New Hyundai Kona EV വലിപ്പവും സ്‌പെയ്‌സും കൂട്ടി ഒരു വരവ് വരുന്നുണ്ട്; ടാറ്റക്കും എംജിക്കും 'അപായമണി'
ഇന്ത്യന്‍ വാഹന വിപണിയില്‍ ആദ്യ ഇലക്ട്രിക് എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടായി കോന. 2019 ലാണ് ഇലക്ട്രിക് ക്രോസ്ഓവര്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യയിലെത്തിച്ചത്. ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവും ഉയര്‍ന്ന വിലയും കാറിന്റെ വില്‍പ്പനയെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഓരോ ഇലക്ട്രിക് കാറിനെ കുറിച്ചും വാഹന രംഗം സസൂക്ഷ്മം വീക്ഷിക്കുകയാണ്.
ഇപ്പോള്‍ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ ഹ്യുണ്ടായി ഏറ്റവും പുതിയ കോന ഇലക്ട്രിക് വാഹനം അവതരിപ്പിച്ചത് ഇവി ഫാന്‍സിനെ ആവേശം കൊള്ളിക്കും. കോനയുടെ രണ്ടാം തലമുറ മോഡല്‍ യുഎസില്‍ ചെറു ഇലക്ട്രിക് എസ്‌യുവി സെഗ്മെന്റിലാണ് സ്ഥാനം പിടിക്കുക. വൈദ്യുതീകരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന കോനയുടെ പുതിയ പ്ലാറ്റ്‌ഫോം ഹ്യുണ്ടായി വികസിപ്പിച്ചിട്ടുണ്ട്. കൊറിയന്‍ ബ്രാന്‍ഡിന്റെ വൈദ്യുതീകരണ നീക്കങ്ങള്‍ക്ക് വേഗം നല്‍കുകയെന്ന ലക്ഷ്യം ഇതിനുണ്ട്.

2024 ഹ്യുണ്ടായി കോന ഇലക്ട്രിക് (2024 Hyundai Kona Electric), ലിമിറ്റഡ്, N ലൈന്‍ മോഡലുകളാണ് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിക്കപ്പെട്ടത്. കൂടുതല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഉള്ളതിനാല്‍ ആഗോള മാര്‍ക്കറ്റില്‍ സമഗ്രമായ ചെറു എസ്‌യുവി പാക്കേജായി രണ്ടാം തലമുറ കോന മാറും. ഇലക്ട്രിക് പവര്‍ട്രെയിനിനൊപ്പം പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളും ഹ്യുണ്ടായി പുറത്തിറക്കുന്നു. സ്‌പോര്‍ട്ടിയറായ N ലൈന്‍ പതിപ്പും ശ്രദ്ധേയമാണ്.
ഡൈനാമിക് ഡിസൈനും വലിപ്പത്തിലുണ്ടായ മാറ്റങ്ങളുമെല്ലാം ചേരുന്നതോടെ കോന എല്ലാ തലത്തിലുമുള്ള കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ ഹ്യുണ്ടായി കോന ഇലക്ട്രികിലേക്ക് വന്നാല്‍ മുകളില്‍ പറഞ്ഞ പോലെ മുന്‍ഗാമിയെ അപേക്ഷിച്ച് വലിപ്പം ഇത്തിരി കൂടിയിട്ടുണ്ട്. ഒപ്പം അകത്തളം കുറച്ചുകൂടി വിശാലമാകുന്നതിനൊപ്പം ഫീച്ചറുകളാലും സമ്പന്നമാണ്. വലിപ്പത്തിലേക്ക് കടക്കുമ്പോള്‍ 104.7 ഇഞ്ച് ആണ് കാറിന്റെ വീല്‍ബേസ് വരുന്നത്.

കാറിന് 171.5 ഇഞ്ച് നീളവും 71.9 ഇഞ്ച് വീതിയുമുണ്ട്. 0.27 ഡ്രാഗ് കോഫിഫിഷ്യന്റ് ഉള്ള ഏറ്റവും പുതിയ കോന ഇലക്ട്രിക് മികച്ച എയറോഡൈനാമിക് പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നു. 64.8 kWh ബാറ്ററി പായ്ക്കാണ് ഹ്യുണ്ടായി കോന ഇലക്ട്രിക്കില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഹ്യുണ്ടായിയുടെ പ്രാഥമിക ടെസ്റ്റുകളില്‍ ഇവി ഒറ്റ ചാര്‍ജില്‍ 418 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്.
400V ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തില്‍ വെറും 43 മിനിറ്റ് കൊണ്ട് ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാം. ഇവിയുടെ കഴിവുറ്റ ഇലക്ട്രിക് മോട്ടോര്‍ 201 bhp പവറും 255 Nm പീക്ക് ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. ലൈഫ്‌സ്‌റ്റൈല്‍ വാഹനം ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഹ്യുണ്ടായി കോനയുടെ അകത്തളം ഇഷ്ടപ്പെടും. ആധുനിക ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും കണ്ടറിഞ്ഞാണ് ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ലിവിംഗ് സ്‌പെയ്‌സിന് സമാനമായ രീതിയിലാണ് ഹ്യുണ്ടായി കാറിന്റെ ഇന്റീരിയര്‍ നവീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ 12.3 ഇഞ്ച് പനോരമിക് ഡിസ്പ്ലേ സ്‌ക്രീനുകളുള്ള ഫ്‌ലോട്ടിംഗ് ഹോറിസോണ്ടല്‍ സി-പാഡുമായാണ് ഡാഷ്ബോര്‍ഡ് വരുന്നത്. ഗിയര്‍ സെലക്ടര്‍ ഇപ്പോള്‍ സ്റ്റിയറിംഗ് വീലിന് പിന്നിലേക്ക് മാറ്ററിയിട്ടുണ്ട്. അതിനാല്‍ തന്നെ ഓപണ്‍ കണ്‍സോള്‍ ഏരിയയില്‍ കൂടുതല്‍ സ്‌പെയ്‌സ് ലഭിക്കുന്നു.
ബാറ്ററി പ്രീകണ്ടീഷനിംഗ് സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ഇലക്ട്രിക് കാര്‍ ശൈത്യകാലത്ത് സുരക്ഷിതമായ ചാര്‍ജിംഗും പവര്‍ പെര്‍ഫോമന്‍സും ഉറപ്പാക്കുമെന്നാണ് കമ്പനി പറയുന്നത്. കാറില്‍ ഒരു പുതിയ ചാര്‍ജിംഗ് പോര്‍ട്ട് ഡോര്‍ ലാമ്പ് നല്‍കിയിട്ടുണ്ട്. ഇത് രാത്രിയില്‍ ഡ്രൈവര്‍ക്ക് ഉപകാരമാകും. ഫോര്‍വേഡ് 'ഫ്രങ്ക്' സ്റ്റോറേജ്, ആക്റ്റീവ് ഗ്രില്‍ ഷട്ടറുകള്‍, എക്സ്റ്റീരിയര്‍ വെഹിക്കിള്‍ ടു ലോഡ് (V2L) ശേഷി, i-PEDAL ഡ്രൈവിംഗ് മോഡ്, സ്മാര്‍ട്ട് റീജനറേറ്റീവ് സിസ്റ്റം എന്നിവയും കോന ഇലക്ട്രിക്കില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
തത്സമയ ട്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കി സ്മാര്‍ട്ട് റീജനറേറ്റീവ് സിസ്റ്റം ഓട്ടോമാറ്റിക്കായി റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകള്‍ ക്രമീകരിക്കുന്നു. ഇത് റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നു. ഈ ഇലക്ട്രിക് കാര്‍ ആദ്യം അമേരിക്കയിലും ലാറ്റിനമേരിക്കന്‍ വിപണികളിലുമായിരിക്കും എത്തുക ശേഷം കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. എന്നാല്‍ അത് എന്നായിരിക്കുമെന്ന കാര്യം നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന എസ്‌യുവി സെഗ്‌മെന്റിലേക്ക് പുതിയ ഒരു പടയാളിയെ കളത്തിലിറക്കാന്‍ പോകുകയാണ് ഹ്യുണ്ടായി. ഈ ചെറു എസ്‌യുവി സെഗ്‌മെന്റില്‍ ചലനം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സമാനമായ രീതിയില്‍ കോന ഇലക്ട്രികും ഇന്ത്യന്‍ തീരത്തെത്തിച്ചാല്‍ അത് ഇവി സെഗ്‌മെന്റിലെ വിപണി വിഹിതം ഉയര്‍ത്താനാകുമെന്നാണ് കമ്പനി കരുതുന്നത്.


Click it and Unblock the Notifications