എതിരാളികളുടെ ഷോറൂമുകള്‍ കാലിയാക്കി മാരുതിയുടെ വിളയാട്ടം; ടോപ് 10 കാറുകളില്‍ എട്ടും മാരുതി
2023 ഓഗസ്റ്റ് മാസത്തെ രാജ്യത്തെ പാസഞ്ചര്‍ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. സംഭവബഹുലമായ ചില മാറ്റങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കുമാണ് വിപണി സാക്ഷ്യം വഹിച്ചത്. 2023 ഓഗസ്റ്റിലെ ഇന്ത്യയിലെ മികച്ച 10 കാറുകള്‍ എടുത്താല്‍ വില്‍പ്പന 143,549 യൂണിറ്റാണ്. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 9.63% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023 ഓഗസ്റ്റിലും മാരുതി സുസുക്കി എതിരാളികളില്ലാതെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ എട്ടും മാരുതി കാറുകളാണെന്നത് മാരുതിയുടെ ആധിപത്യത്തിന് തെളിവാണ്. ഹ്യുണ്ടായിയുടെയും ടാറ്റ മോട്ടോര്‍സിന്റെയും ഓരോ കാറുകള്‍ പട്ടികയില്‍ ഇടംനേടി. പോയ മാസത്തെ വില്‍പ്പന കണക്കുകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് ടാറ്റ പഞ്ച് നെക്സോണിനെ മറികടന്ന് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടാറ്റ കാര്‍ ആയി മാറിയതാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ടാറ്റക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മാനിക്കുന്ന മോഡല്‍ നെക്‌സോണ്‍ ആയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ടോപ് 10 കാറുകളുടെ പട്ടികയില്‍ നിന്ന് പോലും നെക്‌സോണ്‍ പുറംതള്ളപ്പെട്ടു. 14,523 യൂണിറ്റുകള്‍ വിറ്റഴിച്ച അഞ്ചാം സ്ഥാനത്തെത്തിയ പഞ്ച് മാത്രമാണ് ആദ്യ പത്തിലുള്ള ടാറ്റ കാര്‍.
നെക്സോണ്‍ ആദ്യ 10 കാറുകളുടെ പട്ടികയില്‍ നിന്ന് പുറത്താകാനുള്ള പ്രധാന കാരണം സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ മാസം ഇറങ്ങുന്നതിനാലാണ്. വമ്പന്‍ അപഡേറ്റുകളുമായി എത്തുന്ന നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബര്‍ 14-ന് പുറത്തിറങ്ങാന്‍ പോകുയാണ്. ഹ്യുണ്ടായി ക്രെറ്റയാണ് ടോപ് 10 പട്ടികയില്‍ ഇടം നേടിയ മറ്റൊരു മാരുതിയിതര കാര്‍. ഹ്യുണ്ടായി ക്രെറ്റയുടെ 13,832 യൂണിറ്റുകളാണ് പോയ മാസം വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 9.98% വളര്‍ച്ചയാണ് ക്രെറ്റക്ക്. പഞ്ചിന് പിന്നില്‍ ആറാം സ്ഥാനത്താണ് ക്രെറ്റ. മാരുതിയിലേക്ക് മടങ്ങി വന്നാല്‍ 2023 ഓഗസ്റ്റിലെ സ്റ്റാര്‍ പെര്‍ഫോമര്‍ ബലേനോയോ ബ്രെസയോ അല്ല. 18,653 യൂണിറ്റുകള്‍ വിറ്റഴിച്ച് സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനം പിടിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 11,275 യൂണിറ്റുകള്‍ മാത്രമായിരുന്നു സിഫ്റ്റിന്റെ വില്‍പ്പന. 65.44% ആണ് വര്‍ധന.
എസ്‌യുവി ജ്വരത്തിനിടയിലും സ്‌റ്റൈലിഷ് ഡിസൈനും ഇന്ധനക്ഷമതയും പെര്‍ഫോമന്‍സും കൈമുതലാക്കി സ്വിഫ്റ്റ് വലിയൊരു ഭാഗം കസ്റ്റമേഴ്‌സിനെ തന്നിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. മാരുതി സുസുക്കി ബലേനോയാണ് 2023 ഓഗസ്റ്റില്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 18,516 യൂണിറ്റുകളുടെ വില്‍പ്പനയാണ രേഖപ്പെടുത്തിയത്. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് (18,418 യൂണിറ്റുകള്‍) നേരിയ വളര്‍ച്ച രേഖപ്പെടുത്തി. മികച്ച മൈലേജും വിശാലമായ ഇന്റീരിയറുമുള്ള പ്രീമിയം ഹാച്ച്ബാക്ക് തുടര്‍ന്നും മാരുതിക്ക് വില്‍പ്പനയില്‍ നട്ടെല്ലാകും.

മാരുതിയുടെ വാഗണ്‍ആര്‍, ബ്രെസ എന്നീ മോഡലുകള്‍ക്ക് ഓഗസ്റ്റ് അത്ര നല്ല മാസമല്ല. 2022 ഓഗസ്റ്റില്‍ 18,398 യൂണിറ്റുകള്‍ വിറ്റിരുന്ന വാഗണ്‍ആറിന്റെ ഈ വര്‍ഷം ഓഗസ്റ്റിലെ വില്‍പ്പന 15,578 യൂണിറ്റില്‍ ഒതുങ്ങി. 15.33% ആണ് ഇടിവ്. എങ്കിലും ടോള്‍ബോയ് ഹാച്ച്ബാക്ക് പട്ടികയില്‍ മൂന്നാമതുണ്ട്. മാരുതിയുടെ ജനപ്രിയ എസ്‌യുവിയായ ബ്രെസക്കും വില്‍പ്പനയില്‍ കുറവുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ 15,193 യൂണിറ്റ് വില്‍പ്പന നേടിയിരുന്ന ബ്രെസക്ക് ഇക്കുറി 14,572 യൂണിറ്റാണ് വില്‍പ്പന.
2023 ഓഗസ്റ്റില്‍ 13,293 യൂണിറ്റ് വില്‍പ്പനയുമായി ഡിസയര്‍ കോംപാക്ട് സെഡാന്‍ ഏഴാം സ്ഥാനത്തെത്തി. 12.01% ആണ് വില്‍പ്പന വര്‍ധന. 2022 ഓഗസ്റ്റിലെ 9,314 യൂണിറ്റുകളെ അപേക്ഷിച്ച് 2023 ഓഗസ്റ്റില്‍ 12,315 യൂണിറ്റുകള്‍ വിറ്റഴിച്ച് എട്ടാം സ്ഥാനത്തുള്ള മാരുതി എര്‍ട്ടിഗ 32.22% വളര്‍ച്ച കൈവരിച്ചു. മാരുതിയുടെ ഏറ്റവും പുതിയ ലോഞ്ചുകളില്‍ ഒന്നായ ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി മികച്ച വില്‍പ്പനയുമായി ഒമ്പതാം സ്ഥാനത്തുണ്ട്.

ഓഗസ്റ്റില്‍ ഫ്രോങ്ക്‌സിന്റെ 12,164 യൂണിറ്റാണ് വിറ്റത്. 2023 ഓഗസ്റ്റില്‍ 11,859 യൂണിറ്റ് വില്‍പ്പനയുമായി മാരുതി ഇക്കോ വാനാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്. ഈ മാസത്തോടെ ട്രെന്‍ഡ് വീണ്ടും മാറിമറിയാന്‍ സാധ്യതയുണ്ട്. നിരവധി പുത്തന്‍ ലോഞ്ചുകള്‍ക്കാണ് സെപ്റ്റംബര്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഉത്സവ സീസണില്‍ പുത്തന്‍ ലോഞ്ചുകളുടെ ബലത്തില്‍ മാരുതിയെ പിടിച്ചുകെട്ടാന്‍ മറ്റ് ബ്രാന്‍ഡുകള്‍ക്ക് സാധിക്കുമോ എന്നാണ് വിപണി വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








