നിയമം പാലിച്ചാണല്ലോ ശീലം; പുത്തന്‍ വെന്യു N ലൈനും പണിതിറക്കി ഹ്യുണ്ടായി
2023 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍ വരാന്‍ പോകുന്ന ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായി പുതിയ കാറുകള്‍ പുറത്തിറക്കുന്ന തിരക്കിലാണ് വാഹന നിര്‍മാതാക്കള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത്തരത്തില്‍ നിരവധി കാര്‍ ലോഞ്ചുകള്‍ നമ്മള്‍ കണ്ടു.
വരാനിരിക്കുന്ന കൂടുതല്‍ കര്‍ശനമായ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു പുതിയ പവര്‍ട്രെയിനുമായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വെന്യു N ലൈന്‍ എസ്‌യുവി അപ്ഡേറ്റ് ചെയ്തു. പുതിയ ആര്‍ഡിഇ-കംപ്ലയന്റ് പവര്‍ട്രെയിനിനൊപ്പം മറ്റ് ചില പരിഷ്‌കാരങ്ങളും വെന്യു N ലൈനില്‍ ഹ്യുണ്ടായി നടപ്പാക്കിയിട്ടുണ്ട്. സ്‌റ്റോപ് ആന്‍ഡ് ഗോ ട്രഫിക്കില്‍ ഇന്ധന ഉപഭോഗം കുറക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഐഡിള്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ഫീച്ചറും 2023 വെന്യു N ലൈനില്‍ ഹ്യുണ്ടായി കൊണ്ടുവന്നിട്ടുണ്ട്.

ഒപ്പം ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വെന്യു N ലൈനിന്റെ വിലയും ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ഹ്യുണ്ടായി വെന്യു N ലൈനിന്റെ വില 30,000 രൂപയാണ് വര്‍ധിപ്പിച്ചത്. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ പുതിയ അപ്‌ഡേറ്റഡ് ഹ്യുണ്ടായി N ലൈന്‍ എസ്‌യുവി രണ്ട് വേരിയന്റുകളില്‍ ഓഫര്‍ ചെയ്യുന്നത് തുടരുന്നു. N6, N8 എന്നീ വേരിയന്റുകളിലാണ് ഈ എസ്‌യുവി വാങ്ങാന്‍ സാധിക്കുക. ഈ രണ്ട് വേരിയന്റുകളില്‍, ഹ്യുണ്ടായി N ലൈന്‍ N6 വേരിയന്റിന് 12.60 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില വരുന്നത്.
അതേസമയം 13.74 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) ഹ്യുണ്ടായി N ലൈന്‍ N8 വേരിയന്റ് സ്വന്തമാക്കാനായി നമ്മള്‍ മുടക്കേണ്ടത്. ഇനി പവര്‍ട്രെയിനിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ അപ്ഡേറ്റ് ചെയ്ത 1.0-ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, പെട്രോള്‍ എഞ്ചിന്‍ 118 bhp പവറും 172 Nm പീക്ക് ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ ഹ്യുണ്ടായി വെന്യു N ലൈന്‍ പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 7-സ്പീഡ് DCT ഗിയര്‍ബോക്സില്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

കൂടാതെ, മോഡലിന് ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഉണ്ട്. അപ്ഡേറ്റ് ചെയ്ത മോഡലിന് കാഴ്ചയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. കൂടാതെ സ്പോര്‍ട്ടിയര്‍ ഡ്യുവല്‍-ടിപ്പ് എക്സ്ഹോസ്റ്റ്, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, കുറച്ച് N ലൈന്‍ ബാഡ്ജുകള്‍, റൂഫ് റെയിലുകളിലും പിറകിലെയും മുന്നിലെയും പിന്നിലെയും ബമ്പറിന്റെ താഴത്തെ പകുതികളില്‍ റെഡ് ആക്സന്റുകളും 2023 വെന്യു എസ്‌യുവിയിലും നിങ്ങള്‍ക്ക് കാണാം.
അകത്തളത്തില്‍ പുതിയ ഹ്യുണ്ടായി വെന്യു N ലൈന്‍ വിവിധ സ്ഥലങ്ങളിലായി N ലൈന്‍ ലോഗോയുള്ള ഓള്‍-ബ്ലാക്ക് ഇന്റീരിയറുമായി തുടരുന്നു. ഗിയര്‍ നോബ്, സെന്റര്‍ കണ്‍സോള്‍, ഡാഷ്ബോര്‍ഡ്, ഡോര്‍ ട്രിമ്മുകള്‍ എന്നിവയില്‍ ചുവന്ന നിറത്തിലുള്ള ആക്സന്റുകളും ഹ്യുണ്ടായി വെന്യു N ലൈന്‍ എസ്‌യുവി അവതരിപ്പിക്കുന്നു.

ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്, ബോസ് ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഹ്യുണ്ടായി വെന്യു N ലൈന്‍ എസ്‌യുവി വരുന്നത്.
6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയുള്‍പ്പെടെ ശ്രദ്ധേയമായ സുരക്ഷാ സവിശേഷതകളും ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ എസ്‌യുവിയില്‍ ഉള്‍ക്കൊള്ളിക്കുന്നു. ഹ്യുണ്ടായി അടുത്തിടെ തങ്ങളുടെ മുഴുവന്‍ എസ്‌യുവി മോഡല്‍ നിരയും പുതിയ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പവര്‍ട്രെയിനുകള്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിരുന്നു.
അതിനാല്‍ തന്നെ വെന്യു N ലൈനിനും പുതിയ ആര്‍ഡിഇ കംപ്ലയന്റ് പവര്‍ട്രെയിന്‍ ലഭിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. 30,000 രൂപ അധികം ചിലവാക്കണമെങ്കിലും വില വര്‍ധനവിനെ ന്യായീകരിക്കാന്‍ പാകത്തിനുള്ള ഫീച്ചറുകളും മോഡലില്‍ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








