800 കി.മീ റേഞ്ചുമായി പുത്തന്‍ എംജി കാർ അവതരിച്ചു; ഇന്ത്യയിലേക്കെത്തുമോ?
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തരംഗം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് എംജി മോട്ടോര്‍. രാജ്യത്തെ പ്രമുഖ കമ്പനികളെയും വ്യക്തികളെയും ഓഹരി പങ്കാളികളാക്കി തങ്ങളുടെ പ്രവര്‍ത്തനം വിപുലമാക്കാനുള്ള ശ്രമമാണ് കമ്പനിക്ക്. സമീപഭാവിയില്‍ ഇന്ത്യക്കായി നാലോ അഞ്ചോ കാറുകള്‍ എത്തിക്കാനാണ് എംജിയുടെ ശ്രമം. അതിനായി ധനം സമാഹരിക്കാനാണ് ഇപ്പോള്‍ കമ്പനി ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.
അടുത്തിടെ എംജി കോമെറ്റ് എന്ന കുഞ്ഞന്‍ ഇവി പുറത്തിറക്കിയ എംജി വലിയ ഓളം തീര്‍ത്തിരുന്നു. അതിനാല്‍ തന്നെ എംജിയുടെ കാറുകളെ കുറിച്ചുള്ള ഏതൊരു വാര്‍ത്തയും സസൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇവി ഫാന്‍സ്. ഇതിനിടെ 800 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് കാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍.

2020-ലാണ് സൈബര്‍സ്റ്റര്‍ ഇലക്ട്രിക് റോഡ്സ്റ്റര്‍ കണ്‍സെപ്റ്റ് എംജി അവതരിപ്പിച്ചത്. തുടര്‍ന്ന് ഷാങ്ഹായി ഓട്ടോ എക്‌സ്‌പോയിലും ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിച്ച. ഇപ്പോള്‍ ലോഞ്ചിന് മുന്നോടിയായി യുകെയില്‍ സൈബര്‍സ്റ്റര്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. ഈ വര്‍ഷം ഓഗസ്റ്റിലായിരിക്കും ഈ കാര്‍ വില്‍പ്പനയ്ക്കെത്തുക. T-സീരീസ്, MGA, MGB, F എന്നീ ക്ലാസിക് റോഡ്സ്റ്ററുകള്‍ പുത്തിറക്കി പേരെടുത്ത ബ്രാന്‍ഡാണ് എംജി.
എന്നാല്‍ സൈബര്‍സ്റ്ററിന്റെ കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ് എംജി സ്വീകരിച്ചിരിക്കുന്നത്. ക്ലാസിക് മോഡലുകളില്‍ നിന്ന് ഒരു ഘടകങ്ങളും എംജി സൈബര്‍സ്റ്ററിലേക്ക് കടംകൊണ്ടിട്ടില്ല. എന്നാല്‍ ഡ്രോപ്പ്-ടോപ്പുള്ള ഒരു ആധുനിക സ്‌പോര്‍ട്‌സ്‌കാര്‍ പോലെയാണ് എംജി സൈബര്‍സ്റ്റര്‍ കാണപ്പെടുന്നത്. നീളമുള്ള ബോണറ്റ്, സിസര്‍ ഡോറുകള്‍, അഗ്രസീവ് ലുക്കിലുള്ള ബമ്പറുകള്‍, വൃത്തിയുള്ള സൈഡ് പ്രൊഫൈല്‍ എന്നിവയാണ് ഇതില്‍ കാണാനാകുക.

അമ്പിന്റെ ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും. വാഹനത്തിന്റെ വീതിക്ക് കുറുകെ പരന്ന് കിടക്കുന്ന ലൈറ്റ്ബാറുകളും കാണാം. പോര്‍ഷയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവിയുടെ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാറിന്റെ വലിപ്പമെടുത്താല്‍ 4,535 mm ആണ് ഇതിന്റെ നീളം. എംജി സൈബര്‍സ്റ്ററിന് 1,913 mm വീതിയും 1,329 mm ഉയരവുമുണ്ട്.
2,690 mm ആണ് ഈ ഇലക്ട്രിക് കാറിന്റെ വീല്‍ബേസ്. വലിപ്പത്തിന്റെ കാര്യത്തില്‍ എംജി സൈബര്‍സ്റ്റര്‍ പുതിയ മസ്ദ MX-5 മിയാറ്റയേക്കാള്‍ കുറച്ച് വലുതാണ്. 1,985 കിലോഗ്രാം അല്ലെങ്കില്‍ 1,850 കിലോഗ്രാം ആണ് എംജി സൈബര്‍സ്റ്ററിന്റെ ഭാരം. ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്ന മോട്ടോറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഭാരം മാറുന്നത്.

എംജി സൈബര്‍സ്റ്ററിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കിയാല്‍ ഫ്രണ്ട് ആക്‌സിലില്‍ 201 bhp പീക്ക് പവര്‍ പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിക്കും. പരമാവധി 335 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും റിയര്‍ ആക്‌സിലില്‍ ഘടിപ്പിക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും എംജി സൈബര്‍സ്റ്ററിന്റെ പരമാവധി വേഗതയെന്നാണ് കരുതുന്നത്.
ഇവിയില്‍ നല്‍കാന്‍ പോകുന്ന ബാറ്ററി പായ്ക്കിന്റെ വലിപ്പം എത്രയാണെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും നിലവില്‍ ആഗോള വിപണിയില്‍ വില്‍പ്പനക്കെത്തുന്ന MG4 ഇവിയില്‍ നിന്നുള്ള 64 kWh ബാറ്ററി പായ്ക്കായിരിക്കും സൈബര്‍സ്റ്ററിന് കരുത്ത് പകരുകയെന്നാണ് സൂചന. ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലും ഈ ഇവി പ്രദര്‍ശിപ്പിച്ചിരുന്നു.

50,000 പൗണ്ടാണ് ഇവിയുടെ വില പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 51.38 ലക്ഷം രൂപ വരും. എന്നാല്‍ ഇപ്പോള്‍ സൈബര്‍സ്റ്റര്‍ ഇവി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കാന്‍ എംജിക്ക് പദ്ധതികള്‍ ഇല്ലെന്നാണറിയുന്നത്. ZS ഇവി, കോമെറ്റ് ഇവി എന്നിവയാണ് എംജി നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഇലക്ട്രിക് കാറുകള്‍.
7.98 ലക്ഷം രൂപ ആമുഖ വിലയില്‍ വിപണിയില്‍ എത്തിയ കോമെറ്റ് ഇവി തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇവിയാണിത്. ഇലക്ട്രിക് കാറുകളെ കേന്ദ്രീകരിച്ചാണ് ഇന്ത്യയിലെ എംജിയുടെ ഭാവി പദ്ധതികള്‍. ഇന്ത്യയില്‍ കമ്പനിയുടെ വില്‍പ്പനയുടെ 65 മുതല്‍ 75 ശതമാനം വരെ ഇവികള്‍ ആവുമെന്നാണ് എംജി പറയുന്നത്.


Click it and Unblock the Notifications