അരീന കാര്‍ നിരയില്‍ വമ്പന്‍ ഡിസ്‌കൗണ്ടുമായി മാരുതി; വാഗണ്‍ആറിന് ഏറ്റവും ഉയർന്ന കിഴിവ്
മാര്‍ച്ച് മാസത്തില്‍ നിരവധി വാഹന നിര്‍മാതാക്കള്‍ ആകര്‍ഷകമായ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് കാറുകള്‍ വാങ്ങാന്‍ അവസരം നല്‍കുന്നുണ്ട്. ഹോളി ആഘോഷങ്ങളുടെയും വനിത ദിനത്തിന്റെയും ഭാഗമായി ഓഫറുകള്‍ ഉണ്ടെങ്കിലും പ്രധാന കാരണം അതൊന്നുമല്ല. ഏപ്രില്‍ 01 മുതല്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്.
അതിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റോക്കുള്ള വാഹനങ്ങള്‍ പരമാവധി വിറ്റഴിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് മാസത്തില്‍, കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പുതിയ തലമുറ ബ്രെസ കോംപാക്റ്റ് എസ്‌യുവി ഒഴികെ മാരുതി അരീന കാര്‍ നിരയില്‍ മികച്ച ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിപണിയില്‍ എത്തിയ എന്‍ട്രി ലെവല്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടിയ ഒരു അരീന മോഡലാണ്. ഇതിപ്പോള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ വാങ്ങാനാകും. മോഡലിന് 30,000 രൂപയാണ് കണ്‍സ്യൂമര്‍ ഓഫര്‍ അല്ലെങ്കില്‍ ക്യാഷ് ഡിസ്‌കൗണ്ടായി നല്‍കുന്നത്. എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം ആനുകൂല്യം 49,000 രൂപയാകും.
മാരുതി സുസുക്കിയുടെ മറ്റൊരു ബെസ്റ്റ് സെല്ലിംഗ് മോഡലായ ആള്‍ട്ടോ 800 കാറിന് 20,000 രൂപയാണ് കണ്‍സ്യൂമര്‍ ഓഫര്‍. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,100 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും കൂടി ചേരുന്നതോടെ മൊത്തം ആനുകൂല്യം 38,100 രൂപയായി മാറും. 2021 അവസാനത്തോടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പുതിയ മാരുതി സുസുക്കി സെലേറിയോക്കും മികച്ച ഓഫറുണ്ട്.

25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അടക്കം മൊത്തം 44,000 രൂപയാണ് കിഴിവ് നേടാനാകുക. മോഡലിന് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു. മാരുതി സുസുക്കി എസ്-പ്രസ്സോ ഇപ്പോള്‍ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ വാങ്ങാം. എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കിട്ടും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ മാരുതി സുസുക്കി വാഗണ്‍ആറിന് വമ്പന്‍ ഡിസ്‌കൗണ്ട് ഉണ്ട്.
ഏറ്റവും മികച്ച ഓഫറില്‍ ഈ മാസം സ്വന്തമാക്കാവുന്ന അരീന മോഡലാണ് വാഗണ്‍ആര്‍. 59,000 രൂപ വരെ വിലക്കിഴിവിലാണ് വാഗണ്‍ആര്‍ ഇപ്പോള്‍ മാരുതി ഓഫര്‍ ചെയ്യുന്നത്. 40,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് കിഴിവായി 4000 രൂപയും നേടാം. . സെലേറിയോ, എസ്-പ്രസോ എന്നീ മോഡലുകള്‍ക്ക് സമാനമായി സ്വിഫ്റ്റ് കോംപാക്ട് ഹാച്ച്ബാക്കിനും 49,100 രൂപയാണ് കിഴിവ്.

മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് സെഡാനായ ഡിസയറിന് എക്‌സ്‌ചേഞ്ച് ബോണസ് മാത്രമോ ഓഫര്‍ ചെയ്യുന്നുള്ളൂ. 10,000 രൂപയാണ് ഡിസയര്‍ സെഡാന് വാഗ്ദാനം ചെയ്യുന്ന ഡിസ്‌കൗണ്ട്. ക്യാഷ് ഡിസ്‌കൗണ്ടോ കോര്‍പറേറ്റ് ഡിസ്‌കൗണ്ടോ ലഭിക്കില്ല. ഇക്കോ വാനിനും ഓഫറുണ്ട്. 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ഇക്കോക്ക് വാഗ്ദാനം.
മാരുതി തങ്ങളുടെ ടാക്‌സി ശ്രേണിയിലും ഈ മാസം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഈ ലേഖനത്തില്‍ പറഞ്ഞ ഓഫറുകള്‍ ലഭ്യതക്കും വേരിയന്റുകള്‍ക്കുമനുസരിച്ച് മാറ്റം വരും. അതുപോലെ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്ത മാരുതി ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്ക് പ്രഖ്യാപിച്ച വേളയില്‍ മാരുതി സുസുക്കി ഏവരേയും ഞെട്ടിച്ചിരുന്നു.
28 ദിവസം കൊണ്ട് 1.72 ലക്ഷം കാറുകള്‍ വിറ്റഴിച്ചാണ് മാരുതി വീണ്ടും കഴിവ് തെളിയിച്ചത്. 2022 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 10.09 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി നേടിയെടുത്തത്. ഇതില്‍ ആഭ്യന്തര വില്‍പ്പന 150,823 യൂണിറ്റുകളാണ്. മറ്റ് OEM-ലേക്കുള്ള വില്‍പ്പന 4,291 യൂണിറ്റുകളും 17,207 യൂണിറ്റുകള്‍ കയറ്റുമതിയും ചെയ്തു. ആഭ്യന്തര വില്‍പ്പന മാത്രം 1.50 ലക്ഷം യൂണിറ്റിലെത്തിക്കാന്‍ കമ്പനിക്കായി.


Click it and Unblock the Notifications








