Renault Duster തിരിച്ചുവരുന്നുണ്ടെന്ന് ക്രെറ്റയോട് ചെന്ന് പറ; ദീപാവലി വെടിക്കെട്ട് ബുക്ക് ചെയ്ത് റെനോ
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ക്ലച്ചുപിടിക്കാതെ പോയ പല വമ്പന്‍ വിദേശ ബ്രാന്‍ഡുകളും യൂടേണടിച്ച് പുത്തന്‍ പ്ലാനുകളുമായി തിരിച്ചുവരികയാണ്. ഗെയിംപ്ലാന്‍ മാറ്റത്തിലൂടെ അടുത്തകാലത്ത് സ്‌കോഡയും ഫോക്‌സ്‌വാഗണും വിജയം കണ്ടതിന്റെ ഉദാഹരണവും മുന്നിലുണ്ട്. അതിനാല്‍ തന്നെ റെനോ-നിസാന്‍ സഖ്യവും ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനാണ് പദ്ധതിയിടുന്നത്.
നിക്ഷേപത്തിന്റെ അടുത്ത ഘട്ടത്തില്‍ 600 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 5,300 കോടി രൂപ) റെനോ-നിസാന്‍ സഖ്യം നിക്ഷേപിക്കുമെന്ന് അടുത്തിടെയാണ് വാര്‍ത്തകള്‍ വന്നത്. ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി വിപണിയാണ് ഈ കമ്പനികളുടെ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി നാല് വാഹനങ്ങളാണ് ഇന്ത്യക്കായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിലൂടെ വില്‍പ്പനയും കയറ്റുമതിയും വര്‍ധിപ്പിക്കാനാണ് ഇരു ബ്രാന്‍ഡുകളുടെയും ലക്ഷ്യം.

ഈ നാല് മോഡലുകളുടെ വരവോടെ 2026 ആകുമ്പോള്‍ ആഭ്യന്തര-കയറ്റുമതി കണക്കുകള്‍ പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റാക്കാനാണ് പ്രതീക്ഷിക്കുന്നത്. നിസാനും റെനോയും ഇപ്പോള്‍ B+, C സെഗ്‌മെന്റ് എസ്‌യുവികള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇൗ മോഡലുകള്‍ റെനോ, നിസാന്‍ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വില്‍പ്പനക്കെത്തും. ഇവ കൂടി എത്തുന്നതോടെ വില്‍പ്പന പ്രതിവര്‍ഷം 3.5 ലക്ഷം യൂണിറ്റ് ആക്കി ഉയര്‍ത്താനാണ് സഖ്യം ലക്ഷ്യം വെക്കുന്നത്.
കമ്പനികളുടെ ഇന്ത്യന്‍ പദ്ധതികളിലേക്ക് തിരികെ വന്നാല്‍ CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡല്‍ 2025 ദീപാവലിയോടെ നിരത്തിലെത്താനാണ് സാധ്യത. ഇന്ത്യന്‍ വിപണിയെ ഇളക്കി മറിച്ച ഡസ്റ്ററിന്റെ പുതുതലമുറ പതിപ്പായിരിക്കും ഇതെന്നാണ് സൂചന. തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ റെനോ ഡസ്റ്റര്‍ നിര്‍മിക്കുക. ഇതിന്റെ നിസാന്‍ റീബാഡ്ജ് പതിപ്പും വരും. 5 സീറ്റര്‍ ലേഔട്ടിലായിരിക്കും ഇത് ആദ്യമെത്തുക.

ആറ് മാസത്തിനുള്ളില്‍ ഏകദേശം 2026 ജൂണോടെ ഈ മോഡലുകളുടെ ഉയര്‍ന്ന സീറ്റിംഗ് ലേഔട്ടിലുള്ള പതിപ്പും വിപണിയിലെത്തുമെന്ന് കമ്പനികളുമായി ബന്ധപ്പെട്ട പേരുപറയാന്‍ താല്‍പര്യമില്ലാത്ത വ്യക്തി വെളിപ്പെടുത്തി. റെനോ-നിസാന്‍ സഖ്യത്തില്‍ നിന്ന് വരുന്ന മിഡ്‌സൈസ് എസ്‌യുവിയുടെ സ്‌പെസിഫിക്കേഷനുകള്‍ അറിവായിട്ടില്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇനി ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന് റെനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ പുതിയ ഡസ്റ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ഓഫര്‍ ചെയ്യുക.
പുതിയ വാഹനങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കുമാണ് മുന്‍ഗണന നല്‍കുകയെന്നാണ് നിസാന്‍ പറയുന്നത്. ഉപഭോക്തൃ താല്‍പര്യങ്ങള്‍, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാകും തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഒരുക്കുകയെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. ഡസ്റ്റര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ട്. നിസാന്‍ കഴിഞ്ഞ വര്‍ഷം മൂന്ന് ഹൈബ്രിഡ് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി.
എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളുടെ ഡിമാന്‍ഡ് വിശകലനം ചെയ്യാനാണ് കമ്പനികളുടെ തീരുമാനം. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് തോന്നിയാല്‍ കിറ്റ് ഇറക്കുമതി ചെയ്യുകയും ടോപ് വേരിയന്റില്‍ വാഗ്ദാനം ചെയ്യാനുമാണ് പ്ലാന്‍. ഹൈബ്രിഡ് പ്രൊഡക്ടുകള്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ ഇല്ലെന്നാണ് തോന്നുന്നത്. പെട്രോള്‍-ഹൈബ്രിഡ് മോഡില്‍ വന്നാല്‍ ഡസ്റ്റര്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ മിഡ്‌സൈസ് എസ്‌യുവികള്‍ക്ക് കനത്ത വെല്ലുവിളിയാകും.
2012 ജൂലൈയിലാണ് റെനോ ഇന്ത്യയില്‍ ഡസ്റ്റര്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായി ക്രെറ്റ ഏറ്റെടുക്കുന്നത് വരെ ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മുമ്പനായിരുന്നു ഡസ്റ്റര്‍. റെനോ ഡസ്റ്ററിന്റെ മുന്‍തലമുറ പതിപ്പ് ആ0 പ്ലാറ്റ്‌ഫോമിലായിരുന്നു ഒരുങ്ങിയിരുന്നത്. യാത്രസുഖം, ഡ്രൈവിംഗ് ഡൈനാമിക്‌സ്, വിശാലമായ ക്യാബിന്‍, ഇന്ധനക്ഷമത, ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ എന്നിവയുടെ ബലത്തില്‍ ഡസ്റ്റര്‍ അതിവേഗം പോപ്പുലറായിരുന്നു.
2014-ല്‍ ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് ഡസ്റ്റര്‍ പിന്നിട്ടു. കാറിനെ കാലികമായി നിലനിര്‍ത്താനായി റെനോ ഡസ്റ്ററിന്റെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ പുറത്തിറക്കി. എന്നാല്‍ ക്രെറ്റയുടെ വരവോടെ ഡസ്റ്ററിന്റെ ജനപ്രിയതക്ക് ഇടിവ് നേരിടുകയായിരുന്നു. പുതിയ ഉല്‍പ്പന്നങ്ങളിലും സാങ്കേതികവിദ്യകളിലുമായി 600 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതായി റെനോ-നിസാന്‍ ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. നിക്ഷേപ പദ്ധതി പ്രകാരം നിസാനും റെനോയും മൂന്ന് പുതിയ കാറുകളാണ് പ്രാദേശികമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
രണ്ട് C-സെഗ്മെന്റ് എസ്‌യുവികളും ഒരു ഇലക്ട്രിക് എസ്‌യുവിയുമാണത്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ അതിന്റെ പ്ലാന്റിലെ ഉല്‍പാദനം പരമാവധി കൂട്ടാനാണ് നിസാന്റെ പ്ലാന്‍. നിസാന്റെ ആഗോള വിപണി വിഹിതം 6 ശതമാനമാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. ഇന്ത്യയിലെ വിപണി വിഹിതം 3 ശതമാനമാക്കി ഉയര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിനായി വാഹന നിര്‍മാണ പ്ലാന്റിന്റെ 80 ശതമാനം ശേഷി വിനിയോഗിക്കാനാണ് നീക്കം.


Click it and Unblock the Notifications








