ഇതാണ് കിടിലൻ മോഡിഫിക്കേഷൻ; ഹോണ്ട എലിവേറ്റ് വേറെ ലെവലാക്കി കളഞ്ഞു
പുതിയ ഹോണ്ട എലിവേറ്റിന്റെ ഇന്റീരിയർ മോഡിഫിക്കേഷൻ വീഡിയോ വന്നിട്ടുണ്ട് ഇപ്പോൾ സേഷ്യൽ മീഡിയയിൽ. എലിവേറ്റിന്റെ VX CVT വേരിയന്റാണ് മോഡിഫൈ ചെയ്തിരിക്കുന്നത്. എലിവേറ്റിന്റെ VX CVT വകഭേദം ലെതർ അപ്‌ഹോൾസ്റ്ററിയുമായി വരുന്നില്ല; പകരം, ഇതിന് ഡ്യുവൽ-ടോൺ ഫാബ്രിക് അപ്ഹോൾസ്റ്ററിയാണ് ലഭിക്കുന്നത്.
റൂഫ് ലൈനറുമായി പൊരുത്തപ്പെടുന്ന തരത്തിൽ ബ്രൈറ്റ് ഷെയ്ഡിൽ പൂർണ്ണമായും ലെതർ പൊതിഞ്ഞ ഇന്റീരിയർ നൽകിയിട്ടുണ്ട്. പുതിയ ലെതർ അപ്ഹോൾസ്റ്ററി നൽകിയ സീറ്റുകൾ, ഡാഷ്ബോർഡ്, സെന്റർ കൺസോൾ, ഡോർ പാനലുകൾ എന്നിവയെല്ലാം വീഡിയോയിൽ കാണാം. നിറങ്ങൾ മാറ്റാൻ ഒരു ആപ്പ് വഴി നിയന്ത്രിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗും അവർ ചേർത്തിട്ടുണ്ട്.

വിപണിയിൽ അനുദിനം വളരുന്ന യൂട്ടിലിറ്റി വാഹന വിഭാഗത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാനാണ് എലിവേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഏഴ് സിംഗിൾ-ടോൺ, മൂന്ന് ഡ്യുവൽ-ടോൺ ഷേഡുകൾ ഉൾപ്പെടെ 10 വ്യത്യസ്ത എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. എലിവേറ്റിനായി വിവിധ പാക്കേജുകളിലൂടെ ഹോണ്ട നിരവധി ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. സ്റ്റോക്ക് ലുക്കിനൊപ്പം വാഹനത്തെ ഒന്നുകൂടി മോടിപിടിപ്പിക്കാനും കൂടുതൽ പ്രായോഗികവുമാക്കാനുമായാണ് ആക്‌സസറികൾ സഹായിക്കുക.
ഈ ആക്‌സസറികൾക്കൊപ്പം ഇന്ത്യൻ വിപണിയിൽ ഹോണ്ട എലിവേറ്റിനായി വ്യത്യസ്ത കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഔദ്യോഗികമായി വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌യുവി വാങ്ങുന്നവർക്ക് വിവിധ ആക്‌സസറികൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അവ ഒരു പാക്കേജായി അല്ലെങ്കിൽ അംഗീകൃത ഹോണ്ട ഡീലർമാരിൽ നിന്ന് വ്യക്തിഗതമായി വാങ്ങാം. ബേസിക്, സിഗ്നേച്ചർ, ആർമർ എന്നിങ്ങനെ വിവിധ ആക്‌സസറികൾ അടങ്ങുന്ന മൂന്ന് വ്യത്യസ്ത പാക്കേജുകളാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.
എലിവേറ്റിന്റെ ഫോഗ് ലാമ്പുകൾ ഫ്രണ്ട് ബമ്പറിന് താഴെയുള്ള ചുറ്റുപാടിലാണ് വരുന്നത്. താഴെയായി ഒരു സ്ലീക്കർ എയർ ഡാമും കാണാം. അതിനടിയിൽ ഫോക്സ് ബാഷ് പ്ലേറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ഉപയോഗിച്ച് എലിവേറ്റിനെ കൂടുതൽ പരുക്കനാക്കാനുള്ള ശ്രമവും ഹോണ്ടയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എസ്‌യുവിയുടെ ഫ്‌ളേർഡ് വീലാർച്ചുകളെ ബന്ധിപ്പിക്കുന്ന സ്‌പോർട് പ്ലാസ്റ്റിക് ക്ലാഡിംഗാണ് വശക്കാഴ്ച്ചയിലെ ആകർഷണം. 17 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഫ്ളേർഡ് വീൽ ആർച്ചുകൾക്കുള്ളിൽ ഇടംപിടിച്ചിരിക്കുന്നത്.
സേഫ്റ്റി ഫീച്ചറുകളുടെ വലിയൊരു നിരയും വാഹനത്തിലുണ്ട്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, എജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മാർഗ നിർദ്ദേശങ്ങളോടു കൂടിയ റിയർ പാർക്കിംഗ് ക്യാമറ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം എലിവേറ്റിന്റെ സേഫ്റ്റിക്കായി ഒരുക്കിയിട്ടുണ്ട്. പോരാത്തതിന് ADAS സേഫ്റ്റി ഫീച്ചറിന്റെ അകമ്പടിയും ഹോണ്ട മിഡ്-സൈസ് എസ്‌യുവിക്കുണ്ട്.
അഞ്ചാം തലമുറ സിറ്റി സെഡാനുമായി പ്ലാറ്റ്ഫോം പങ്കിടുന്ന എലിവേറ്റ് ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. എലിവേറ്റിന് 4,392 മില്ലീമീറ്റർ നീളവും 1,790 മില്ലീമീറ്റർ വീതിയും 1,650 ഉയരവും 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 1,206 കിലോഗ്രാം ഭാരവും, സിവിടി പതിപ്പിന് 1,258 കിലോഗ്രാം ഭാരവുമാണുള്ളത്.
ഹോണ്ടയിൽ നിന്നുള്ള എലിവേറ്റ് 458 ലിറ്റർ ബൂട്ട് സ്പേസും 40 ലിറ്റർ ഫ്യുവൽ ടാങ്കും വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റിയിൽ നിന്നുള്ള അതേ നാച്ചുറലി ആസ്പിറേറ്റഡ്, DOHC, 1.5 ലിറ്റർ, ഫോർ സിലിണ്ടർ, i-VTEC പെട്രോൾ എഞ്ചിൻ തന്നെയാണ് എസ്‌യുവിക്കും തുടിപ്പേകുന്നത്. ഇത് 6,600 rpm-ൽ പരമാവധി 119.35 bhp കരുത്തും 4,300 rpm-ൽ 145 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും.
ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ എത്തുന്ന എലിവേറ്റ് മൈലേജിന്റെ കാര്യത്തിലും പുലിയാണ്. മാനുവൽ പതിപ്പിൽ എലിവേറ്റ് 15.31 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ സിവിടി ഓട്ടോമാറ്റിക്കിൽ 16.92 കിലോമീറ്റർ ഇന്ധനക്ഷമതയും ഹോണ്ട എസ്‌യുവിക്ക് നൽകാനാവും. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 16 ഇഞ്ച് സ്റ്റീൽ വീലുകളിലോ 17 ഇഞ്ച് അലോയ് വീലുകളിലോ വാഹനം ലഭ്യമാവും.
എന്തായാവും വിപണി പിടിക്കാനും തന്റേതായ സ്ഥാനം കണ്ടെത്താനും ഹോണ്ടയുടെ പുതിയ എസ്‌യുവിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ബോക്‌സി ഷേപ്പ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സുഖപ്രദമായ ക്യാബിൻ, റിഫൈൻഡായ എഞ്ചിൻ എന്നിവ ഉപയോഗിച്ച് ഹ്യുണ്ടായി, കിയ, മാരുതി, ടൊയോട്ട എന്നീ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ മോഡലിനായേക്കും. കൂടാതെ ഹോണ്ട ഫാൻസിനെ തൃപ്ത്തിപ്പെടുത്താനുള്ള എല്ലാ ഫീച്ചറുകളും ഗിമ്മിക്കുകളും എലിവേറ്റിനുള്ളതും സഹായകരമാവും.


Click it and Unblock the Notifications








