കോമെറ്റിനെ കിടുവാക്കാന്‍ കൈകോര്‍ത്ത് എംജിയും ജിയോയും; അംബാനി തന്നെ മുതലാളിയാകുമോ?
എംജി മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് കാര്‍ ആണ് കോമെറ്റ് ഇവി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനാകുന്ന ഇലക്ട്രിക് കാറായ കോമെറ്റിന് നിരവധി സവിശേഷതകളുണ്ട്. അതിന്റെ കൂടെ കോമറ്റ് ഇവിയില്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ജിയോ പ്ലാറ്റ്ഫോമുമായി സഹകരിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ ഇപ്പോള്‍.
ഇന്ത്യന്‍ ഭാഷകളില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി കഴിഞ്ഞ മാസമാണ് അള്‍ട്ര കോംപാക്ട് ഇവിയായ കോമെറ്റ് പുറത്തിറക്കിയത്. പ്രഖ്യാപനം മുതല്‍ വലിയ ഓളം തീര്‍ത്തിരുന്ന കോമെറ്റ് വില പ്രഖ്യാപനത്തോടെ ടാറ്റ ടിയാഗോ ഇവിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറായി മാറി.

ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ രാജ്യത്തെ വമ്പന്‍ കമ്പനികളുമായും ശതകോടീശ്വരന്‍മാരുമായും എംജി ചര്‍ച്ചകള്‍ നടത്തുന്നതായി ഇതിനിടെ വാര്‍ത്തകള്‍ വന്നു. അതില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടേതായിരുന്നു. ഇപ്പോള്‍ അംബാനിയുടെ തന്നെ ജിയോ പ്ലാറ്റ്‌ഫോമുമായി കൈകോര്‍ത്ത് എംജി കോമെറ്റ് ഇവിയില്‍ കണക്ടഡ് കാര്‍ ഫീച്ചറുകള്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്.
ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ഈ വോയ്സ് അസിസ്റ്റന്റ് സാങ്കേതികവിദ്യ ഇന്ത്യന്‍ ഭാഷകള്‍ മനസിലാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രാദേശിക ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളും കണ്‍ട്രോളുകളും സിസ്റ്റം മനസിലാക്കുന്ന തരത്തിലാണ് ഡിസൈന്‍.

ഇതുകൂടാതെ ക്രിക്കറ്റ്, കാലാവസ്ഥ, ജ്യോതിഷം, വാര്‍ത്തകള്‍ എന്ന് തുടങ്ങി നിരവധി വിവരങ്ങള്‍ വോയ്സ് കമാന്‍ഡിലൂടെ ലഭിക്കും. കാറിന്റെ എസി ഓണാക്കാനും ഓഫാക്കാനും മ്യൂസിക് പ്ലേ ചെയ്യാനും കമാന്‍ഡുകള്‍ നല്‍കാം. ക്രിക്കറ്റ് ആരാധകന്‍ ആണെങ്കില്‍ യാത്രക്കിടെ ക്രിക്കറ്റ് സ്‌കോറും അറിയാം. ഈ സാങ്കേതികവിദ്യയ്ക്ക് ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്യാന്‍ ഒരു ജിയോ സിം കാര്‍ഡ് ആവശ്യമാണ്. വാഹനം നിര്‍മ്മിക്കുമ്പോള്‍ ഈ സിം കാര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുകയും സജീവമാക്കുകയും ചെയ്യുന്നു.
എംജി ഇന്ത്യയും ജിയോയും തമ്മിലുള്ള ഈ പങ്കാളിത്തം എംജി കോമറ്റ് ഇവിയുടെ ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. അതേ സമയം സുരക്ഷയും ഇന്‍ കാര്‍ എക്‌സ്പീരിയന്‍ മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ്, സ്ട്രീമിംഗ്, പേയ്മെന്റ് ആപ്പുകള്‍, ഇ സിം, ജിയോ ഐഒടി എന്നി റിയല്‍ ടൈം കണക്റ്റിവിറ്റിക്ക് പ്രാപ്തമാണ്. ഇത് എംജി ഉടമകള്‍ക്ക് ഇന്‍ഫോടെയ്ന്‍മെന്റ് കണക്റ്റഡ് കാര്‍ എക്‌സ്പീരിയന്‍സ് എന്നിവ സാധ്യമാക്കുന്നു' ജിയോ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റ് ആശിഷ് ലോധ പറഞ്ഞു. എംജി മോട്ടോര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ജിയോയും എംജിയും കൈകോര്‍ക്കുന്നത്.
അതിനാല്‍ തന്നെ ഈ കരാര്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ആനന്ദ് മഹീന്ദ്രയും ജെഎസ്ഡബ്ല്യു ഗ്രൂപ്പുമടക്കം എംജി ഇന്ത്യയെ വാങ്ങാന്‍ മത്സരരംഗത്തുണ്ടെങ്കിലും അംബാനി പിന്‍മാറിയെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണിത്. പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് കോമറ്റ് ഇവി വാഗ്ദാനം ചെയ്യുന്നത്.
അകത്തളത്തില്‍ നിരവധി കിടിലന്‍ ഫീച്ചര്‍ സജ്ജീകരിച്ചിരിക്കുന്ന മൈക്രോ ഇവിക്ക് 17.3 kWh ബാറ്ററി പായ്ക്കാണ് ശക്തി പകരുന്നത്. ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് ഇലക്ട്രിക് കാര്‍ വാഗ്ദാനം ചെയ്യുന്നത്. 7.98 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയാണ് കോമെറ്റ് ഇവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.


Click it and Unblock the Notifications








