കാര്‍ വിപണിയും പിടിച്ചടക്കാന്‍ അംബാനി; കണ്ണുവെച്ചിരിക്കുന്നത് ഈ കമ്പനിയെ
ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ചെറിയ പുള്ളിയല്ല ഇന്ത്യ ഇന്ന്. നിരവധി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇന്ന് ഇന്‍ഡസ്ട്രിയുടെ ചലനം തന്നെ നിയന്ത്രിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളെ ഏറ്റെടുത്ത് ടാറ്റയടക്കമുള്ള കമ്പനികള്‍ മാലോകരെ ഞെട്ടിച്ചതാണ്. ഇപ്പോള്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് ഇന്ത്യയിലെ തങ്ങളുടെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഏറ്റെടുക്കാന്‍ പോകുന്നുവരും പ്രമുഖരാണ്.
ചൈനീസ് വാഹന ഭീമനായ SIAC ആണ് എംജി മോട്ടോര്‍സിന്റെ ഉടമ. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇന്‍വെസ്റ്റ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എന്നീ വമ്പന്‍മാര്‍ എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇതുസംബന്ധിച്ച് ഈ കമ്പനികളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് കമ്പനിയുടെ ശ്രമങ്ങള്‍. ഇന്ത്യന്‍ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാന്‍ കമ്പനിക്ക് കൂടുതല്‍ ഫണ്ട് ആവശ്യമായി വന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നും എംജിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
വിശ്വസനീയമായ ഒരു പങ്കാളിയെ നേടാനാണ് എംജി മാനേജ്മെന്റിന്റെ ശ്രമമെന്നും ചര്‍ച്ചകള്‍ അതിന്റെ വേഗതയില്‍ നടക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബ്രാന്‍ഡിന്റ വളര്‍ച്ച ലക്ഷ്യമിട്ട് വമ്പന്‍ പ്ലാനുകളാണ് എംജിക്കുള്ളത്. അതിനായി 5000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഇന്ത്യന്‍ കമ്പനികള്‍ക്കും രാജ്യത്തെ വമ്പന്‍ ആസ്തിയുള്ള വ്യക്തികള്‍ക്കും വില്‍ക്കാനാണ് ശ്രമം.

എംജി മോട്ടോര്‍ ഇന്ത്യ സിഇഒ രാജീവ് ചാബ ഇതുസംബന്ധിച്ച് സൂചനയും നല്‍കിയിരുന്നു. അടുത്ത രണ്ട്-നാല് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ബോര്‍ഡ്, മാനേജ്മെന്റ്, വിതരണ ശൃംഖല എന്നിവ ഇന്ത്യനൈസ് ചെയ്യാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നാണ് രാജീവ് ചാബ മാധ്യമങ്ങളോട് പറഞ്ഞത്. ഗുജറാത്തിലെ ഹാലോളിലെ ജനറല്‍ മോട്ടോര്‍സിന്റെ നിര്‍മാണ പ്ലാന്റ് ഇപ്പോള്‍ എംജി മോട്ടോര്‍സിന്റെ പക്കലാണ്. 1.2 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.
ഹാലോളില്‍ തന്നെ മറ്റൊരു പ്ലാന്റ് കൂടി സജ്ജീകരിച്ച് നിര്‍മാണ ശേഷി പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റാക്കി ഉയര്‍ത്തന്‍ എംജിക്ക് പദ്ധതിയുണ്ട്. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറായ കോമെറ്റ് പുറത്തിറക്കി എംജി വലിയ ഓളം തീര്‍ത്തിരുന്നു. ഇതിനൊപ്പം ഇന്ത്യയില്‍ പുതിയ നാലോ അഞ്ചോ കാറുകള്‍ പുറത്തിറക്കാനും എംജിക്ക് പദ്ധതിയുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുലായിരിക്കും പ്രധാനമായും ശ്രദ്ധയൂന്നുക. ഇന്ത്യയിലെ കമ്പനിയുടെ വാഹന വില്‍പ്പനയുടെ 65 മുതല്‍ 75 ശതമാനം വരെ ഇവികള്‍ ആകുമെന്നാണ് എംജി പറയുന്നത്. രാജ്യത്ത് പങ്കാളിത്തത്തിലൂടെയോ മൂന്നാം കക്ഷികളിലൂടെയോ സെല്‍ ഉല്‍പ്പാദനവും ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനെ കുറിച്ച് എംജി ആലോചിക്കുന്നുണ്ട്.
നേരത്തെ പറഞ്ഞപോലെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ അടുത്ത കാലത്തായി വലിയ വാര്‍ത്ത സൃഷ്ടിച്ച മോഡലാണ് എംജി കോമെറ്റ് ഇവി. 7.98 ലക്ഷം രൂപ ആമുഖ വിലയിലാണ് എംജി കോമറ്റ് ഇവി പുറത്തിറക്കിയത്. ZS ഇവിക്ക് ശേഷം എംജി മോട്ടോര്‍സ് ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമെറ്റ്.

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറെന്ന പട്ടം ടാറ്റ ടിയാഗോ ഇവിയില്‍ നിന്ന കോമെറ്റ് ഏറ്റെടുത്തിരുന്നു. 17.3 kWh ബാറ്ററി പായ്ക്കാണ് എംജി കോമെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. എംജി കോമെറ്റ് ഇവിക്ക് തുടിപ്പേകുന്ന ഇലക്ട്രിക് മോട്ടോര്‍ പരമാവധി 42 bhp പവറും 110 Nm ടോര്‍ക്കും സൃഷ്ടിക്കും. 230 കിലോമീറ്ററാണ് കമ്പനി റേഞ്ച് അവകാശപ്പെടുന്നത്.
ഹോം സോക്കറ്റ് വഴി ഏകദേശം ഏഴുമണിക്കൂര്‍ കൊണ്ട് 100 ശതമാനം ചാര്‍ജ് ചെയ്യാം. ഈ കുഞ്ഞന്‍ ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണക്കുന്നില്ല. ഏതായാലും ഇന്ത്യന്‍ കമ്പനികളുമായുള്ള ഇടപാടുകളിലൂടെ ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തെ എംജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. വിദേശ ബ്രാന്‍ഡെന്ന പേര് മായ്ച്ചുകളഞ്ഞ് ഇന്ത്യക്കാരുമായി കൂടുതല്‍ അടുക്കാനും കൂടിയായിരിക്കും അവരുടെ ശ്രമം.


Click it and Unblock the Notifications








