MG Comet EV വില പ്രഖ്യാപനം ഇന്ന്; ടാറ്റക്ക് 'പണി' കൊടുക്കുമോ എംജിയുടെ കുഞ്ഞന്‍ ഇവി
ഇന്ത്യന്‍ വാഹന ലോകം ഏറെ നാളായി കാത്തിരിക്കുന്ന ഇവി ലോഞ്ച് ഇന്ന് (26 ഏപ്രില്‍ 2023) നടക്കാന്‍ പോകുകയാണ്. എംജി കോമറ്റ് ഇവി (MG Comet EV Launch) ബുധനാഴ്ച രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. എംജി മോട്ടോര്‍ (MG Motor) ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ഓള്‍ ഇലക്ട്രിക് കാറായ കോമെറ്റ് അവതരത്തിന് മുമ്പും ശേഷവും വലിയ ഓളം സൃഷ്ടിച്ചിരുന്നു.
2020-ലാണ് എംജി തങ്ങളുടെ ആദ്യ ഇവിയായ ZS ഇവി പുറത്തിറക്കിയത്. വിദേശ വിപണികളില്‍ മിന്നിത്തിളങ്ങുന്ന വൂലിങ് എയര്‍ ഇവിയുടെ റീബാഡ്ജ്ഡ് പതിപ്പാണിത്. നഗര യാത്രകള്‍ക്ക് ഏറെ പ്രയോജനകരമായ കോമെറ്റിന്റെ വില അറിയാനുള്ള ആകാംക്ഷയിലാണ് ഇവി ഫാന്‍സ്. പരിസ്ഥിതി സൗഹൃദമായ ഈ കാര്‍ പ്രധാനമായും യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയാത്ത സാഹചര്യത്തില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളേക്കാള്‍ പ്രവര്‍ത്തനച്ചെലവ് കുറവുള്ള ഇവി ആളുകളെ ആകര്‍ഷിക്കുമെന്നാണ് നിഗമനം.

രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള ചെറു ഇവിക്ക് റോഡ് പ്രസന്‍സും കുറവാണ്. തിരക്കിനും ഗതാഗതക്കുരുക്കുകള്‍ക്കും പേര് കേട്ട ഇന്ത്യന്‍ നഗരങ്ങളിലെ യാത്രകള്‍ക്ക് എംജി കോമെറ്റ് ഒരു മികച്ച ഓപ്ഷനായി മാറിയേക്കും. 4.2 മീറ്റര്‍ ടേണ്‍ റേഡിയസ് മാത്രം ഉള്ളതെന്നതിനാലാണ് ഇങ്ങനെ പറയുന്നത്. കേരളത്തിലെ ഏത് ഗ്രാമ പ്രദേശങ്ങളിലും ഇവന്‍ അനുയോജ്യന്‍ തന്നെയാണ്. എംജിയുടെ മാതൃ കമ്പനിയായ SAIC യുടെ GSEV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കോമെറ്റ് ഇവിയുടെ നിര്‍മാണം.
ഗുജറാത്തിലെ ഹാലോളിലുള്ള പ്ലാന്റില്‍ കോമെറ്റിന്റെ നിര്‍മാണം നേരത്തെ ആരംഭിച്ചിരുന്നു. വലിപ്പം നോക്കിയാല്‍ നല്ല ഒതുക്കമുള്ള ഒരു കുഞ്ഞന്‍ ഇവിയാണ് എംജി കോമെറ്റ്. ഇത് തന്നെയാണ് എംജി മാര്‍ക്കറ്റ് ചെയ്യാന്‍ പോകുന്നത്. 2,974 എംഎം ആണ് കോമെറ്റിന്റെ നീളം. ഇതിന് 1,505 എംഎം വീതിയും 1,640 എംഎം ഉയരവുമുണ്ട്. 2,010 എംഎം ആണ് വീല്‍ബേസ് അളവ്.

നമുക്ക് ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ ചെറുകാറുകളില്‍ ഒന്നായ മാരുതി ആള്‍ട്ടോ K10 ഹാച്ച്ബാക്കുമായി ഇതിന്റെ വലിപ്പം താരതമ്യം ചെയ്യാം. മാരുതി സുസുക്കി ആള്‍ട്ടോ K10-ന് 3,530 എംഎം നീളവും 1,490 എംഎം വീതിയും 1,520 എംഎം ഉയരവുമുണ്ട്. ഇവി വാങ്ങുമ്പോള്‍ വിലയോടൊപ്പം തന്നെ പരിഗണിക്കുന്ന കാര്യമാണ് റേഞ്ച്. ചെറിയ നഗര യാത്രകളെ ലക്ഷ്യമിട്ടാണ് വണ്ടിയെ പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും റേഞ്ചിന്റെ (MG Comet EV Range) കാര്യത്തിലൊന്നും എംജി കോമെറ്റ് പിശുക്കൊന്നും കാണിക്കില്ല.
17.3 kWh ബാറ്ററി പായ്ക്കാണ് കോമെറ്റ് ഇവിയില്‍ സജ്ജീകരിക്കുക. ടൈപ്പ് 2 ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം ഏഴ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഫാസ്റ്റ് ചാര്‍ജിംഗിനെ ഇത് പിന്തുണയ്ക്കുന്നില്ല. എന്നിരുന്നാലും എംജി കോമറ്റ് ഇവി ഫാസ്റ്റ് ചാര്‍ജ് പ്ലഗിലേക്ക് പ്ലഗ് ചെയ്യാന്‍ കഴിയും. ഒറ്റചാര്‍ജില്‍ എംജിയുടെ കുഞ്ഞന്‍ ഇവിക്ക് 230 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ റിയര്‍ ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്ന എംജി കോമെറ്റ് ഇവിയുടെ ഇലക്ട്രിക് മോട്ടോര്‍ 41 bhp പവറും 110 Nm പീക്ക് ടോര്‍ക്കും നല്‍കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഇവിയില്‍ എംജി സജ്ജീകരിച്ചിട്ടുണ്ട്. മുന്‍ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി കോമെറ്റ് ഇലക്ട്രിക് വാഹനം വിശാലമായ വില ബ്രാക്കറ്റിന് അനുസൃതമായി ഒന്നിലധികം വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യും.
ബ്ലാക്ക്, സില്‍വര്‍, വൈറ്റ് എന്നീ മൂന്ന് സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഇവി ഓഫര്‍ ചെയ്യും. ബ്ലാക്ക് റൂഫോട് കൂടിയ വൈറ്റ്, ബ്ലാക്ക് റൂഫുള്ള ഗ്രീന്‍ എന്നിവയായിരിക്കും ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍. കോമെറ്റ് ഇവിയുടെ വില സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അടുത്തിടെ നടത്തിയ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 60 ശതമാനം ആളുകള്‍ കോമെറ്റിന് അഞ്ച് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രവചിച്ചത്. 25 ശതമാനം പേര്‍ 8-12 ലക്ഷം രൂപക്ക് ഇടയിലായിരിക്കും വിലയെന്നാണ് പറയുന്നത്. 15 ശതമാനം പേരാണ് 10-15 ലക്ഷം രൂപക്കിടയിലായിരിക്കും വിലയെന്ന് അഭിപ്രായപ്പെടുന്നത്. കോമെറ്റിന്റെ വരവ് രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ഇവികള്‍ വിപണിയിലെത്തിക്കുന്ന ടാറ്റ മോട്ടോര്‍സിന് പാരയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications