ക്രെറ്റയും കൂട്ടരും കരുതിയിരുന്നോ; എസ്‌യുവി സെഗ്‌മെന്റ് തിരിച്ചുപിടിക്കാന്‍ ഡസ്റ്റര്‍ ഈ വര്‍ഷമെത്തും
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ന് ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നീ ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കാരുടെ മനം കവര്‍ന്ന ആദ്യ റെനോ കാര്‍ ഏതെന്ന് ചോദിച്ചാല്‍ ഡസ്റ്റര്‍ എന്നാണ് ഉത്തരം. ഹ്യുണ്ടായി ക്രെറ്റയടക്കമുള്ള വമ്പന്‍മാര്‍ വാഴുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട ഡസ്റ്റര്‍ 2022-ലാണ് വിടവാങ്ങിയത്.
ഇപ്പോള്‍ ഡസ്റ്ററിന്റെ റീ എന്‍ട്രി സംബന്ധിച്ച് ചില സുപ്രധാന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2012 ജൂലൈയിലാണ് റെനോയുടെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റില്‍ നിന്ന് ഡസ്റ്ററിന്റെ ആദ്യ യൂനിറ്റ് പുറത്തിറങ്ങിയത്. ലോഗന്‍, വെരിറ്റോ, ലോഡ്ജി, ടെറാനോ, ക്യാപ്ചര്‍, നിസന്‍ കിക്ക്സ് എന്നിങ്ങനെ ഒന്നിലധികം വാഹനങ്ങള്‍ നിര്‍മ്മിച്ച റെനോയുടെ B0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരുന്നു ഡസ്റ്റര്‍ നിര്‍മ്മിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം വിടവാങ്ങുന്നത് വരെ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയതല്ലാതെ ഡസ്റ്ററിന് ഒരു ന്യൂ ജെന്‍ പതിപ്പ് സമ്മാനിക്കാന്‍ റെനോ മെനെക്കട്ടിരുന്നില്ല. എന്നാല്‍ റെനോ ഇന്ത്യന്‍ വിപണി പിടിക്കാന്‍ ലക്ഷ്യമിട്ട് പുതു തലമുറ ഡസ്റ്ററും ഒരു പുതിയ 7 സീറ്റര്‍ എസ്‌യുവിയും അണിയറയില്‍ ഒരുക്കുന്നത് പരസ്യമല്ലാത്ത രഹസ്യമാണ്. യൂറോപ്പില്‍ വിപണിയില്‍ ഡാസിയ ബ്രാന്‍ഡിന് കീഴിലായിരിക്കും ഈ മോഡലുകള്‍ വിപണിയിലെത്തുക.
2023 സെപ്റ്റംബറിനും നവംബറിനുമിടയില്‍ പുതിയ ഡസ്റ്റര്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇപ്പോള്‍ ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024-ന്റെ തുടക്കത്തില്‍ പുതിയ ഡസ്റ്റര്‍ യൂറോപ്യന്‍ വിപണിയിലിറങ്ങുമെന്നാണ് സൂചന. എന്നാല്‍ റെനോ ഇക്കാര്യത്തില്‍ യാതൊരു ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിട്ടില്ല. എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പിന്റെ വലിപ്പം കൂടുമെന്നാണ് പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

പുതിയ തലമുറ ഡസ്റ്റര്‍ പുതിയ CMF-B മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിക്കുന്നത്. ഡസ്റ്ററിന്റെ നിലവിലെ മോഡലിന് 4,341 mm ആണ് നീളമുള്ളത്. 4.4 മുതല്‍ 4.5 മീറ്റര്‍ വരെയായിരിക്കും പുതുതലമുറ പതിപ്പിന്റെ നീളം. വലിപ്പം കൂടുന്നതോടെ അകത്തളത്തില്‍ കൂടുതല്‍ സ്‌പെയ്‌സും കൂടുതല്‍ ബൂട്ട് ശേഷിയും നല്‍കും. റെനോ ക്ലിയോ/ക്യാപ്ചര്‍, ഡാസിയ സാണ്ടെറോ/ജോഗര്‍, നിസാന്‍ ജൂക്ക് എന്നീ കാറുകള്‍ ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള 7-സീറ്റര്‍ എസ്യുവിയും ഇതേ പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുക. ബിഗ്സ്റ്റര്‍ 7 സീറ്റര്‍ എസ്‌യുവിയും പുതിയ ഡസ്റ്ററും ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍ ഘടകങ്ങള്‍ പങ്കുവെക്കും. നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ത്രികോണാകൃതിയിലുള്ള ടെയില്‍-ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് അലുമിനിയം സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ ബമ്പറുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ഗ്രില്‍ എന്നിവയാകും പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

ഇതിന് മുന്‍വശത്ത് സാധാരണ ഡോര്‍ ഹാന്‍ഡിലുകളും പിന്നില്‍ സി-പില്ലര്‍ മൗണ്ടഡ് ഡോര്‍ ഹാന്‍ഡിലുകളുമായിരിക്കും ഉണ്ടാകുക. ഇന്റീരിയറിലേക്ക് കടന്നാല്‍ പുതിയ റെനോ ഡസ്റ്ററിന് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ടായിരിക്കും. ആദ്യമായിട്ടായിരിക്കും ഡസ്റ്ററിന് ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നത്.
എസ്‌യുവിയുടെ ക്യാബിനില്‍ ഡാഷ്ബോര്‍ഡിലും ഡോര്‍ പാനലുകളിലും ഹാര്‍ഡ് സ്‌ക്രാച്ചി പ്ലാസ്റ്റിക്കുകള്‍ ആയിരിക്കുമുണ്ടാകുക. മൊത്തത്തില്‍ പ്ലാസ്റ്റിക് ഗുണനിലവാരവും അതിന്റെ ഫിറ്റും ഫിനിഷുമെല്ലാം മെച്ചപ്പെടുത്തും. എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ പതിപ്പുകളില്‍ 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ എഞ്ചിനായിരിക്കും തുടിപ്പേകിയേക്കുക.

ഡീസല്‍ വാഹന പ്രേമികളെ നിരാശരാക്കി പുതിയ ഡസ്റ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്‌തേക്കുക. ഡീസലിന് പകരമായി എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ പവര്‍ട്രെയിന്‍ അവതരിപ്പിച്ചേക്കും. ജോഗറില്‍ വാഗ്ദാനം ചെയ്യുന്ന റെനോയുടെ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡും എസ്‌യുവിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. 1.6 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്നായിരിക്കും തുടിപ്പേകുക.
മള്‍ട്ടി മോഡ് ഗിയര്‍ബോക്‌സായിരിക്കും ഓഫര്‍. 1.2 kWh ബാറ്ററി പായ്ക്കായിരിക്കും ഹൈബ്രിഡ് പതിപ്പില്‍ സജ്ജീകരിക്കുക. ഇത് 138 bhp സംയുക്ത പവര്‍ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. 900 കിലോമീറ്റര്‍ ആയിരിക്കും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പുതിയ ഡസ്റ്ററിന് AWD സജ്ജീകരണവും ലഭിക്കും. പുതിയ പ്ലാറ്റ്ഫോമിന്റെ ബലത്തില്‍ പരുക്കന്‍ സ്വഭാവം നഷ്ടപ്പെടാതെ തന്നെ എസ്‌യുവിയുടെ യാത്രാസുഖത്തിലും വലിയ മെച്ചപ്പെടുത്തലുകളുണ്ടാകും.


Click it and Unblock the Notifications








