ടാറ്റ ഞെട്ടാന്‍ ഒരുങ്ങിക്കോ! കുറഞ്ഞ വിലയിലെത്തുന്ന എംജി എയര്‍ ഇവി നിര്‍മാണത്തിന് റെഡി
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഇലക്ട്രിക് കാറുകള്‍ വില്‍പ്പന നടത്തുന്ന സുപ്രധാന കമ്പനികളില്‍ ഒന്നാണ് എംജി മോട്ടോര്‍. കമ്പനിയുടെ എംജി ZS ഇവി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായി മാറിയിരുന്നു. ഇന്ന് നിരത്തുകളില്‍ പച്ച നിറത്തിലുള്ള നമ്പര്‍പ്ലേറ്റിലുള്ള എംജി കാറുകള്‍ സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.
എന്നാല്‍ 23 ലക്ഷം രൂപയാണ് ഇവിയുടെ പ്രാരംഭ വില. ഇതിന്റെ ടോപ് സ്‌പെക്ക് വേരിയന്റിന്റെ വില 27 ലക്ഷം രൂപ വരെ പോകുന്നു. ഇത് സാധാരണക്കാര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും താങ്ങാവുന്ന വിലയല്ല. അതിനാല്‍ തന്നെ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് എംജി പുതിയ ഇവി പുറത്തിറക്കാന്‍ പോകുകയാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇവിയാകുമെന്നതിനാല്‍ തന്നെ ഇന്ത്യയിലെ വാഹന പ്രേമികളും ഇതിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്. ഇപ്പോള്‍ എംജി മോട്ടോര്‍ ഇന്ത്യ ലക്ഷ്യം വെച്ച് ഇറക്കാന്‍ ഉദ്ദേശിക്കുന്ന കുഞ്ഞന്‍ ഇവി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ടു. വുളിംഗ് എയര്‍ ഇവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ എംജി എയര്‍ ഇവി ഇക്കഴിഞ്ഞ മാസം ഗ്രേറ്റര്‍ നോയിഡയില്‍ കൊടിയിറങ്ങിയ 2023 ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു വാഹന ലോകം പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇവി വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ സാധ്യതയുള്ള തങ്ങളുടെ ആയുധം ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ എന്തോ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കള്‍ തയാറായിരുന്നില്ല. എന്നിരുന്നാലും, ഇവിയില്‍ പരീക്ഷണം നടത്തുന്നത് എംജി തുടരുകയാണ്. എയര്‍ ഇവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുഞ്ഞു. ഏറ്റവും പുതിയ ചാരച്ചിത്രങ്ങളില്‍ നിന്ന് എംജി എയര്‍ ഇവി നിര്‍മാണത്തിന് തയാറായതായി തോന്നുന്നു.

വരും മാസങ്ങളില്‍ തന്നെ എംജി എയര്‍ ഇവി വിപണിയില്‍ എത്തിയേക്കും. വൂളിംഗ് ഇവി ഇതിനോടകം അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനക്കെത്തുന്നതിനാല്‍ തന്നെ എംജി എയര്‍ ഇവിയുടെ മൊത്തത്തിലുള്ള ഡിസൈനിനെ കുറിച്ച് നമുക്ക് നേരത്തെ തന്നെ ധാരണ ലഭിച്ചിരുന്നു. ഇവിയുടെ മുന്‍വശത്ത് അതിന്റെ വീതിക്ക് ഒത്ത ഒരു എല്‍ഇഡി ലൈറ്റ് ബാര്‍ നല്‍കിയിരിക്കുന്നു. അതിന്റെ നേരെ താഴെ മധ്യഭാഗത്തായാണ് ചാര്‍ജിംഗ് പോയിന്റ് സ്ഥാപിച്ചിരിക്കുന്നത്.
ഫ്രണ്ടില്‍ ഇരുവശത്തുമായി ഡ്യുവല്‍ ബാരല്‍ ഹെഡ്‌ലാമ്പ് യൂണിറ്റ് ലംബമായി അടുക്കിയിരിക്കുന്നു. ഇതെല്ലാം കൂടി ചേരുമ്പോള്‍ എംജി ഇവിയുടെ മുഖം വളരെ മുഖം വളരെ വൃത്തിയുള്ളതായി തോന്നിക്കും. ഇപ്പോള്‍ പുറത്തായ ചിത്രങ്ങളില്‍ നിന്ന് എംജി എയര്‍ ഇവിയുടെ ഇന്റീരിയറിനെ കുറിച്ചും സൂചനകള്‍ ലഭിക്കുന്നു. ഇപ്പോള്‍ വില്‍പ്പനക്കെത്തുന്ന വൂളിംഗ് ഇവിയുടെ അതേ ഇന്റീരിയറാണ് നമുക്ക് എയര്‍ ഇവിയിലും കാണാന്‍ പറ്റുക.

ഒറ്റ യൂണിറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഇരട്ട ഡിസ്പ്ലേ സജ്ജീകരണമാണ് ഡാഷ്ബോര്‍ഡിനെ നിയന്ത്രിക്കുന്നത്. ഇവയിലൊന്ന് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായിരിക്കും. ഇത് സ്റ്റിയറിംഗ് വീലിനു പിന്നിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ലിമ്മായി കാണപ്പെടുന്ന എസി വെന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് താഴെ സ്ഥാപിച്ചിരിക്കുന്നു. ഇവിയുടെ മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍ ഈ 4 സീറ്റര്‍ കാര്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ എത്താനാണ് സാധ്യത. 17.3kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
26.7kWh-ന്റെ വലിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 300 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ വിലയില്‍ വാഗ്ദാനം ചെയ്യുന്ന പോലെ ഇത്തരത്തില്‍ മികച്ച റേഞ്ച് കൂടി നല്‍കാനായാല്‍ എംജി എയര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഫീച്ചര്‍ സമ്പന്നമായ എംജി എയര്‍ ഇവിക്ക് 10 ലക്ഷം രൂപയില്‍ താഴെ മാത്രമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതുകൊണ്ട് തന്നെ ഈ ഇലക്ട്രിക് കാറിനായി ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ലോഞ്ചായാല്‍ എംജി എയര്‍ ഇലക്ട്രിക് കാര്‍ ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ eC3 എന്നിവയുമായി എതിരിടും. ടിയാഗോ ഇവിയുടെ ഡെലിവറി അടുത്തിടെ ആരംഭിച്ചപ്പോള്‍ സിട്രണ്‍ C3 ഇലക്ട്രിക്കിന്റെ വില പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.


Click it and Unblock the Notifications








