10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഈ ഇവി ഇപ്പോള്‍ ബുക്ക് ചെയ്യാം; കൊട്ക്കണ ക്യാഷ് മൊതലാ...
അത്യാകര്‍ഷകമായ ആമുഖ വിലയില്‍ കോമെറ്റ് അള്‍ട്ര കോംപാക്ട് ഇവിയായ കോമെറ്റ് അവതരിപ്പിച്ച് എംജി മാര്‍ക്കറ്റില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു. 7.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലെത്തുന്ന കോമെറ്റ് ഇവി രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായി മാറി. ഇപ്പോള്‍ കോമെറ്റ് ഇവിയുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് എംജി.
താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ എംജി ഡീലര്‍ഷിപ്പ് വഴിയോ കോമെറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 11,000 രൂപയാണ് ടോക്കണ്‍ തുക. എംജിയുടെ ചെറു ഇവി ഇപ്പോള്‍ ടെസ്റ്റ് ഡ്രൈവിന് ലഭ്യമാണ്. മെയ് 22 മുതല്‍ കോമെറ്റിന്റെ ഡെലിവറി ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് എംജിയുടെ പ്ലാന്‍. ZS ഇവിക്ക് ശേഷം എംജി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഇവിയാണ് കോമെറ്റ്.

രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളുടെ എന്‍ട്രി ലെവല്‍ വാഹനമായ കോമെറ്റ് പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. വിശാലമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ കോമെറ്റിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കോമെറ്റിന് 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് ചെലവ് വരിക. രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള കോമെറ്റിന് റോഡ് പ്രസന്‍സും കുറവാണെന്ന് കുറ്റം പറയാമെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ വേറെ ലെവലാണ് കക്ഷി.
ആദ്യം നമുക്ക് എംജി കോമെറ്റിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കാം. എന്‍ട്രി ലെവല്‍ ഇവി വിഭാഗത്തില്‍ ഏറ്റവും ചെറിയ ബാറ്ററി പായ്ക്കും റേഞ്ചുമാണ് കോമെറ്റ് വാഗ്ദാനം ചെയ്യുന്നത്. 17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഈ കുഞ്ഞന്‍ കാറില്‍ പ്രവര്‍ത്തിക്കുന്നത്. 42 bhp കരുത്തില്‍ പരമാവധി 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റിന് തുടിപ്പേകുന്നത്.

വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം നല്‍കുന്ന IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറില്‍ വാഗ്ദാനം ചെയ്യുന്നത്. നഗരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 230 കി.മീ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇവി ദൈനംദിന യാത്രകള്‍ക്ക് യോജിച്ച ഒന്നാണ്. ചാര്‍ജിംഗിന്റെ കാര്യത്തിലും കാര്യമായ തലവേദനകള്‍ ഇല്ല. ഇതിലെ 3.3kW ചാര്‍ജര്‍ 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം.
5 മണിക്കൂറില്‍ 10-80 ശതമാനം ചാര്‍ജാകും. പെട്രോള്‍ എഞ്ചിന്‍ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള ഫ്രണ്ട്-വീല്‍ ഡ്രൈവ് ഇവികളായ ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നിവയില്‍ നിന്ന് വിഭിന്നമായി ഇത് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നു. പ്രത്യേക ഇവി പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയ കോമറ്റിന് റിയര്‍-വീല്‍ ഡ്രൈവ് സജ്ജീകരണമുണ്ട്.

കോമെറ്റ് ഇവിയുടെ വലിപ്പം നോക്കുമ്പോള്‍ ഇതിന് 2,974 mm നീളമാണ് വരുന്നത്. 1,505 mm വീതിയും 1,640 mmm ഉയരവും 2,010 mm വീല്‍ബേസുമാണ് കുട്ടികാറിനുള്ളത്. ആഗോള വിപണിയിലുള്ള വൂലിംഗ് എയര്‍ ഇവിയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം. ഫുള്‍-വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാര്‍ പോലുള്ള രസകരമായ ടച്ചുകളുള്ള ബോക്സി ഡിസൈനാണ് കോമെറ്റില്‍ എംജി പരീക്ഷിച്ചിരിക്കുന്നത്. ഇവിയിലെ എല്‍ഇഡി ലൈറ്റ് ബാറിനെ എംജി എക്‌സ്റ്റെന്‍ഡഡ് ഹൊറൈസണ്‍ കണക്റ്റിംഗ് ലൈറ്റുകള്‍ എന്നാണ് വിളിക്കുന്നത്.
മുന്‍വശത്തായാണ് കാറിന്റെ ചാര്‍ജിംഗ് പോര്‍ട്ട് സ്ഥാപിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യമെടുത്താല്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകളാണ് എംജി കോമറ്റ് ഇവി പായ്ക്ക് ചെയ്യുന്നത്. മാനുവല്‍ എസി, ആപ്പിള്‍ ഐപോഡ് പോലെയുള്ള സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ഡിജിറ്റല്‍ കീ, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍ എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. സേഫ്റ്റി ഫീച്ചറുകളുടെ കാര്യലത്തിലും എംജി യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല.

ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD , ABS, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സെന്‍സറുകളോട് കൂടിയ റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഒപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എല്ലായാത്രക്കാര്‍ക്കുമായി 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ് എന്നിവയുമുണ്ട്. ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാമെന്ന ഓപ്ഷനുള്ളത് പലര്‍ക്കും വലിയ ഉപകാരമായിരിക്കും. ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നീ മോഡലുകള്‍ക്കെതിരെയാണ് പ്രധാനമായും മത്സരം.


Click it and Unblock the Notifications








