മൈലേജുള്ള കാറാണോ നോട്ടം? 35 കി.മീ മൈലേജുമായി 2 മാരുതി കാറുകള്‍ ഇക്കൊല്ലമെത്തും
സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളുടെ കാലത്തും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ ചെറുകാര്‍ വില്‍പ്പന തകൃതിയായി മുന്നോട്ട് പോകുന്നുണ്ട്. കാര്‍ പ്രേമികളില്‍ വലിയൊരു അളവ് പെര്‍ഫോമന്‍സിനും ഫീച്ചറുകള്‍ക്കും പ്രാധാന്യം കൊടുത്ത് തുടങ്ങിയിട്ടുണ്ടെങ്കിലും അത്ര എളുപ്പം തള്ളിക്കളയുന്ന ഒന്നല്ല ഇന്ധനക്ഷമത. ഹൈബ്രിഡ് സാങ്കേതികവിദ്യ സജ്ജീകരിച്ചെത്തിയ സമീപകാല മോഡലുകള്‍ ഹിറ്റടിച്ചത് ഉദാഹരണമായി എടുക്കാം.
എസ്‌യുവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും തങ്ങളുടെ വില്‍പ്പനയിലെ നട്ടെല്ലായ കോംപാക്ട് കാറുകളെയും വേണ്ടവിധം പരിഗണിക്കുന്നുണ്ട് മാരുതി. വമ്പന്‍ മൈലേജ് വാഗ്ദാനവുമായി മാരുതിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയര്‍ കോംപാക്ട് സെഡാനും വരാന്‍ പോകുന്ന വിവരം നേരത്തെ തന്നെ പുറത്തായിരുന്നു. ഇരുകാറുകളെയും കുറിച്ചുള്ള ലേറ്റസ്റ്റ് അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇരു കാറുകളും ലോഞ്ച് ചെയ്യാന്‍ മാരുതി സുസുക്കി പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങള്‍ സാന്നിധ്യമറിയിക്കുന്ന സെഗ്മെന്റുകളില്‍ആധിപത്യം സ്ഥാപിക്കുകയും ആഭ്യന്തര വിപണിയിലെ ജനപ്രിയ മോഡലുകളുമാണ് ഈ രണ്ട് കാറുകളും. ഹൈബ്രിഡ് കുപ്പായമണിഞ്ഞ് എത്തുന്നതോടെ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും ജനപ്രീതി വീണ്ടും വര്‍ധിക്കും. പുതിയ തലമുറ മാരുതി സ്വിഫ്റ്റ് 2024-ന്റെ ആദ്യ പകുതിയില്‍ അവതരിപ്പിക്കുമെന്നും 1.2 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഇതിന് ശക്തി പകരുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ട്.
ഈ പുതിയ 1.2-ലിറ്റര്‍, 3-സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് Z12E എന്നാണ് കോഡ് നാമം നല്‍കിയിരിക്കുന്നത്. ഇത് K12C എഞ്ചിനോടൊപ്പം വില്‍ക്കുകയും ഉയര്‍ന്ന ട്രിമ്മുകള്‍ക്കായി കരുതിവെക്കുകയും ചെയ്യും. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയില്‍ ഇതിനകം കണ്ടിട്ടുള്ള സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ പുതിയ പവര്‍ട്രെയിനില്‍ നമുക്ക് കാണാനാകുമെന്ന് പ്രതീക്ഷിക്കാം.

മുകളില്‍ പറഞ്ഞ ഗ്രാന്‍ഡ് വിറ്റാരയും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഇന്ത്യയിലെ സമീപകാലത്തെ ഹിറ്റ് മോഡലുകളാണ്. 27.97 കിലോമീറ്ററാണ് ലിറ്ററിന് രണ്ട് എസ്‌യുവികളും വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇത്രയും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ വിരലിലെണ്ണാവുന്ന കാറുകളില്‍ ചിലതാണ് ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും. എന്നാല്‍ സ്വിഫ്റ്റിലേക്കും ഡിസയറിലേക്കും വരുമ്പോള്‍ ഹൈബ്രിഡ് ഹൃദയം ഇവര്‍ക്ക് മൈലേജിന്റെ കാര്യത്തില്‍ മറ്റുള്ളവരെ ഞെട്ടിക്കാനുള്ള കണക്കുകളാകും നല്‍കുക.
സ്വിഫ്റ്റും ഡിസയറും അവയുടെ വലിപ്പം കുറവും ഭാരക്കുറവും കാരണം ലിറ്ററിന് 35 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത കാരണം മാരുതി സുസുക്കിക്ക് അതിന്റെ CAFE (കോര്‍പ്പറേറ്റ് ആവറോജ് ഫ്യുവല്‍ എക്കോണമി) റേറ്റിംഗ് മെച്ചപ്പെടുത്താന്‍ കഴിയും. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള 'സൂപ്പര്‍ പോയിന്റുകള്‍' കാരണമാണിത്.

മൈലേജിന്റെ കാര്യമൊക്കെ അവിടെ നില്‍ക്കട്ടെ. ഇത്രയും മൈലേജ് കിട്ടുമ്പോ വിലയുടെ കാര്യത്തില്‍ വല്ല ട്വിസ്റ്റും ഉണ്ടാകുമോ എന്നാകും ഏവരുടെയും ആകാംക്ഷ. എന്നാല്‍ നിലവിലുള്ള ട്രിമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കാറുകള്‍ വിലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാരണം ടൊയോട്ടയില്‍ നിന്നുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിനോടകം പ്രാദേശികവല്‍കരിച്ചതിനാലാണ് ഇത്. എങ്കിലും 7.5 ലക്ഷം രൂപ മുതല്‍ പുതിയ കാറുകളുടെ വില ആരംഭിക്കാനാണ് സാധ്യത കാണുന്നത്.
മികച്ച ഇന്ധനക്ഷമതയും പ്രായോഗികതയും താങ്ങാവുന്ന വിലയും മികച്ച ഫീച്ചറുകളുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് സ്വിഫ്റ്റും ഡിസയറും ഉപഭോക്താക്കളെ കൈയ്യിലെടുത്തത്. ഈ കാറുകളുടെ റേഞ്ച് ഉയര്‍ത്താനായി പുതിയ ട്രെന്‍ഡിംഗ് ഫീച്ചറുകള്‍ മാരുതി ഉള്‍ക്കൊള്ളിച്ച് കൂടെന്നില്ല. ഹൈബ്രിഡ് പതിപ്പിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചറിയാനുള്ള ചില മാറ്റങ്ങളും ഉണ്ടായേക്കാം. അതുകൂടാതെ കാറിന്റെ മൊത്തത്തിലുളള സ്‌പോര്‍ട്ടിയര്‍ ഫീല്‍ ഉയര്‍ത്താനുള്ള ചില മിനുക്കു പണികളും കണ്ടേക്കാം.
ഇന്ത്യയില്‍ കാര്‍ വ്യവസായവും വൈദ്യുതീകരണത്തിന്റെ പാതയിലാണ്. റണ്ണിംഗ് കോസ്റ്റ് കുറവായതിനാല്‍ ഇവികളിലേക്ക് മാറുന്നവരുടെ എണ്ണം കൂടുന്നുണ്ട്. എങ്കിലും ഈ സാഹചര്യത്തിലും മടിച്ച് നില്‍ക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് ഇന്ധന വില വര്‍ധനവ് പേടിക്കാതെ ധൈര്യത്തില്‍ വാങ്ങാന്‍ സാധിക്കുന്ന കാറുകള്‍ ആയിരിക്കും മാരുതി സുസുക്കി ഡിസയറും സ്വിഫ്റ്റും.


Click it and Unblock the Notifications








