ഫോർച്ച്യൂണറിനേക്കാൾ വിലക്കുറവിൽ എംജിയുടെ ഇലക്ട്രിക് സ്പോർട്സ് കാർ! സൈബർസ്റ്ററിന്റെ വിശേഷങ്ങൾ ഇങ്ങനെ
എംജിയുടെ ഏറ്റവും പുതിയ മോഡലായ സൈബർസ്റ്റർ ചൈനീസ് വിപണിയിൽ ഔദ്യോഗികമായി കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. സ്പോർട്ടി, ലക്ഷ്വറി & ഇലക്ട്രിക് പ്രെസൻസിൽ ഒരു തരംഗമായിട്ടാണ് കാർ എത്തുന്നത്. ഓൾ-ഇലക്‌ട്രിക് ടു ഡോർ സ്‌പോർട്‌സ് കാർ അതിന്റെ ആകർഷകമായ സവിശേഷതകളും ഡിസൈൻ ഘടകങ്ങളും ഉപയോഗിച്ച് വാഹന ലോകത്തെ പുനർനിർവചിക്കാൻ സജ്ജീകരിച്ചിരിക്കുന്ന ഒന്നാണ്.
സ്‌പോർട്‌സ്കാറിന് 4535 mm നീളവും 1913 mm വീതിയും 1329 mm ഉയരവും 2690 mm വീൽബേസുമാണുള്ളത്. CNY 319,800 മുതൽ CNY 315,800 വരെ, അതായത് ഏകദേശം 37 ലക്ഷം മുതൽ 41.5 ലക്ഷം രൂപ വരെയാണ് എംജി സൈബർസ്റ്ററിന്റെ എക്സ്-ഷോറൂം വില.

ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ടൊയോട്ട ഫോർച്യൂണറിനേക്കാൾ ഏറെ കുറെ 10 ലക്ഷം രൂപ കുറവാണ് ഇതിന്. കൂടാതെ സ്പോർട്സ് കാർ ഗ്ലാമർ എഡിഷൻ, സ്റ്റൈൽ എഡിഷൻ, പയനിയർ എഡിഷൻ എന്നിങ്ങനെ മൂന്ന് ആകർഷകമായ ട്രിം ലെവലുകളിൽ ലഭ്യമാണ്, ഓരോന്നിനും അതുല്യമായ പവർട്രെയിൻ കോമ്പിനേഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഗ്ലാമറിന് RWD 501, സ്റ്റൈലിന് RWD 580, പയനിയറിന് AWD 520 എന്നിങ്ങനെയാണ് ഓപ്ഷനുകൾ. സൈബർസ്റ്ററിന്റെ താങ്ങാനാവുന്ന വിലയും ഫീച്ചറുകളും ചൈനീസ് വിപണിയിൽ വളരെ ആകർഷകമായ ഓപ്ഷനായി വാഹനത്തിനെ സ്ഥാപിക്കുന്നു. ബേസ് RWD 501 പവർട്രെയിനുമായി വരുന്ന മോഡലിന് 64 kWh ബാറ്ററി പാക്ക് ലഭിക്കുന്നു.

ഇത് 310 bhp മാക്സ് പവറും 475 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ഇണചേരുന്നു. സിംഗിൾ ചാർജിൽ 501 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. മിഡ് സ്പെക്ക് RWD 580 -ൽ 77 kWh ബാറ്ററിയാണ് വരുന്നത്, അതേ RWD സജ്ജീകരണവും പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ 4.9 സെക്കൻഡ് മതിയാകും എന്നതാണ് ഇതിന്റെ സവിശേഷത.
വേരിയന്റ് ലൈനപ്പിന്റെ മുകൾതട്ടിലുള്ള, AWD 520 വേരിയന്റിൽ 536 bhp പരമാവധി പവറും 725 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു ഡ്യുവൽ മോട്ടോർ സെറ്റപ്പാണ്, ഇത് സൈബർസ്റ്ററിനെ 3.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു. സിംഗിൾ ചാർജിൽ 520 കിലോമീറ്ററാണ് വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച് എന്നാണ് എംജി അവകാശപ്പെടുന്നത്.

വെറും 10 സെക്കൻഡിനുള്ളിൽ ഓപ്പണാവുന്ന, ഇലക്ട്രിക്കലി ഓപറേറ്റഡ് കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പാണ് ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. 50 കിലോമീറ്ററിൽ താഴെ വേഗതയിൽ വാഹനം ഓടുമ്പോൾ പ്രവർത്തിക്കാൻ ഇതിന് ശേഷിയുണ്ട്. കൂടാതെ സിസർ ഡോറുകൾ, ബോഡി വർക്കിലെ എയർ ഡക്‌റ്റുകൾ, ഒരു ക്ലാസിക് ഹെഡ്‌ലൈറ്റ് ഡിസൈൻ, 20 ഇഞ്ച് അലോയി വീലുകൾ, ഫോർ-പോട്ട് റെഡ് ഷെയ്ഡിലുള്ള ബ്രെംബോ ബ്രേക്ക് ക്യാലിപ്പറുകൾ എന്നിവയുള്ള എക്സ്റ്റീരിയർ രൂപകൽപ്പന ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ്.
അകത്തളത്തിലേക്ക് കടന്നാൽ, ആഡംബരത്തിന്റെയും സങ്കീർണ്ണതയുടെയും സാക്ഷ്യപത്രമാണ് ക്യാബിൻ എന്ന് നിസംശയം പറയാം. ഒരു ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണമാണ് ഉള്ളിൽ വരുന്നത്, സൗകര്യാർത്ഥം ഡ്രൈവറിലേക്ക് ചായ്‌വുള്ള ഈ സിസ്റ്റമാണ് സെന്ററിൽ വരുന്നത്. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ ഒരു സ്‌പോർട്ടി അപ്പീൽ നൽകുന്നു, ക്യാബിനിലുടനീളം പ്രീമിയം മെറ്റീരിയലുകളും മെറ്റാലിക് ആക്‌സന്റുകളും കമ്പനി നൽകുന്നു. കൂടാതെ വാഹനത്തിന് പ്രീമിയം ബോസ് ഓഡിയോ സിസ്റ്റവും ലഭിക്കും.

നിംഗ്ഡേ പ്ലാന്റിൽ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള SAIC നിർമ്മിക്കുന്ന, എംജി സൈബർസ്റ്റർ ചൈനയിൽ മാത്രമല്ല, ബ്രിട്ടനിലും യൂറോപ്പിലും ഉൾപ്പെടെ ആഗോളതലത്തിൽ അതിന്റെ മുദ്ര പതിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ല, പക്ഷേ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം!


Click it and Unblock the Notifications








