ടിയാഗോ, കോമെറ്റ് ഇവികള്‍ മറക്കാൻ ഒരുങ്ങിക്കോ; ബജറ്റ് വിലയില്‍ കിയയുടെ കുഞ്ഞന്‍ ഇവി വരുന്നു
ലോകം മൊത്തം ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുക്കുന്ന സമയമാണിപ്പോള്‍. ഒട്ടുമിക്ക കമ്പനികളും മോഡല്‍ നിര വിപുലീകരിക്കുന്ന തിരക്കിലാണിപ്പോള്‍. അതില്‍ തന്നെ ബജറ്റ് വിലയിലുള്ള എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ഇന്ത്യയിലടക്കം വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ഇപ്പോള്‍ തങ്ങളുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ കിയ റേ ഇവി പരിഷ്‌കരിച്ച് ആഗോള വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കിയ.
റേ ഇവിയുടെ ചരിത്രം തപ്പിപ്പോയാല്‍ ഐസിഇ അവതാരത്തില്‍ ദക്ഷിണ കൊറിയയിലും മറ്റ് രാജ്യങ്ങളിലും വര്‍ഷങ്ങളായി വില്‍ക്കപ്പെടുന്ന ഒരു മിനി കാറാണ് കിയ റേ. കിയ റേയുടെ ഇലക്ട്രിക് പതിപ്പ് 2011 ഡിസംബറിലാണ് ആദ്യമായി വിപണിയില്‍ എത്തിയത്. കൊറിയയിലെ ആദ്യത്തെ ഓള്‍ ഇലക്ട്രിക് കാറായിരുന്നു ഇത്. അക്കാലത്ത് ദക്ഷിണ കൊറിയയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച ഇവിയായിരുന്നു ഇത്.

അക്കാലത്ത് 139 കിലോമീറ്റര്‍ റേഞ്ച് മാത്രം നല്‍കിയിരുന്ന കാര്‍ ആഭ്യന്തര നഗര യാത്രകള്‍ക്കായി ഡിസൈന്‍ ചെയ്ത മിനി കാര്‍ ആയിരുന്നു. റേഞ്ച് കുറവായതിനാലും പൊതു ചാര്‍ജിംഗ് സംവിധാനങ്ങള്‍ പരിമിതപ്പെടുത്തിയതിനാലും അത് അക്കാലത്ത് വലിയ ക്ലിക്കായില്ല. അതേത്തുടര്‍ന്ന് കാലം തെറ്റി ഇറങ്ങിയ മോഡല്‍ 2018-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ഇന്ന് മാറിയ സാഹചര്യത്തില്‍ വാഹനത്തില്‍ വമ്പന്‍ അപ്‌ഡേറ്റുമായി വിപണി പിടിക്കാനാണ് കിയയുടെ ശ്രമം.
EV6 എന്ന ഒറ്റ ഇവിയാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിക്കുന്നത്. ഇവിടെ പുത്തന്‍ വണ്ടിക്ക് മറ്റ് പ്രമുഖ ഇവികളുടെ റോഡ് പ്രസന്‍സോ സ്‌റ്റൈലിംഗോ ഇല്ലെങ്കിലും തങ്ങളുടെ എന്‍ട്രി ലെവല്‍ ഇവി വിഭാഗം ശക്തിപ്പെടുത്താനാണ് കിയ ശ്രമിക്കുന്നത്. ഏകദേശം 20,500 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ) എന്ന ആകര്‍ഷകമായ വിലയിലാണ് കിയ റേ ഇവിയുടെ 2023 എഡിഷന്‍ കമ്പനി അവതരിപ്പിച്ചത്.
ആദ്യമായി കാര്‍ വാങ്ങുന്ന ഉപഭോക്താക്കളെയാണ് ഈ മോഡലിലൂടെ കൊറിയന്‍ വാഹന ഭീമന്‍മാര്‍ ലക്ഷ്യം വെക്കുന്നത്. നഗരയാത്രകള്‍ക്ക് ഉചിതമായത രീതിയില്‍ ഇലക്ട്രിക് കാറിന്റെ റേഞ്ചിലടക്കം കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. വിപണിയിലുള്ള മറ്റ് ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചിലര്‍ക്ക് ഇതിന്റെ രൂപകല്‍പ്പന അത്ര ആകര്‍ഷകമായി തോന്നിയേക്കില്ല. എന്നാല്‍ നല്ല ഒതുങ്ങിയ വലിപ്പത്തിലുള്ള കുഞ്ഞന്‍ ഇവിയെ ഇഷ്ടപ്പെടുന്നവരും കുറവായിരിക്കില്ല.
സമീപകാലത്ത് ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ തരംഗഏം സൃഷ്ടിച്ച എംജി കോമെറ്റിനെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ ലുക്ക്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പില്‍ നിന്ന് ഡിസൈന്‍ സൂചകങ്ങള്‍ കടംകൊണ്ട വാഹനം ഇവി സ്‌പെസിഫിക് ആയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു എന്‍ട്രി ഇലക്ട്രിക് മിനികാറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും മികച്ച ചോയിസ് ആയിരിക്കും പുതിയ റേ ഇവിയെന്നാണ് കിയ പറയുന്നത്.
പുതിയ സ്‌മോക്ക് ബ്ലൂ ഓപ്ഷന്‍ ഉള്‍പ്പെടെ ആറ് ബോഡി കളര്‍ ഓപ്ഷനുകളില്‍ ഇവി ലഭ്യമാണ്. ലൈറ്റ് ഗ്രേ, ബ്ലാക്ക് ഇന്റീരിയര്‍ ഓപ്ഷനുകളാണ് ലഭ്യമായിരിക്കുന്നത്. പുതിയ മോഡലിന് പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ് ലഭിക്കുന്നു. 3,600 മില്ലിമീറ്ററില്‍ താഴെ നീളവും 1,600 മില്ലിമീറ്ററില്‍ താഴെ വീതിയുമുള്ള വാഹനങ്ങള്‍ക്ക് നികുതി ഇളവുകള്‍ അനുവദിക്കുന്ന ദക്ഷിണ കൊറിയയുടെ ലൈറ്റ് കാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ കിയ റേ ഇവി യോഗ്യമാണ്.
അപ്ഡേറ്റഡ് കിയ റേ ഇവിക്ക് 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോളം-ടൈപ്പ് ഇലക്ട്രോണിക് ഷിഫ്റ്റ് ലിവര്‍, സെന്‍ട്രല്‍ ക്ലസ്റ്ററിലെ പുതിയ എസി ഡിസ്പ്ലേ, അധിക സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവ ലഭിക്കുന്നു. ഈ ഇവിക്കുള്ളിലെ എല്ലാ സീറ്റുകളും മടക്കിവെക്കാവുന്നതാണ്. അതേസമയം മോഡലിന്റെ കാര്‍ഗോ പതിപ്പില്‍ ഒരു സീറ്റ് സജ്ജീകരണം മാത്രമേ കാണുവെന്ന് കിയ പറയുന്നു.

ഇവിയിലെ വലിയ അപ്ഡേറ്റ് വലിയ ബാറ്ററി പായ്ക്കിന്റെ രൂപത്തിലാണ്. മുമ്പുണ്ടായിരുന്ന ചെറിയ 16.4 kWh യൂണിറ്റിന് പകരം വലിയ 35.2 kWh ബാറ്ററി പായ്ക്ക് ആണ് ഇനി കിയ റേ ഇവിക്ക് തുടിപ്പേകുക. മുമ്പ് കിയ റേ ഇവിക്ക് 138 കിലോമീറ്റര്‍ റേഞ്ച് ആയിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഇലക്ട്രിക് കാര്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 205 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
7 kW ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ഏകദേശം ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. 150 kW ചാര്‍ജിംഗ് ഡോക്കുകള്‍ ഉപയോഗിച്ച് 40 മിനിറ്റില്‍ ഇവി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. മൊത്തം പവര്‍ ഔട്ട്പുട്ടിലും വര്‍ധനവുണ്ട്. ഇപ്പോള്‍ ഇവി 86 bhp പവറും 146 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.
അപ്ഡേറ്റ് ചെയ്ത കിയ റേ ഇവിക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ എന്‍ട്രി-ലെവല്‍ മിനികാര്‍ സെഗ്മെന്റിലേക്ക് പുതുജീവന് പകരാന്‍ എത്തുന്ന ഈ കാര്‍ എന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന കാര്യം ഉറപ്പില്ല. എതായാലും ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി ഉണര്‍ന്ന സാഹചര്യത്തില്‍ ടാറ്റ ടിയാഗോ ഇവി, എംജി കോമെറ്റ് എന്നിവക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇതിന് സാധിക്കും.


Click it and Unblock the Notifications








