ഹൈബ്രിഡ് കരുത്തില്‍ കൊഡിയാക്കും; സ്‌കോഡയെ ഇനി പിടിച്ചാല്‍ കിട്ടൂല
ചെക്ക് റിപബ്ലിക്കന്‍ കാര്‍ നിര്‍മാതാക്കളായ സ്‌കോഡയുടെ ജനപ്രിയ പ്രീമിയം എസ്‌യുവിയാണ് കൊഡിയാക് (Skoda Kodiaq). അടുത്തിടെ എസ്‌യുവി സെഗ്‌മെന്റിലെ വമ്പന്‍മാരെ വെല്ലുവിളിച്ച് 4X4 ഡ്രൈവ് സംവിധാനം സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്ത് 2023 കൊഡിയാക് സ്‌കോഡ ഇന്ത്യയിലെത്തിച്ചു. എണ്ണിച്ചുട്ട അപ്പം പോലെ CKD റൂട്ട് വഴി ഇറക്കുമതി ചെയ്ത കൊഡിയാക്കിന് ലഭിച്ച സ്വീകരണം കണ്ട് സ്‌കോഡ പോലും ഞെട്ടി.
ഇന്ത്യയില്‍ പ്രീമിയം എസ്‌യുവിക്ക് ലഭിച്ച വമ്പന്‍ സ്വീകാര്യത കണക്കിലെടുത്ത് വാഹന നിര്‍മാതാക്കള്‍ രാജ്യത്തിന് അനുവദിച്ച യൂണിറ്റുകള്‍ വര്‍ധിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ കൊഡിയാക് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയുണ്ട്. ചെക്ക് കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ തലമുറ കൊഡിയാക്കിന്റെ ടീസര്‍ പുറത്തുവിട്ടു. ആഗോള ഈ വര്‍ഷം അരങ്ങേറുന്നതിന് മുമ്പായാണ് കാറിന്റെ പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ അടക്കം സ്‌കോഡ പുറത്ത്‌വിട്ടിരിക്കുന്നത്.

ഈ കാറും വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തും. രണ്ടാം തലമുറ കൊഡിയാക് എസ്‌യുവിയുടെ എക്‌സ്റ്റീരിയറിനെയും ഇന്റീരിയറിനെയും കുറിച്ചുള്ള വിവരങ്ങളും സ്‌കോഡ പങ്കുവെച്ചിട്ടുണ്ട്. പ്ലഗ്ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായിട്ടാണ് (Plug-In Hybrid Powertrain ) ഫ്‌ലാഗ്ഷിപ്പ് എസ്‌യുവി എത്തുക. 150 bhp കരുത്തുള്ള 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 25.7 kWh ബാറ്ററിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സംയോിജിത പവര്‍ ഔട്ട്പുട്ട് 204 bhp ആണ്. 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആയിരിക്കും സജ്ജീകരിക്കുക.
ഇലക്ട്രിക് ബാറ്ററി 11 kW വരെയുള്ള എസി ചാര്‍ജറുകളേയും അതുപോലെ DC ഫാസ്റ്റ് ചാര്‍ജറുകളേയും പിന്തുണയ്ക്കുന്നു. 50 kW വരെ വേഗതയുള്ള ചാര്‍ജറുകളില്‍ ബാറ്ററി ചാര്‍ ചെയ്യാന്‍ കഴിയുമെന്ന് സ്‌കോഡ അവകാശപ്പെടുന്നു. കൊഡിയാക് iV എന്ന് വിളിക്കപ്പെടുന്ന പ്ലഗ് ഇന്‍ ഹൈബ്രിഡ് 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് സ്‌കോഡ പറയുന്നത്.

രണ്ട് ഡീസല്‍ യൂണിറ്റുകളും മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ ഒരു പെട്രോള്‍ എഞ്ചിനും ഉള്‍പ്പെടെ മൂന്ന് പവര്‍ട്രെയിനുകള്‍ ഓപ്ഷനുകള്‍ സഹിതമാണ് സ്‌കോഡ പുതിയ കൊഡിയാക് വാഗ്ദാനം ചെയ്യുക. അവയെല്ലാം സ്റ്റാന്‍ഡേര്‍ഡായി ഒരു DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ഇണചേരും
ഓള്‍-വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനും സ്‌കോഡ എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യും. 204 bhp വരെ പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ യൂണിറ്റ്.
ഒപ്പം രണ്ട് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ലഭ്യമാണ്. 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ രണ്ട് വേരിയന്റുകളിലായി തെരഞ്ഞെടുക്കാന്‍ സാധിക്കും. എന്‍ട്രി ലെവല്‍ വേരിയന്റ് 150 bhp പവര്‍ നല്‍കുമ്പോള്‍ ടോപ് സ്‌പെക് വേരിയന്റ് 193 bhp വരെ പവര്‍ പുറത്തെടുക്കും. ഈ എഞ്ചിനുകളെല്ലാം 7-സ്പീഡ് DSG ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഇവയും ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായിട്ടാണ് എത്തുന്നത്.

പെട്രോള്‍ എഞ്ചിനിനോടൊപ്പമാണ് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ വരുന്നത്. പുതിയ തലമുറ സ്‌കോഡ കൊഡിയാക്കിന്റെ ബാഹ്യ രൂപകല്‍പ്പന വ്യക്തമായി വെളിവായിട്ടില്ലെങ്കിലും നിരവധി മാറ്റങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. സ്ലാവിയയിലും കുഷാഖിലും കാണപ്പെടുന്ന പോലുള്ള പുതിയ ഗ്രില്‍ എസ്‌യുവിക്ക് ലഭിച്ചേക്കും. ഫുള്‍ മാട്രിക്സ് എല്‍ഇഡി യൂണിറ്റുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പാണ് മുന്‍വശത്ത് സജ്ജീകരിച്ചിരിക്കുന്നത്.
ഫ്രണ്ട് ബമ്പറില്‍ റഡാര്‍ സെന്‍സറിന്റെ സാന്നിധ്യം ADAS സ്യൂട്ടിലേക്ക് വിരല്‍ ചൂണ്ടുന്നു. പുതുതായി രൂപകല്‍പ്പന ചെയ്ത D-പില്ലറുകളും പുത്തന്‍ ലുക്കിലുള്ള ടെയില്‍ ലൈറ്റുകളും ഇതിന് ലഭിക്കും. 17 മുതല്‍ 20 ഇഞ്ച് വരെ വലിപ്പമാണ് വീലുകള്‍ക്ക്. 4,758 mm ആണ് പ്രീമിയം എസ്‌യുവിയുടെ നീളം. ഇത് മുന്‍ തലമുറ മോഡലിനേക്കാള്‍ 61 mm കൂടുതലാണ്.
മറ്റ് അളവുകള്‍ എല്ലാം മുന്‍തലമുറ പതിപ്പുകള്‍ക്ക് സമമാണ്. എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പ് മൂന്നാം നിര യാത്രക്കാര്‍ക്ക് 15 mm കൂടുതല്‍ ഹെഡ്റൂം വാഗ്ദാനം ചെയ്യുന്നതിനാല്‍ യാത്ര കൂടുതല്‍ സുഖകരമാകും. എസ്‌യുവിയുടെ 5 സീറ്റര്‍ പതിപ്പിന് 910 ലിറ്ററും 7 സീറ്റര്‍ പതിപ്പിന് 340-845 ലിറ്റര്‍ ബൂട്ട് ശേഷിയും ലഭിച്ചേക്കും.
എക്‌സ്റ്റീരിയറിന് പുറമെ കാറിന്റെ അകത്തളവും പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 12.9 ഇഞ്ച് വലിപ്പമുള്ള പുതിയ സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയാണ് അതില്‍ ഒന്ന്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ ലഭിക്കുന്നു. ഹെഡ്-അപ്പ് ഡിസ്‌പ്ലേ ഓപ്ഷണല്‍ ഫീച്ചറായി വരും. റിയര്‍ സീറ്റ് യാത്രക്കാര്‍ക്ക് സെട്രല്‍ ടണലില്‍ കപ് ഹോള്‍ഡറോട് കൂടിയ സ്‌റ്റോറേജ് കംപാര്‍ട്‌മെന്റും ലഭിക്കുന്നു.
5, 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ കൊഡിയാക് തുടര്‍ന്നും ലഭ്യമാകും. നിലവില്‍ സ്‌കോഡ് ആദ്യ തലമുറ കൊഡിയാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. 37.99 ലക്ഷം മുതല്‍ 41.39 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് മത്സരം.


Click it and Unblock the Notifications








