എതിരാളികളെ വെണ്ണീറാക്കാന്‍ വെര്‍ണ; വരവ് വിളിച്ചോതി പുതിയ ചിത്രങ്ങള്‍
ഏപ്രിലില്‍ വരാനിരിക്കുന്ന റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ വാഹന നിര പരിഷ്‌കരിക്കുകയാണ്. സി സെഗ്‌മെന്റ് സെഡാന്‍ സെഗ്‌മെന്റിലും പുതിയ എഞ്ചിനുമായി വരുന്ന വാഹനങ്ങള്‍ ലോഞ്ച് ആയി.
മാരുതി സുസുക്കി സിയാസ് പുത്തന്‍ സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് പരിഷകാരിയായി വിപണിയില്‍ എത്തി. ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റി മാര്‍ച്ച് രണ്ടിന് അരങ്ങേറ്റം കുറിക്കും. ഇനി വരാനുള്ളത് ഹ്യുണ്ടായി വെര്‍ണയാണ്. ഹ്യുണ്ടായിയുടെ ചുണക്കുട്ടനെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വാഹന പ്രേമികള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പുതിയ വെര്‍ണയുടെ ലോഞ്ചും മാര്‍ച്ചില്‍ തന്നെ ഉണ്ടാകും. ഇപ്പോള്‍ പുതിയ ഹ്യുണ്ടായി വെര്‍ണ വീണ്ടും ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ചെന്നൈയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ ഹ്യുണ്ടായി വെര്‍ണയുടെ നിര്‍മ്മാണം ആരംഭിച്ചതായി സ്ഥിരീകരിക്കുന്നു. പുതിയ വെര്‍ണ സെഡാന്‍ മാര്‍ച്ച് 21-ന് പുറത്തിറക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നതായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഒപ്പം തന്നെ ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാര്‍ പുതിയ സെഡാനിനുള്ള ബുക്കിംഗ് ജാലകവും ഇതിനോടകം തുറക്കുകയും ചെയ്തു.
പുതിയ ഹ്യുണ്ടായി വെര്‍ണ സെഡാന്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കന്‍ തുക നല്‍കി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രാജ്യത്തെ ഏതെങ്കിലും ഹ്യുണ്ടായി ഡീലര്‍ഷിപ്പ് വഴിയോ ബുക്ക് ചെയ്യാന്‍ സാധിക്കും. പുതിയ വെര്‍ണ കമ്പനിയുടെ സെന്‍സസ് സ്പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഷാര്‍പ്പ് സ്റ്റൈലിംഗിനൊപ്പം സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍, ഫുള്‍-വിഡ്ത്ത് എല്‍ഇഡി ഡിആര്‍എലുകള്‍ എന്നിവയോടെയാണ് സെഡാന്‍ വരുന്നത്.

ഇതിനുപുറമെ, ഫാസ്റ്റ്-ബാക്കിനെ അനുസ്മരിപ്പിക്കുന്ന സൈഡ് പ്രൊഫൈല്‍, ഒരു കൂട്ടം ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പിന്നില്‍ ഒരു എല്‍ഇഡി ലൈറ്റ് ബാര്‍, വിശാലമായ ഫ്രണ്ട് ഗ്രില്‍ എന്നിങ്ങനെ ശ്രദ്ധേയമായ ഡിസൈന്‍ സവിശേഷതകളുമായാണ് ഹ്യുണ്ടായി വെര്‍ണ പുതിയ ഇന്നിംഗ്‌സ് ആരംഭിക്കാന്‍ പോകുന്നത്. പുതിയ ഹ്യുണ്ടായി വെര്‍ണ EX, S, SX, SX(O) എന്നിവയുള്‍പ്പെടെ 4 വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
7 സിംഗിള്‍-ടോണ്‍, 2 ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ പുതിയ വെര്‍ണ സെഡാന്‍ സ്വന്തമാക്കാന്‍ സാധിക്കും. പുതിയ ഹ്യുണ്ടായി വെര്‍ണ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 113.18 bhp പവറും 143.8 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഒന്നാമത്തേത്. കൂടാതെ, ഉപഭോക്താക്കള്‍ക്ക് 6-സ്പീഡ് മാനുവല്‍, CVT ഗിയര്‍ബോക്‌സുകള്‍ തിരഞ്ഞെടുക്കാം.

ഒപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശക്തമായ മറ്റൊരു എഞ്ചിനും തെരഞ്ഞെടുക്കാന്‍ ഓപ്ഷനുണ്ട്. രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ കൂടുതല്‍ ശക്തമായ, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ ഏകദേശം 160 bhp കരുത്തും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഈ പവര്‍ട്രെയിന്‍ 7-സ്പീഡ് DCT ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
പുതിയ ഹ്യുണ്ടായി വെര്‍ണയിലെ രണ്ട് എഞ്ചിനുകളും ഏപ്രിലില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായി തയാറാക്കിയിട്ടുള്ളതാണെന്ന കാര്യം എടുത്തുപറയേണ്ടതാണ്. ഒപ്പം തന്നെ, ഈ എഞ്ചിനുകള്‍ E20 ഇന്ധനത്തിനും (20 ശതമാനം എഥനോള്‍) അനുയോജ്യമാകും. വരാനിരിക്കുന്ന ഹ്യുണ്ടായി വെര്‍ണയിലെ എല്ലാവരെയും കൊതിപ്പിക്കുന്ന ഫീച്ചര്‍ ADAS ആണ്. എന്നാല്‍ ADAS സുരക്ഷ സവിശേഷതകള്‍ സെഡാന്റെ ടോപ്പ്-സ്‌പെക്ക് ട്രിം ലെവലില്‍ മാത്രമേ ലഭ്യമാകാന്‍ സാധ്യതയുള്ളൂ.
ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എന്നിവയടക്കമുള്ള സുരക്ഷാ ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷ. ഫീച്ചര്‍ സമ്പന്നമായി എത്തുന്ന പുതിയ ഹ്യുണ്ടായി വെര്‍ണ ഇന്ത്യന്‍ വിപണിയില്‍ നിരവധി ഉപഭോക്താക്ക െള ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. വിപുലമായ ഫീച്ചര്‍ ലിസ്റ്റും ADAS സേഫ്റ്റി ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന സെഡാന്‍ എസ്‌യുവികള്‍ക്ക് പിന്നാലെ പായുന്ന യുവാക്കളില്‍ ഒരുപറ്റത്തിനെ തിരികെയെത്തിക്കാന്‍ ഗുണകരമായേക്കും. കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ മത്സരം മുറുകുന്നതോടെ പുതിയ വെര്‍ണക്ക് ആരെയും ആകര്‍ഷിക്കുന്ന വില നല്‍കാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








