ഹോണ്ടയുടെ രാജകുമാരനായി എലിവേറ്റ്; റിവ്യൂ വീഡിയോ കാണാം
സെഡാനുകളിലൂടെ ഇതുവരെ ആടിത്തിമിർത്ത ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട എസ്‌യുവി അംഗത്തിനായി കച്ചകെട്ടിയിറങ്ങുകയാണ്. എലിവേറ്റിന്റെ അവതരണം പ്രഖ്യാപിച്ചതു മുതൽ ആളുകൾ പതിയെ ഹോണ്ട ഷോറൂമുകളിലേക്ക് തള്ളിക്കയറുകയാണ്. ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളാണ് ഹോണ്ടയ്ക്ക് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്തതെങ്കിലും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കാനാവുമെന്ന് CR-V എന്ന പ്രീമിയം മോഡലിലൂടെ തെളിയിച്ചവരാണ് ബ്രാൻഡ്. ഇന്ത്യയിൽ വലിയ ഹിറ്റായില്ലെങ്കിലും നാലാളറിയും വിധം CR-V ജനപ്രീതി നേടിയിരുന്നു.
ഈ കാറുകളുടെ വിൽപ്പനയിലൂടെ അധികകാലം മുന്നോട്ടുപോവാനാവില്ലെന്ന് മനസിലാക്കിയ ബ്രാൻഡ് ഒടുവിൽ ഒരു എസ്‌യുവി മോഡലിന് ജൻമം കൊടുത്തു. അതാണ് എലിവേറ്റ് എന്ന രാജകുമാരൻ. അടുത്തിടെ ഔദ്യോഗികമായി അവതരിപ്പിച്ചതോടെ സെഗ്മെന്റിലെ മറ്റ് കരുത്തൻമാർക്കെല്ലാം നെഞ്ചിടിപ്പേറി. കാരണം വരുന്നത് രാജ്യത്ത് പ്രത്യേക ഇമേജുള്ള ഹോണ്ടയുടെ വാഹനമായതിനാലാണ്. എന്തായാവും സെപ്റ്റംബറിൽ വില പ്രഖ്യാപനവും ഡെലിവറിയും നടക്കാനിരിക്കുന്ന ഹോണ്ട എലിവേറ്റ് എങ്ങനെയുണ്ടാവും എന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാവില്ലേ. അതറിയാൻ ഇതാ എസ്‌യുവിയുടെ റിവ്യൂ വീഡിയോ കാണാം.
പിന്നീട് BR-V ഒക്കെ വന്നെങ്കിലും ശരിയായ ബോക്‌സ് അപ്പീൽ ഇല്ലാതിരുന്നതിനാൽ അവിടെയും ഹോണ്ടയ്ക്ക് പാളി. പിന്നീട് സിറ്റി, അമേസ് എന്നിങ്ങനെ രണ്ട് സെഡാനുകളിലൂടെ ജീവിതം തള്ളിനീക്കിയ കമ്പനി അടിക്കടി ഇതേ മോഡലുകളെ പുതുക്കി മുന്നോട്ടു നീങ്ങുകയായിരുന്നു. 2017-ന് ശേഷം ഇന്ത്യയിൽ പുതിയൊരു കാറിനെ പുറത്തിറക്കാനാവാത്ത ഹോണ്ട രാജ്യം വിടുമെന്ന പ്രതീതി വരെ ഇടയ്ക്കുണ്ടായി. എന്നാൽ പുതിയ സിറ്റി ഹൈബ്രിഡും അമേസുമെല്ലാം വിപണിയിലെത്തിച്ച് പിടിച്ചുനിൽക്കാനാണ് ഹോണ്ട ശ്രമിച്ചത്.
അഞ്ചാം തലമുറ സിറ്റി സെഡാനുമായി പ്ലാറ്റ്ഫോം പങ്കിടുന്ന എലിവേറ്റ് ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. എലിവേറ്റിന് 4,392 മില്ലീമീറ്റർ നീളവും 1,790 മില്ലീമീറ്റർ വീതിയും 1,650 ഉയരവും 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 1,206 കിലോഗ്രാം ഭാരവും, സിവിടി പതിപ്പിന് 1,258 കിലോഗ്രാം ഭാരവുമാണുള്ളത്.



Click it and Unblock the Notifications