ഇന്ത്യന്‍ ഉടമകള്‍ വന്നിട്ടും രക്ഷയില്ല; എംജി കാറുകള്‍ക്ക് ഇനി അധികം മുടക്കേണ്ടി വരുന്നത് ഇത്രയും തുക
ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതുവര്‍ഷം പിറക്കുമ്പോള്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വരുന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണ് വാഹനങ്ങളുടെ വില വര്‍ധിക്കുക എന്നത്. 2024 ജനുവരി മുതല്‍ തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് എംജി മോട്ടോര്‍ ഈ മാസം തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു.
എംജിയെ കൂടാതെ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, സ്‌കോഡ, സിട്രണ്‍, മെര്‍സിഡീസ് ബെന്‍സ്, ഔഡി, വോള്‍വോ എന്നീ ബ്രാന്‍ഡുകളും ജനുവരി മുതല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി ഒന്ന് മുതല്‍ എംജിയുടെ ജനപ്രിയ മോഡലുകളായ ഗ്ലോസ്റ്റര്‍, ZS ഇവി, ഹെക്ടര്‍, ആസ്റ്റര്‍, കോമെറ്റ് ഇവി എന്നിവക്കായി കൂടുതല്‍ പണം മുടക്കേണ്ടി വരുമെന്ന് സാരം.

എന്നാല്‍ മോഡല്‍ നിരയില്‍ ഒരേ വില വര്‍ധനവല്ല നടപ്പാക്കിയിരിക്കുന്നത്. ജനുവരി മുതല്‍ എംജി മോഡലുകള്‍ക്ക് ഓരോന്നിനും എത്ര രൂപയാണ് അധികം മുടക്കേണ്ടി വരികയെന്ന് നമുക്ക് നോക്കാം. എംജി മോഡല്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന വില വര്‍ധനവിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ഫുള്‍സൈസ് എസ്‌യുവിയായ ഗ്ലോസ്റ്ററിനാണ്. 50,000 രൂപയാണ് ഗ്ലോസ്റ്റര്‍ എസ്‌യുവി ക്ക് കൂടാന്‍ പോകുന്നത്.
അതുപോലെ തന്നെ ZS ഇവിക്ക് അടുത്ത മാസം മുതല്‍ ഇനി 45,000 അധികം മുടക്കേണ്ടി വരും. ഗ്ലോസ്റ്ററും ZS ഇവിയും കഴിഞ്ഞ് അടുത്ത ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിക്കുന്നത് ജനപ്രിയമായ ഹെക്ടര്‍ റേഞ്ചിനായിരിക്കും. എസ്‌യുവിക്ക് 40,000 രൂപ വരെയാണ് കൂടാന്‍ പോകുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ എംജി ഗ്ലോസ്റ്റര്‍, ഹെക്ടര്‍ മോഡലുകള്‍ക്ക് 78000 രൂപ കൂട്ടിയിരുന്നു. ഈ വര്‍ഷം മൂന്നു തവണയാണ് ഹെക്ടറിന്റെ വില കൂട്ടിയത്.

ഒപ്പം എംജി ആസ്റ്റര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ ഇനി 25,000 രൂപ കൂടി അധികം കരുതണം. ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയില്‍ കിട്ടുന്ന ഇലക്ട്രിക് കാറായ എംജി കോമെറ്റ് ഇവിക്കും അടുത്ത മാസം വില കൂടും. എങ്കിലും സഹോദരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചെറിയ വില വര്‍ധനവ് മാത്രമാണ് എംജി കോമെറ്റിന് ലഭിക്കുന്നത്. ജനുവരി മുതല്‍ കുഞ്ഞന്‍ കാറിന് 15000 രൂപയാണ് വില കൂടുന്നത്.
ഓരോ മോഡലിന്റെയും വില വര്‍ധനവിന് പിന്നിലെ കംത്യമായ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും വര്‍ധിച്ച് വരുന്ന ഇന്‍പുട്, പ്രവര്‍ത്തന ചെലവുകള്‍, പണപ്പെരുപ്പം എന്നിവയാണ് കാരണമെന്ന് കരുതുന്നത്. ഇന്‍ഡസ്ട്രിയില്‍ മൊത്തത്തിലുള്ള ഈ വില ക്രമീകരണം ഉപഭോക്താക്കളെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. പുതുവര്‍ഷം പിറക്കുന്നതിന് മുമ്പ് സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യാനായി ഒട്ടുമിക്ക ബ്രാന്‍ഡുകളും ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വില വര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ കൂടി സാധിക്കുന്നതിനാല്‍ ഷോറൂമുകളില്‍ തിരക്കേറാനാണ് സാധ്യത. എംജിയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍ ഈ മാസമാണ് പ്രമുഖ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു എംജി ഇന്ത്യയുടെ 35 ശതമാനം ഓഹരി സ്വന്തമാക്കിയത്. ഷെയര്‍ഹോള്‍ഡര്‍ കരാറും ഷെയര്‍ പര്‍ച്ചേസ് ആന്‍ഡ് ഷെയര്‍ സബ്സ്‌ക്രിപ്ഷന്‍ കരാറും ലണ്ടനിലെ എംജി ഓഫീസില്‍ വച്ച് SAIC പ്രസിഡന്റ് വാങ് സിയാവോഖിയും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാര്‍ത്ത് ജിന്‍ഡാലും ഒപ്പുവച്ചു.
സ്റ്റീല്‍, സിമന്റ്, പെയിന്റ്‌സ്, ഇ-കൊമേഴ്സ്, സ്പോര്‍ട്സ് തുടങ്ങി മേഖലകളില്‍ സാന്നിധ്യമുള്ള ജെഎസ്ഡബ്ല്യുവിന്റെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയിലേക്കുള്ള കാല്‍വെയ്പ്പാണിത്. പുതിയ സംയുക്ത പങ്കാളിത്തത്തിലൂടെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഉല്‍പ്പാദന ശേഷി വിപുലീകരണം, വാഹനങ്ങളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.

ഇന്ത്യന്‍ ഉടമകള്‍ വന്നതോടെ രാജ്യത്തെ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് എംജിക്ക് ഇനി എളുപ്പമാകും. പുതിയ നിക്ഷേപം കൂടി ലഭിച്ചതോടെ ചൈനയില്‍ നിന്ന് കൂടുതല്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. പ്രാദേശിക കമ്പനികളുമായി സഹകരിച്ച് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യത്തിനും എംജി അടുത്ത കാലത്തായി ഊന്നല്‍ നല്‍കി വരുന്നുണ്ട്.


Click it and Unblock the Notifications








