എന്താണ് 'കുറോ'യുടെ അര്‍ത്ഥം? മാഗ്‌നൈറ്റ് സ്‌പെഷ്യല്‍ എഡിഷനെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ നിലവില്‍ ഇന്ത്യയില്‍ ഒരു മോഡല്‍ മാത്രമാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് നിസാന്‍ മാഗ്‌നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ പുത്തന്‍ പതിപ്പുകള്‍ വിപണിയിലിറക്കുന്നുണ്ട്. ആതില്‍ ആദ്യത്തേതായ കുറോ സ്‌പെഷ്യല്‍ എഡിഷന്റെ വില ശനിയാഴ്ച പ്രഖ്യാപിച്ചു.
ഒക്‌ടോബര്‍ 12-ന് താങ്ങാവുന്ന വിലയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുള്ള മാഗ്‌നൈറ്റ് വേരിയന്റും നിസാന്‍ പുറത്തിറക്കും. ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാനായി നിസാന്‍ മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ച മാഗ്‌നൈറ്റ് കുറോ സ്പെഷ്യല്‍ എഡിഷനെ കുറിച്ച് നിങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

വേരിയന്റുകളും വിലയും: XV MT, ടര്‍ബോ XV MT, ടര്‍ബോ XV CVT എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷന്‍ സ്വന്തമാക്കാന്‍ സാധിക്കുക. 8.27 ലക്ഷം രൂപ മുതലാണ് നിസാന്‍ മാഗ്‌നൈറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷന്റെ ടര്‍ബോ XV MT വേരിയന്റിന് 9.65 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. മറുവശത്ത് മാഗ്‌നൈറ്റ് കുറോ സ്‌പെഷ്യല്‍ എഡിഷന്‍ എസ്‌യുവിയുടെ ടര്‍ബോ XV CVT വേരിയന്റ് സ്വന്തമാക്കാനായി 10.46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.
എക്‌സ്റ്റീരിയര്‍: ഈ കുറോ എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഇതിന്റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലായിക്കാണില്ല. ജാപ്പനീസ് ഭാഷയില്‍ 'കുറോ' എന്ന വാക്കിന്റെ അര്‍ത്ഥം 'കറുപ്പ്' എന്നാണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കറുപ്പില്‍ നിറഞ്ഞാടിയാണ് നിസാന്‍ മാഗ്‌നൈറ്റിന്റെ ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വരുന്നത്. ഫ്രണ്ട് ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയിലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, അലോയ് വീലുകള്‍, ഹെഡ്ലൈറ്റുകളിലെ ആക്സന്റുകള്‍ എന്നീ ഭാഗങ്ങളില്‍ ബ്ലാക്ക്-ഔട്ട് ഘടകങ്ങള്‍ കാണാന്‍ സാധിക്കും.
ഇന്റീരിയര്‍: പുറംഭാഗത്തുള്ള കറുപ്പിന്റെ കളിയാട്ടത്തിന് അകത്തളത്തിലും കുറവില്ല. എക്സ്റ്റീരിയറിലെ മൊത്തത്തിലുള്ള ബ്ലാക്ക് തീം ഇന്റീരിയറിലേക്കും കൊണ്ടുവന്നിട്ടുണ്ട്. റൂഫ് ലൈനര്‍, സണ്‍ വിസറുകള്‍, ഡോര്‍ ട്രിംസ്, ഡോര്‍ ഹാന്‍ഡിലുകള്‍, സ്റ്റിയറിംഗ് വീല്‍, എസി വെന്റ് സറൗണ്ടുകള്‍ എന്നിവ ഡാര്‍ക്ക് ഷെയ്ഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതെല്ലാം കൂടി നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷന്റെ സ്പോര്‍ട്ടി ഫീല്‍ ഉയര്‍ത്തുന്നു.

ഫീച്ചറുകള്‍: 360 ഡിഗ്രി ക്യാമറ, സെന്റര്‍ ആംറെസ്റ്റ്, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, വിശാലമായ IRVM, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 6-സ്പീക്കര്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. അടുത്തിടെ നിസാന്‍ എസ്‌യുവിയുടെ സേഫ്റ്റി കിറ്റ് പരിഷ്‌കരിച്ചിരുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് കാറില്‍ ഉള്‍പ്പെടുത്തിയ പുതിയ സേഫ്റ്റി ഫീച്ചറുകള്‍.
പവര്‍ട്രെയിന്‍: 1.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷന്‍ വാഗ്‌ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ടര്‍ബോ വേരിയന്റ് 99 bhp പവറില്‍ പരമാവധി 152 Nm ടോര്‍ക്ക് വരെ നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് മാഗ്‌നൈറ്റ് കുറോ എഡിഷനില്‍ വാഗ്ദാനം ചെയ്യുന്നത്.
മാഗ്നൈറ്റ് കുറോ എഡിഷന് നേരിട്ടുള്ള എതിരാളികള്‍ ഇല്ലെങ്കിലും കഴിഞ്ഞ മാസം പുറത്തിറക്കിയ റെനോ കൈഗര്‍ എസ്‌യുവിയുടെ അര്‍ബന്‍ നൈറ്റ് പ്രത്യേക പതിപ്പുമായായിരിക്കും ഏറ്റുമുട്ടുക. അതുകൂടാതെ മൈക്രോ എസ്‌യുവി സെഗ്‌മെന്റിലെ എതിരാളികളായ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയുടെ മിഡ്, ടോപ്പ് വേരിയന്റുകളുമായും മത്സരമുണ്ടാവും.
നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷനിലൂടെ ഈ ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് നിസാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പൊതുവെ കറുപ്പ് നിറത്തോടുള്ള താല്‍പര്യം വില്‍പ്പനയായി പരിണമിക്കുമെന്ന് അവര്‍ സ്വപ്‌നം കാണുന്നു. ഒപ്പം തന്നെ കൂടുതല്‍ താങ്ങാനാകുന്ന ഓട്ടോമാറ്റിക് വേരിയന്റിന്റെ വരവും ഷോറൂമുകള്‍ നിറക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








