ഡിഫെന്‍ഡറും ലാന്‍ഡ് ക്രൂയിസറും ഇനി വിറക്കും; G ക്ലാസ് അപ്‌ഡേറ്റ് ചെയ്ത് മെര്‍സിഡീസ്
അപ്‌ഡേറ്റഡ് G-ക്ലാസ് ലൈനപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്. 2019-ല്‍ പുറത്തിറങ്ങിയ മെര്‍സിഡീസ് G 350d-ക്ക് പകരമാണ് പുതിയ മെര്‍സിഡീസ് G 400d വരുന്നത്. മെര്‍സിഡീസ് G400d അഡ്വഞ്ചര്‍ എഡിഷന്‍, AMG ലൈന്‍ എന്നിങ്ങനെ രണ്ട് എക്‌സ്‌ക്ലൂസീവ് വേരിയന്റുകളില്‍ ലഭ്യമാകും.
2.55 കോടി രൂപ മുതലാണ് 2023 മെര്‍സിഡീസ് 400d-യുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. മുന്‍ഗാമിയായ മെര്‍സിഡീസ് G 350d-യെക്കാള്‍ 83 ലക്ഷം രൂപയാണ് കൂടുതലായി മുടക്കേണ്ടത്. 1.5 ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഈ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഡെലിവറി ആരംഭിക്കും.

ഈ വര്‍ഷം തന്നെ GT 63 SE പെര്‍ഫോമന്‍സ്, AMG E 53 4Matic + കാബ്രിയോലെറ്റ് എന്നീ രണ്ട് പെര്‍ഫോമന്‍സ് മോഡലുകള്‍ പുറത്തിറക്കിയതിനാല്‍ ടോപ് എന്‍ഡ് മോഡല്‍ പോര്‍ട്‌ഫോളിയോ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് മെര്‍സിഡീസ് ബെന്‍സ്. ആദ്യം നമുക്ക് കാറിന്റെ വേരിയന്റുകളും സവിശേഷതകളും നോക്കാം. AMG ലൈനിന് പുറമെയുള്ള അഡ്വഞ്ചര്‍ എഡിഷന്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണെന്നാണ് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.
നാല് കളര്‍ ഓപ്ഷനുകളിലാണ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ബ്രാന്‍ഡിന്റെ G Manufaktur ശ്രേണിയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഓപ്ഷനുകളില്‍ നിന്നുള്ളവയായിരിക്കും ഈ നിറങ്ങള്‍. ഡെസേര്‍ട്ട് സാന്‍ഡ് നോണ്‍ മെറ്റാലിക്, വിന്റേജ് ബ്ലൂ നോണ്‍ മെറ്റാലിക്, ട്രാവെര്‍ട്ടൈന്‍ ബീജ് മെറ്റാലിക്, സൗത്ത് സീസ് ബ്ലൂ മെറ്റാലിക് എന്നീ ഷെയ്ഡുകളിലാണ് വാങ്ങാനാകുക. ഇവ കൂടാതെ G 400d ലൈനപ്പില്‍ ലഭ്യമായ 25 നിറങ്ങള്‍ തെരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.

18 ഇഞ്ച്, 5-സ്പോക്ക് സില്‍വര്‍ അലോയ് വീലുകള്‍, റൂഫ് റാക്ക്, സ്‌പെയര്‍ വീല്‍ ഹോള്‍ഡര്‍, റീമൂവബിള്‍ ലാഡര്‍, ടെയില്‍ഗേറ്റ് മൗണ്ടഡ് ഫുള്‍ സൈസ് സ്‌പെയര്‍ വീല്‍, നാപ്പ ലെതറിന്റെ മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് അഡ്വഞ്ചര്‍ എഡിഷനിലെ സുപ്രധാന സവിശേഷതകള്‍. മെര്‍സിഡീസ് G 400d AMG ലൈനിലേക്ക് വന്നാല്‍ ഇതിന് സിഗ്‌നേച്ചര്‍ AMG സ്‌റ്റൈലിംഗ് ക്യൂകള്‍ കാണാം.
ഒപ്പം തനതായ 20 ഇഞ്ച്, മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകളുണ്ട്. സ്ലൈഡിംഗ് സണ്‍റൂഫ്, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവയും മറ്റ് ഹൈലൈറ്റുകളാണ്. മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 330 bhp പവറും 700 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 3.0-ലിറ്റര്‍, ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്.

ഔട്ട്‌ഗോയിംഗ് മോഡലായ G 350d 286 bhp പവറും 600 Nm ടോര്‍ക്കുമായിരുന്നു നല്‍കിയിരുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ മെര്‍സിഡീസ് G 400d വെറും 6.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 വേഗത കൈവരിക്കും.
ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ ഒരു സെക്കന്‍ഡ് വേഗത്തില്‍ ഈ സ്പീഡ് കൈവരിക്കാന്‍ മെര്‍സിഡീസ് G 400d മോഡലിനാകും. G 400d ഒരു പരമ്പരാഗത ലാഡര്‍-ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്. ഓഫ്-റോഡ് ഡ്രൈവിംഗ് സജ്ജീകരണത്തോടൊപ്പം ഒരു പ്രത്യേക G-മോഡുണ്ട്. 241 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 700 മീറ്റര്‍ വരെ വാട്ടര്‍ വേഡിംഗ് ശേഷിയും മെര്‍സിഡീസ് G 400d-ക്കുണ്ട്.

ഈ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മെര്‍സിഡീസ് G400d-യുടെ വിതരണം ആരംഭിക്കും. ബുക്കിംഗ് നിലവില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിലെ മെര്‍സിഡീസ് കസ്റ്റമേഴ്‌സിന് മുന്‍ഗണന നല്‍കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയ മോഡലുകളായ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300 എന്നീ മോഡലുകളെയാണ് മെര്‍സിഡീസ് G 400d എതിരിടേണ്ടത്.


Click it and Unblock the Notifications








