ഓഫ്റോഡിങ്ങുമായി എംജി കോമറ്റ്; വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ
ഇലക്ട്രിക് വാഹന വിപണിയിൽ എല്ലാ വാഹന നിർമാതാക്കളുടേയും പേടി സ്വപ്നമായിരുന്നു കോമറ്റ്. താങ്ങാൻ കഴിയുന്ന ഒരു ഇലക്ട്രിക് വാഹനമായിരുന്നു ഉപഭോക്താക്കളും നോക്കിയിരുന്നത്. കുഞ്ഞനാണെങ്കിലും അവൻ ആള് പുലിയാണ് എന്ന് ഒരു വീഡിയോ കണ്ടാൽ മതിയാകും. എംജി കോമറ്റ് ഓഫ്റോഡിങ്ങിന് പോകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒരു കുഞ്ഞൻ ഇലക്ട്രിക് വാഹനം ഓഫ്റോഡിങ്ങിനൊക്കെ പോകാൻ മാത്രം പ്രാപ്തമാണോ എന്ന സംശയം ആർക്കും തോന്നാം, വീഡിയോയിലെ വഴി കാണുമ്പോൾ ഓഫ്റോഡ് സംവിധാനം ഇല്ലാത്ത വാഹനം എങ്ങനെ കയറി പോകുമെന്ന് ആർക്കും തോന്നിയേക്കാം. ഒരിക്കലും ഓഫ്റോഡിങ്ങിന് ഇത്തരത്തിലുളള ചെറിയ വാഹനം ആരും തന്നെ തെരഞ്ഞെടുക്കാറില്ല.

ഓഫ് റോഡിങ്ങിന് അനുയോജ്യമല്ലാത്ത ചെറിയ ടയറുകളാണ് കോമറ്റിനുളളത്. അത് പോലെ തന്നെ ഇലക്ട്രിക് പവറുളള റിയർ വീൽ ഡ്രൈവാണ്. പാതയിലൂടെ മുകളിലേക്ക് പോകുന്ന വാഹനം നിരവധി കല്ലുകളും മണ്ണും തട്ടിത്തെറിപ്പിച്ചു കൊണ്ടാണ് കയറി പോകുന്നത്. വാഹനം ഓടിക്കുന്ന ഡ്രൈവർ വളരെ കൃത്യമായി കല്ലിൻ്റെ ഇടയിലൂടെ സുരക്ഷിതമായി വാഹനം ഓടിക്കുന്നു.
ഡ്രൈവർ മാത്രം വാഹനത്തിലുളളപ്പോഴും അതല്ലാതെ വാഹനത്തിൽ നിറയെ ആളുകളുമായിട്ടും വാഹനം ഓഫ്റോഡ് വഴി വളരെ അനായാസമായിട്ടാണ് കയറി പോകുന്നത്. എന്നാൽ ചില പാറക്കെട്ടുകൾ എത്തുമ്പോൾ പിന്നിൽ ഇരിക്കുന്ന ആളുകൾ ഇറങ്ങിയതിന് ശേഷമാണ് വാഹനം മുന്നോട്ട് നീക്കുന്നത്.യ അല്ലെങ്കിൽ വാഹനത്തിൻ്റെ അടിഭാഗം പാറയിൽ ഇടിക്കാൻ സാധ്യതയുണ്ട്.
വാഹനത്തിൻ്റെ ഓഫ്റോഡിങ്ങ് വീഡിയോകൾ കണ്ട് കണ്ണു തളളി ഇരിക്കുകയാണ് ആരാധകരും എതിരാളികളും. എംജി തന്നെ പറഞ്ഞിരിക്കുന്നത് കൊമറ്റ് എന്നത് ഒരു സിറ്റി കാറാണ് എന്നാണ്. ഹൈവേകളിലും ദീർഘദൂര യാത്രകൾക്കും ലക്ഷ്യമിടുന്നില്ല, പക്ഷേ നമ്മൾ വാഹന പ്രേമികൾ ഒരു വാഹനം അതിനെ കൊണ്ട് സാധിക്കില്ല എന്ന് പറയുന്നത് സാധിക്കുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്.
ടാറ്റ ടിയാഗോ ഇവിയുമായി മത്സരിക്കുന്ന കുട്ടിക്കാറിന് 7.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതായത് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ വൈദ്യുത വാഹനമായി കോമെറ്റ് അറിയപ്പെടുമെന്ന് സാരം. 1,000 കിലോമീറ്റർ ഓടാൻ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് വേണ്ടി വരിക അതായത് ഇന്നത്തെ പെട്രോൾ ഡീസൽ വിലയിൽ മറ്റൊരു കാറിലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണിത്. 17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഈ കുഞ്ഞൻ കാറിൽ പ്രവർത്തിക്കുന്നത്. 42 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിൽ അണിനിരത്തുന്നത്.
പൂർണമായി ചാർജ് ചെയ്‌ത ബാറ്ററിയിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഈ മിടുക്കനാവും എന്ന കാര്യവും ഏറെ കൈയടി അർഹിക്കുന്നുണ്ട്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്. ചാർജിംഗിന്റെ കാര്യത്തിലും വലിയ തലവേദനകളൊന്നുമുണ്ടാവില്ല. അതായത് 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനവുമായി കോമെറ്റ് ചാർജ് ചെയ്യാൻ സാധിക്കും.
2,974 mm നീളവും 1,505 mm വീതിയും 1,640 mmm ഉയരവും 2,010 mm വീൽബേസുമാണ് കുട്ടികാറിനുള്ളത്. വിദേശ വിപണികളിലുള്ള വുലിംഗ് എയർ ഇവിയെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന വാഹനത്തിന്റെ രൂപകൽപ്പന ശരിക്കും മികവുറ്റതാണെന്ന് വേണം പറയാൻ. ഫുൾ-വീഡ്ത്ത് എൽഇഡി ലൈറ്റ് ബാർ പോലുള്ള രസകരമായ ടച്ചുകളുള്ള ബോക്‌സി ഡിസൈനാണ് കോമെറ്റിൽ പരീക്ഷിച്ചിരിക്കുന്നത്.
ഇവിയിലെ എൽഇഡി ലൈറ്റ് ബാറിനെ എംജി എക്സ്റ്റെൻഡഡ് ഹൊറൈസൺ കണക്റ്റിംഗ് ലൈറ്റുകൾ എന്നാണ് വിളിക്കുന്നത്. ഒപ്പം രണ്ട് വിംഗ് മിററുകളെയും ബന്ധിപ്പിക്കുന്ന ക്രോമിന്റെയും പിയാനോ ബ്ലാക്കിന്റെയും ഒരു സ്ട്രിപ്പും ഒരുക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്. കാറിന്റെ ചാർജിംഗ് പോർട്ട് മുൻവശത്ത് സെറ്റ് ചെയ്‌തിരിക്കുന്നതും ശരിയായ തീരുമാനമാണ്. രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള ചെറു ഇവിക്ക് റോഡ് പ്രസന്‍സും കുറവാണെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ ആളിച്ചിരി മുറ്റാണ്.
തിരക്കിനും ഗതാഗതക്കുരുക്കുകള്‍ക്കും പേര് കേട്ട ഇന്ത്യന്‍ നഗരങ്ങളിലെ യാത്രകള്‍ക്ക് എംജി കോമെറ്റ് ഒരു മികച്ച ഓപ്ഷനാവും. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് കോമെറ്റ് ഇവിയിൽ എംജി മോട്ടോർ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകൾ. അകത്തളവും കിടിലൻ ഫീച്ചറുകളാൽ അതിസമ്പന്നമാണ്.


Click it and Unblock the Notifications








