ചെലവോ തുച്ഛം ഗുണമോ മെച്ചം! എന്നാലും എപ്പോൾ എത്തും മാരുതി വാഗൺആർ ഫ്ലെക്സ് ഫ്യുവൽ?
ഈ വർഷം ആദ്യം ഡൽഹിയിൽ 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ വാഗൺആറിന്റെ ഫ്ലെക്‌സ് ഫ്യുവൽ പതിപ്പ് അവതരിപ്പിച്ചത്. ഫ്ലെക്സ് ഫ്യുവൽ (എഥനോൾ പെട്രോൾ മിക്ച്ചർ) വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി തയ്യാറാണ് എന്ന വെളിപ്പെടുത്തൽ കൂടെയായിരുന്നു ഇത്.
എന്നാൽ ഇത്തരം ഫ്യുവലുകൾ രാജ്യത്തുടനീളം എളുപ്പത്തിൽ വളരെ സുലഭമായി ലഭ്യമാകുന്നതുവരെ ഫ്ലെക്സ് ഫ്യുവൽ മോഡലുകളുടെ കൊമേർഷ്യൽ ഉൽപ്പാദനം ആരംഭിക്കുന്നത് നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും 2025 -ഓടെ ഫ്ലെക്സ് ഫ്യുവൽ പ്രോഗ്രാം അവതരിപ്പിക്കാൻ ബ്രാൻഡ് ലക്ഷ്യമിടുന്നു. കൂടുതൽ ക്ലീനായ മൊബിലിറ്റി സൊല്യൂഷനുകളിലേക്കുള്ള അടുത്ത പടിയാണിത്.

ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്നുള്ള ഇൻപുട്ടുകളും ടെക്നോളജിയും ഉപയോഗിച്ച് മാരുതി സുസുക്കിയുടെ ഇൻ-ഹൗസ് എഞ്ചിനീയറിംഗ് ടീമാണ് വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ ഹാച്ച്ബാക്ക് രൂപകൽപ്പന ചെയ്തതും ഡെവലപ്പ് ചെയ്യുന്നതും. 20 ശതമാനം (E20) മുതൽ 85 ശതമാനം (E85) വരെയുള്ള ഏത് തരം എഥനോൾ & പെട്രോൾ മിശ്രിതത്തിലും ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഫ്ലെക്സ് ഫ്യുവൽ വാഹനമായിരിക്കും ഇത്.
പുറത്തു വരുന്ന പുതിയ റിപ്പോർട്ട് അനുസരിച്ച്, ഫ്ലെക്സ് ഫ്യുവൽ വാഗൺആർ 2025 നവംബറിൽ ഉൽപ്പാദനം ആരംഭിക്കും. എഥനോളിന്റെ കൊറോസീവ്നെസും (Corrosiveness) അതിന്റെ കുറഞ്ഞ കലോറിക് വാല്യുവും ഹാൻഡിൽ ചെയ്യുന്നതിനായി, കാർ നിർമ്മാതാക്കൾ തങ്ങളുടെ നോർമൽ പെട്രോൾ എഞ്ചിനുകളിൽ ചില മാറ്റങ്ങൾ വരുത്തി അവയെ ഫ്ലെക്സ് ഫ്യുവലിൽ പ്രവർത്തിക്കാൻ അനുയോജ്യമാക്കുന്നു.

ഫ്യുവലിൽ എഥനോൾ ശതമാനം കണ്ടെത്തുന്നതിനുള്ള എഥനോൾ സെൻസറുകൾ, കോൾഡ് സ്റ്റാർട്ട് അസിസ്റ്റിനുള്ള ഹീറ്റഡ് ഫ്യുവൽ റെയിൽ എന്നിങ്ങനെയുള്ള പുതിയ ഫ്യുവൽ സിസ്റ്റം ടെക്നോളജിയാണ് മാരുതി വാഗൺആർ ഫ്ലെക്‌സ് ഫ്യൂവലിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 88.5 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും വാഗൺ ആറിന്റെ പുതിയ പതിപ്പിന്റെ ഹൃദയം.
അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ നിർമ്മാതാക്കൾ ഇതിൽ സ്റ്റാൻഡേർഡായി നൽകിയേക്കാം, ലോഞ്ചിന് ശേഷം ഒരു ഓട്ടോമാറ്റിക് വേരിയന്റും മാരുതി സുസുക്കി അവതരിപ്പിച്ചേക്കാം. പുതുക്കിയ എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റം, ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പമ്പ് എന്നിവ ഫ്ലെക്സ് ഫ്യുവൽ സജ്ജീകരണത്തെ കൂടുതൽ ശക്തമാക്കുന്നു.

ഇത് ബിഎസ് VI ഫേസ് II എമിഷൻ മാനദണ്ഡങ്ങളും കൃത്ത്യമായി പാലിക്കും. E85 ഫ്യുവലിൽ പ്രവർത്തിക്കുമ്പോൾ, സാധാരണ പെട്രോൾ എഞ്ചിനേക്കാൾ 79 ശതമാനം കാർബൺ എമിഷൻ കുറയ്ക്കാൻ ഫ്ലെക്സ് ഫ്യുവൽ വാഗൺആർ മോഡൽ അവകാശപ്പെടുന്നു. പവറിന്റെയും പെർഫോമെൻസിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഹാച്ച്‌ബാക്കിന്റെ ഫ്ലെക്‌സ്ഫ്യുവൽ പതിപ്പിൽ ചില പുതിയ ബോഡി ഗ്രാഫിക്സും ബോഡിക്ക് ചുറ്റുമുള്ള ഗ്രീൻ ഗാർണിഷുകളും എലമെന്റുകളും ഉണ്ടായിരിക്കാം.
അകത്ത്, മൗണ്ടഡ് കൺട്രോളുകളുമുള്ള ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി സംവിധാനമുള്ള സെൻട്രൽ ലോക്കിംഗ്, ഡ്യുവൽ എയർബാഗുകൾ, EBD + ABS, പിൻ പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകൾ ലഭ്യമായിരിക്കും. അതോടൊപ്പം ഒരു ഡ്യുവൽ ടോൺ ബ്ലാക്ക്, ബീജ് തീമിലാവും വാഹനത്തിന്റ അകത്തളം ഒരുങ്ങുന്നത്.

എക്സ്റ്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ, നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന നോർമൽ വാഗൺ ആറുമായി ഏറെക്കുറെ സമാനമായിരിക്കും ഫ്ലെക്സ്-ഫ്യുവൽ വേരിയന്റും. വാഹനത്തിന് ചുറ്റുമുള്ള ഗ്രീൻ എലമെന്റുകളും 'ഫ്ലെക്‌സ്-ഫ്യുവൽ' ഗ്രാഫിക്‌സുമാണ് പുറത്തു നിന്ന് നമുക്ക് കാണാനാവുന്ന മാറ്റങ്ങൾ. ഇതല്ലാതെ വാഹനത്തിൽ വരുന്ന പ്രധാന അപ്പ്ഡേറ്റുകൾ എല്ലാം ബോണറ്റിന് കീഴിലാണ്.


Click it and Unblock the Notifications








