സെലേറിയോയ്ക്ക് ഒരല്പം എക്സ്ട്ര; ഉത്സവ സീസണിൽ ഹാച്ച്ബാക്കിന് പുതുമയേകാൻ അധിക ആക്സസറികളുമായി മാരുതി
വിപണിയിൽ എത്തിയ കാലം മുതൽ തന്നെ മാരുതിയുടെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് സെലേറിയോ. സ്ഥിരമായി മാന്യമായ വിൽപ്പന കണക്കുകൾ വാഗ്ദാനം ചെയ്യുന്ന ഹാച്ച്ബാക്കിന് നിർമ്മാതാക്കൾ ഒരു മിഡ് ലൈഫ് അപ്പ്ഡേറ്റ് നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ അധിക ആക്സസറികളുമായി മാരുതി സുസുക്കി സെലേറിയോയുടെ എക്സ്ട്ര എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ്. ഈ പ്രത്യേക എഡിഷന്റെ വില നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ആൾട്ടോ, എസ്-പ്രസ്സോ എക്സ്ട്ര എഡിഷനുകൾ പോലെ, സാധാരണ വേരിയന്റിനേക്കാൾ ഒരല്പം ഉയർന്ന വിലനിർണ്ണയത്തിനൊപ്പം സെലേറിയോയ്ക്ക് അധിക കിറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഏകദേശം 25,000 രൂപ അധിക വിലവരും.

ആക്‌സസറികളിൽ വീൽ ആർച്ച് ക്ലാഡിംഗ്, ബോഡി സൈഡ് മോൾഡിംഗ്, ഡോർ വൈസർ ഗാർണിഷ് ഇൻസേർട്ട്, മൾട്ടിമീഡിയ സ്റ്റീരിയോ തുടങ്ങിയവ ഉൾപ്പെടും. ഇന്റീരിയർ സ്റ്റൈലിംഗ് കിറ്റിൽ, 3D മാറ്റുകൾ, ബൂട്ട് മാറ്റ്, ഡോർ സിൽ ഗാർഡ്, സ്റ്റിയറിംഗ് കവർ, നമ്പർ പ്ലേറ്റ് ഗാർണിഷ് തുടങ്ങിയ എക്സ്ട്ര ആക്‌സസറികളും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
പുതിയ എക്സ്ട്ര എഡിഷൻ ടാർഗെറ്റ് ഉപഭോക്താക്കൾക്കിടയിൽ കുറച്ച് കൂടി താൽപ്പര്യം സൃഷ്ടിക്കുകയും ഉത്സവ സീസണിൽ മോഡലിന്റെ വിൽപ്പന വർധിപ്പിക്കാൻ മാരുതിയെ സഹായിക്കുകയും ചെയ്യും. എസ്-പ്രെസ്സോ, ആൾട്ടോ K10 എന്നിവയ്ക്ക് ശേഷം ഇന്തോ ജാപ്പനീസ് ബ്രാൻഡിന്റെ എക്സ്ട്ര എഡിഷൻ ലൈനപ്പിലെ മൂന്നാമത്തെ മോഡലാണിത്.

കോസ്മെറ്റിക് അപ്പ്ഡേറ്റുകൾ അല്ലാതെ വാഹനത്തിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും തന്നെയില്ല, 67 bhp മാക്സ് പവറും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന അതേ K10C, 1.0 ലിറ്റർ, ത്രീ സിലിണ്ടർ ഡ്യുവൽ VVT എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയ്ക്ക് ഒപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു. സെലേറിയോയ്‌ക്കൊപ്പം സിഎൻജി ഓപ്ഷനും ലഭ്യമാണ്.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS + EBD, ഹിൽ ഹോൾഡ് അസിസ്റ്റ് (AGS), റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡേ-നൈറ്റ് IRVM, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, പവർ വിൻഡോകൾ, ഇലക്ട്രിക് ORVM -കൾ, നാല് സ്പീക്കറുകളുള്ള സ്മാർട്ട്പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ സെലേറിയോയുടെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

കൂടാതെ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ടിൽറ്റ് സ്റ്റിയറിംഗ്, റിയർ ഡീഫോഗർ, റിയർ വൈപ്പർ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ഇതിൽ വരുന്ന ഫീച്ചറുകളാണ്. 2014 -ൽ വിപണിയിൽ എത്തിയ കാർ, അടുത്തിടെ ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്.
2015 -ൽ ഒരു 800 സിസി ഡീസൽ മോട്ടോർ ഇതിന് ലഭിച്ചിരുന്നു എങ്കിലും കർഷനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം മാരുതി സുസുക്കി ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം നിർത്തിയതോടെ അക്കാര്യത്തിൽ തീരുമാനമായി. 2021 -ലാണ് സെലേറിയോ ഹാച്ചിന് കാര്യമായ ഒരു അപ്പ്ഡേറ്റ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്, നാളിതുവരെ ഈ രണ്ടാം തലമുറ വളരെ വിജയകരമായി തന്നെ തുടരുന്നു.

5.36 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ചെറു ഹാച്ച് ഇന്ത്യയിലെ ബെസ്റ്റ് മൈലേജ് കാറുകളിൽ ഒന്നാണ് എന്നതും ശ്രദ്ധേയമാണ്. ലിറ്ററിന് 26.68 കിലോമീറ്ററാണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ. മറ്റ് അനുബന്ധ വാർത്തകളിൽ മാരുതി സുസുക്കി എസ്‌യുവി സെഗ്മെന്റിൽ പുതിയ മാനങ്ങൾ കൈയ്യടക്കാനുള്ള ഒരുക്കത്തിലാണ്.
ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവി മോഡലായ ഗ്രാൻഡ് വിറ്റാരയെ കൂടുതൽ മെച്ചപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി. വരാനിരിക്കുന്ന കലണ്ടർ വർഷത്തിൽ ഒന്നാം പാദത്തിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ചുരുക്കത്തിൽ പറഞ്ഞാൽ ADAS സംവിധാനം ഗ്രാൻഡ് വിറ്റാരയിൽ വാഗ്ദാനം ചെയ്യാനുള്ള പണപ്പുരയിലാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ. ADAS സിസ്റ്റത്തിന്റെ വരവോടെ വിപണി വിഹിതം തീർച്ചയായും മെച്ചപ്പെടുത്താം എന്ന് മാരുതി വിശ്വസിക്കുന്നു.


Click it and Unblock the Notifications








