന് അടിവരയിടുന്നു.

മാറുന്ന ട്രെന്‍ഡിന് അനുസരിച്ച് തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റിപ്പയറ്റുന്നതില്‍ അഗ്രഗണ്യന്‍മാരാണ് മാരുതി സുസുക്കി. ജനങ്ങള്‍ എസ്‌യുവികള്‍ക്ക് പിറകെ പോകുന്നത് മനസ്സിലാക്കി കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുന്ന മാരുതിയുടെ തന്ത്രം ഫലം കണ്ടിരിക്കുകയാണ്. തങ്ങളുടെ കൈപ്പിടിയിൽ നിന്ന് കുതറി നിന്നിരുന്ന എസ്‌യുവി സെഗ്‌മെഗന്റും കീഴടക്കിയിരിക്കുകയാണ് മാരുതിയിപ്പോള്‍. സമീപകാലത്ത് വിപണിയില്‍ എത്തിച്ച പുത്തന്‍ മോഡലുകളാണ് മാരുതിയെ അതിന് സഹായിച്ചത്.

maruti suzuki brezza

എസ്‌യുവി വിഭാഗത്തില്‍ 25 ശതമാനം വിപണി വിഹിതം കൈവശം വച്ചുകൊണ്ട് മഹീന്ദ്രയെ തോല്‍പ്പിച്ച് ഒന്നാമതെത്താന്‍ ഇന്താ-ജാപ്പനീസ് വാഹന നിര്‍മാതാവിനായി. ജൂലൈയില്‍ മാരുതി 42620 യൂണിറ്റ് എസ്‌യുവികള്‍ വിറ്റപ്പോള്‍ മഹീന്ദ്രക്ക് 36124 യൂണിറ്റുകളാണ് വില്‍ക്കാനായത്. മാരുതി ബ്രെസയാണ് കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവി. 16,543 യൂണിറ്റ് വില്‍പ്പനയാണ് ബ്രെസ പോയ മാസം സംഭാവന ചെയ്തത്. 14,062 യൂണിറ്റ് വില്‍പ്പനയുമായി ഹ്യുണ്ടായി ക്രെറ്റ രണ്ടാം സ്ഥാനത്തെത്തി.

വമ്പന്‍ അപ്‌ഡേറ്റുകളുമായി ക്രെറ്റ എസ്‌യുവി ഉടന്‍ വിപണിയിലെത്തുന്നതോടെ ഈ ട്രെന്‍ഡ് മാറുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ ന്യൂജെന്‍ ക്രെറ്റ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ജനപ്രിയ മോഡലുകളായ ടാറ്റ നെക്സോണിനെയും പഞ്ചിനെയും മറികടന്ന് മാരുതി സുസുക്കി ഫ്രോങ്ക്സ് മൂന്നാം സ്ഥാനത്തെത്തിയത് പലരെയും ഞെട്ടിച്ചിരുന്നു.

maruti suzuki fronx

പോയമാസം ഫ്രോങ്ക്‌സിന്റെ 13,220 യൂണിറ്റുകളാണ് വിറ്റുപോയത്. ജൂലൈയില്‍ നെക്‌സോണിന്റെ 12,349 യൂണിറ്റുകളും പഞ്ചിന്റെ 12,019 യൂണിറ്റുകളുമാണ് വിറ്റത്. മഹീന്ദ്ര സ്‌കോര്‍പിയോ (10,522), ഹ്യുണ്ടായി വെന്യു (10,062), കിയ സെല്‍റ്റോസ് (9740) എന്നീ മോഡലുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ടോപ് 10 എസ്‌യുവികളുടെ പട്ടികയില്‍ മാരുതിയുടെ 3 മോഡലുകള്‍ ഇടംപിടിച്ചു. ബ്രെസക്കും ഫ്രോങ്ക്‌സിനും പുറമെ ലിസ്റ്റില്‍ ഇടംനേടിയ മോഡല്‍ ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് എസ്‌യുവിയാണ്.

2023 ജൂലൈയിലെ എസ്‌യുവി വില്‍പ്പന ചാര്‍ട്ടുകളിലും ഗ്രാന്‍ഡ് വിറ്റാര ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 9079 യൂണിറ്റാണ് വില്‍പ്പന. ഇക്കഴിഞ്ഞ മാസം വിപണിയില്‍ എത്തിയ ഹ്യുണ്ടായി എക്‌സ്റ്റര്‍ ആദ്യ മാസം തന്നെ വില്‍പ്പനയില്‍ കസറി. 7000 യൂണിറ്റ് വില്‍പ്പനയുമായി എക്‌സ്റ്റര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പത്താമത്തെ എസ്‌യുവിയായി മാറി. കഴിഞ്ഞ മാസം ജിംനി 5 ഡോര്‍ പതിപ്പ് 3778 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്.

maruti suzuki jimny

ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ് 2021 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെയാണ് എസ്‌യുവിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം അതിന്റെ മുഴുവന്‍ ലൈനപ്പും പുതുക്കുകയോ പുതു തലമുറ അപ്ഡേറ്റ് നല്‍കുകയോ ചെയ്തു. ഇപ്പോള്‍ നിലവിലുള്ള മോഡലുകള്‍ കൊണ്ട് മാത്രം ഒന്നും ആവില്ലെന്ന തിരിച്ചറിവില്‍ കൂടുതല്‍ ലോഞ്ചുകളും കമ്പനിയുടെ മനസ്സില്‍ ഉണ്ടായിരുന്നു.

പുതു തലമുറ ബ്രെസക്കൊപ്പം മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയെ വെല്ലുവിളിച്ച് പുതിയ ഗ്രാന്‍ഡ് വിറ്റാര കഴിഞ്ഞ വര്‍ഷം പുറത്തിറക്കി. ഇതിന് പിന്നാലെ ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി ഫ്രോങ്ക്സ് കോംപാക്റ്റ് എസ്‌യുവി കൂപ്പെയും ജിംനി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പും അവതരിപ്പിച്ചു.

ഏപ്രിലില്‍ മാരുതി ഫ്രോങ്ക്‌സിന്റെ വില പ്രഖ്യാപിച്ചപ്പോള്‍ തൊട്ടുപിന്നാലെ മാരുതി ജിംനിയും വിപണിയില്‍ എത്തി. ഗ്രാന്‍ഡ് വിറ്റാരയെ പോലെ തന്നെ വിപണിയില്‍ എത്തിയതിന് പിന്നാലെ ഫ്രോങ്ക്‌സും ഓരോ മാസവും വില്‍പ്പന ഉയര്‍ത്തുകയാണ്. എസ്‌യുവി സെഗ്‌മെന്റിന് ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഹാച്ച്ബാക്ക്, സെഡാന്‍ വിഭാഗത്തിന് വലിയ അടിയാണ്.

ഈ വരുന്ന ഉത്സവ സീസണില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുക കൂടി ചെയ്യുന്നതോടെ എസ്‌യുവിയുടെ ഡിമാന്‍ഡ് കുത്തനെ ഉയരുമെന്നതില്‍ സംശയമില്ല. ഏറെ നാളായി വാഹന ലോകം കാത്തിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രോണ്‍ C3 എയര്‍ക്രോസ്, ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റ് എന്നീ എസ്‌യുവികള്‍ ആണ് ഉത്സവ സീസണ്‍ കളറാക്കാന്‍ എത്തുന്നത്. ഇക്കാലയളവില്‍ എസ്‌യുവികളുടെ വില്‍പ്പന വീണ്ടും പൊടിപൊടിക്കുമെന്നാണ് നിരീക്ഷണം.

Article Published On: Tuesday, August 8, 2023, 13:48 [IST]
English summary
Maruti suzuki tops suv segment in july 2023 courtesy to new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X