നക്ഷത്രം വീണ്ടുമുദിച്ചു; പതിറ്റാണ്ടിന് ശേഷം മെര്‍സിഡീസ് AMG SL55 റോഡ്‌സ്റ്ററിന്റെ വമ്പന്‍ തിരിച്ചുവരവ്
ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് പുതിയ AMG SL 55 ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 2.35 കോടി രൂപ മുതലാണ് കാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഒരു പതിറ്റാണ്ട് കാലത്തിന് ശേഷം ഇതാദ്യമായാകും SL ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്. റോഡ്‌സ്റ്ററിന്റെ 5-ാം തലമുറ പതിപ്പ് വിപണിയിലെത്തി 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് SL 7-ാം തലമുറ ഇന്ത്യന്‍ മണ്ണിലെത്തിയത്.
2+2 സീറ്റിംഗ് ലേഔട്ടും ഫാബ്രിക് റൂഫും ഉള്ള റോഡ്സ്റ്റര്‍ CBU ആയി ഇന്ത്യയിലെത്തിക്കും. ലക്ഷ്വറി കണ്‍വെര്‍ട്ടബിളിന്റെ ഒരൊറ്റ പതിപ്പാണ് മെര്‍സിഡീസ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. റോഡ്‌സ്റ്ററിന്റെ ഏഴാം തലമുറ പതിപ്പ് സാങ്കേതികമായി ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ആഗോള ലൈനപ്പിലെ S-ക്ലാസ് കാബ്രിയോലെറ്റ്, AMG GT റോഡ്സ്റ്റര്‍, ആറാം തലമുറ SL എന്നിവയുടെ പകരക്കാരനാകും.

ഒബ്‌സിഡിയന്‍ ബ്ലാക്ക്, സെലനൈറ്റ് ഗ്രേ, ഹൈപ്പര്‍ ബ്ലൂ, ആല്‍പൈന്‍ ഗ്രേ, ഒപാലൈറ്റ് വൈറ്റ് ബ്രൈറ്റ്, സ്‌പെക്ട്രല്‍ ബ്ലൂ മാഗ്‌നോ, പാറ്റഗോണിയ റെഡ് ബ്രൈറ്റ്, മോണ്‍സ ഗ്രേ മാഗ്‌നോ എന്നിങ്ങനെ എട്ട് കളര്‍ ഓപ്ഷനുകളിലാണ് മെര്‍സിഡീസ് SL 55 റോഡ്‌സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്.
മെര്‍സിഡീസ് ബെന്‍സ് AMG SL 55-ന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ, V8 പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 469 bhp പവറും 700 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇത് മെര്‍സിഡീസിന്റെ 4Matic+ സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ ഈ കാര്‍ വെറും 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 295 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. റിയര്‍ ആക്സില്‍ സ്റ്റിയറിംഗ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുവെന്നതാണ് SL-ന്റെ മറ്റൊരു സവിശേഷത. 4,705mm നീളവും 1,915mm വീതിയും 1,359mm ഉയരവുമാണ് മെര്‍സിഡീസ് SL55 റോഡ്‌സ്റ്ററിന്റെ വലിപ്പം. പുതിയ കാറിന് നീളം 88 mm, വീതി 38mm, ഉയരം 44mm എന്നിവ വര്‍ധിപ്പിച്ചിരിക്കുന്നു.
പുതിയ പിന്‍ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്നതിനായി വീല്‍ബേസ് 117 mm വര്‍ധിപ്പിച്ച് 2,700 mm ആക്കിയിട്ടുണ്ട്. വലിയ പാന്‍അമേരിക്കാന ഫ്രണ്ട് ഗ്രില്‍, ആംഗുലാര്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, രണ്ട് പവര്‍ ഡോമുകളുള്ള നീളമുള്ള ബോണറ്റ്, ഹെവി വിന്‍ഡ്സ്‌ക്രീന്‍, ക്വാഡ് എക്സ്ഹോസ്റ്റുകള്‍, 20 ഇഞ്ച് അലോയ്കള്‍ എന്നിവയാണ് പുതിയ മെര്‍സിഡീസ് SL55 റോഡ്‌സ്റ്ററിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍. വ്യത്യസ്ത ഡിസൈനിലുള്ള വലിയ 21 ഇഞ്ച് അലോയ് വീലുകള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

നാലാം തലമുറ മോഡലിന് ശേഷം ഇതാദ്യമായി പുതിയ SL-ല്‍ ജര്‍മന്‍ ബ്രാന്‍ഡ് ട്രിപ്പിള്‍-ലെയര്‍ ഫാബ്രിക് റൂഫ് വാഗ്ദാനം ചെയ്യുന്നു. മുന്‍ തലമുറ മോഡലില്‍ സജ്ജീകരിച്ചിരുന്ന മെറ്റല്‍ റൂഫിനെക്കാള്‍ 21 കിലോഗ്രാം ഭാരം കുറവാണ് ഇതിനെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സെന്റര്‍ കണ്‍സോളിലെ സ്വിച്ച് വഴിയോ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ വഴിയോ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 60kmph വരെ വേഗതയില്‍ തുറക്കാനും അടക്കാനും 16 സെക്കന്‍ഡ് മതി.
ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ, ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഫാബ്രിക് റൂഫ് ലഭ്യമാണ്. പുതിയ മെര്‍സിഡീസ് 4+4 സീറ്റിംഗ് ലേഔട്ടിലാണ് വരുന്നത്. പിന്‍സീറ്റ് കുട്ടികള്‍ക്ക് നന്നായി ഇണങ്ങും. അകത്തളം S-ക്ലാസ്, C-ക്ലാസ് പോലുള്ള മെര്‍സിഡീസിന്റെ സമീപകാല മോഡലുകളെ പോലെയാണ്. 11.9 ഇഞ്ച് വെര്‍ട്ടിക്കലി ഓറിയന്റഡ് ടച്ച്സ്‌ക്രീന്‍ അകത്ത് സജ്ജീകരിച്ചിരിക്കുന്നു. ഇത് 12, 32 ഡിഗ്രിക്കും ഇടയിലുള്ള ആംഗിളില്‍ അഡ്ജസ്റ്റ് ചെയ്യാം.

മെര്‍സിഡീസിന്റെ MBUX ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ തലമുറയാണ് കാറില്‍ ഓഫര്‍ ചെയ്യുന്നത്. കൂടാതെ AMG സോഫ്റ്റ്-ടോപ്പ് ഡിസ്പ്ലേ മോഡുകളും ഉള്‍പ്പെടെ നിരവധി ഡിസ്പ്ലേ ചോയ്സുകള്‍ വാഗ്ദാനം ചെയ്യുന്നു. ടച്ച്സ്‌ക്രീന്‍ 12.3 ഇഞ്ച് എല്‍സിഡി ഡ്രൈവര്‍ ഡിസ്പ്ലേയുമായും ഓപ്ഷണല്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേയുമായും ജോടിയാക്കിയിരിക്കുന്നു.
ബ്ലാക്ക് നാപ്പ ലെതര്‍-റെഡ് സ്റ്റിച്ചിംഗ് ഉള്ള മൈക്രോ ഫൈബര്‍, ബ്ലാക്ക് നാപ്പ ലെതര്‍, സിയന്ന ബ്രൗണ്‍ നാപ്പ ലെതര്‍, ട്രഫിള്‍ ബ്രൗണ്‍ നാപ്പ ലെതര്‍, ബ്ലാക്ക് നാപ്പ ലെതര്‍- യെല്ലോ സ്റ്റിച്ചിംഗ് ഉള്ള മൈക്രോ ഫൈബര്‍ എന്നിങ്ങനെ അഞ്ച് ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകളുമുണ്ട്. അലൂമിനിയം, കാര്‍ബണ്‍ ഫൈബര്‍ എന്നിങ്ങനെ രണ്ട് ഇന്റീരിയര്‍ ട്രിം ഓപ്ഷനുകളും AMG സ്‌പോര്‍ട്‌സ്, AMG പെര്‍ഫോമന്‍സ് എന്നീ രണ്ട് സീറ്റ് ഓപ്ഷനുകളും ഉണ്ട്.
ഒരു ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, എയര്‍ സ്‌കാര്‍ഫ് ഫംഗ്ഷന്‍, 80 സെറ്റിലധികം ഡാറ്റ റെക്കോര്‍ഡുചെയ്യുന്ന ഓപ്ഷണല്‍ AMG ട്രാക്ക് പേസ് പ്രോഗ്രാം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. SL-ന്റെ ബൂട്ട് സ്‌പെയ്‌സില്‍ 213 ലിറ്റര്‍ ലഗേജ് ഉള്‍ക്കൊള്ളിക്കാം. ഓപ്ഷനല്‍ ലോഡ് കംപാര്‍ട്‌മെന്റ് പാക്കേജിന്റെ ബലത്തില്‍ ഇത് 240 ലിറ്ററാക്കി ഉയര്‍ത്താം.
ആക്റ്റീവ് ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ആക്റ്റീവ് ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഡ്രൈവിംഗ് അസിസ്റ്റന്‍സ് പാക്കേജിനൊപ്പം മെര്‍സിഡീസ് AMG SL-ന് നിരവധി ഡ്രൈവിംഗ് എയ്ഡുകളും ലഭിക്കുന്നു. പോര്‍ഷ 911 കരേര S കാബ്രിയോലറ്റ് , ലെക്‌സസ് LC 500h എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ SL55 റോഡ്‌സ്റ്ററിന്റെ എതിരാളികള്‍. പോര്‍ഷക്ക് 2.18 കോടി രൂപയും ലെക്‌സസിന് 2.39 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








