40 കിലോമീറ്റര്‍ മൈലേജ് കിട്ടുമോ? ന്യൂജെന്‍ സ്വിഫ്റ്റിനെ കുറിച്ചുള്ള പുത്തൻ വിവരങ്ങൾ പുറത്ത്
ഇന്ത്യയിലെ ഇടത്തരക്കാരായ വാഹനപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്‍ ഏതെന്ന് ചോദിച്ചാല്‍ പുതുതലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് എന്നായിരിക്കും ഉത്തരം. ഒക്ടോബറില്‍ നടന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ സുസുക്കി നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ മൂടുപടമഴിച്ചിരുന്നു. ഇപ്പോള്‍ പുത്തന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ജപ്പാനില്‍ പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി.
അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച ശേഷം അടുത്ത വര്‍ഷം ഹാച്ച്ബാക്ക് ഇന്ത്യയിലും വില്‍പ്പനക്കെത്തും. XG, ഹൈബ്രിഡ് MX, ഹൈബ്രിഡ് MZ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലായാണ് പുതിയ സ്വിഫ്റ്റ് വില്‍പ്പനക്കെത്തിയത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ഇത് വാങ്ങാം. ജപ്പാനില്‍ സ്വിഫ്റ്റിന്റെ സിവിടി പതിപ്പുകള്‍ ഡിസംബര്‍ 13 മുതല്‍ ലഭ്യമായി തുടങ്ങും.

അതേസമയം മാനുവല്‍ വേരിയന്റുകളുടെ വില്‍പ്പന 2024 ജനുവരി 14 മുതലാണ് ആരംഭിക്കുക. 13 കളര്‍ ഓപ്ഷനുകളും കാറിന് വാഗ്ദാനം ചെയ്യുന്നു. കൂള്‍ യെല്ലോ, സൂപ്പര്‍ ബ്ലാക്ക്, ഫ്രോണ്ടിയര്‍ ബ്ലൂ, ബേണിംഗ് റെഡ്, കാരവന്‍ ഐവറി, പ്രീമിയം സില്‍വര്‍, പ്യുവര്‍ വൈറ്റ്, സ്റ്റാര്‍ സില്‍വര്‍, ഫ്ലേം ഓറഞ്ച് എന്നിവയുള്‍പ്പെടെ ഒമ്പത് മോണോടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.
കൂടാതെ ബ്ലാക്ക് റൂഫുള്ള ബേണിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള പ്യുവര്‍ വൈറ്റ്, ബ്ലാക്ക് റൂഫുള്ള ഫ്രോണ്ടിയര്‍ ബ്ലൂ, ബ്ലാക്ക് റൂഫുള്ള കൂള്‍ യെല്ലോ എന്നിങ്ങനെയുള്ള ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും തെരഞ്ഞെടുക്കാം. അപ്ഡേറ്റഡ് സ്വിഫ്റ്റിന്റെ വലിപ്പം നോക്കുമ്പാള്‍ ഇതിന്റെ നീളം 15 മില്ലീമീറ്റര്‍ വര്‍ധിച്ചു. 3860 mm നീളവും 1695 mm വീതിയും 1500 mm ഉയരവുമാണ് മൊത്തത്തിലുള്ള അളവുകള്‍.

പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകള്‍ പുതിയ സ്വിഫ്റ്റിനെ ഔട്ട്ഗോയിംഗ് മോഡലില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. സ്ലീക്കര്‍ ഗ്രില്‍, പരിഷ്‌ക്കരിച്ച എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ഇന്‍വെര്‍ട്ടഡ് C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഡോറുകളില്‍ ഘടിപ്പിച്ച റിയര്‍ ഹാന്‍ഡിലുകള്‍ എന്നിവ ശ്രദ്ധേയമായ അപ്ഡേറ്റുകളാണ്.
മുകളില്‍ സൂചിപ്പിച്ചതുപോലെ, പുതിയ സുസുക്കി സ്വിഫ്റ്റ് ഇപ്പോള്‍ പെട്രോള്‍, ഹൈബ്രിഡ് പെട്രോള്‍ പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്. CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ 12V, DOHC മോട്ടോര്‍ 5,700 rpm-ല്‍ 82 bhp പവറും 4,500 rpm-ല്‍ 108 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പില്‍ 3.1 bhp പവറും 60Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന ഒരു DC സിന്‍ക്രണസ് മോട്ടോര്‍ ഉള്‍പ്പെടുന്നു.

സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 23.4 കിലോമീറ്റര്‍ ക്ലെയിംഡ് മൈലേജ് ആണ് പറയുന്നത്. അതേസമയം ഹൈബ്രിഡ് പെട്രോള്‍ കോണ്‍ഫിഗറേഷന്‍ WLTP സൈക്കിളില്‍ ലിറ്ററിന് 24.5 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ സ്പെക്ക് മാരുതി സ്വിഫ്റ്റില്‍ സിവിടി ഗിയര്‍ബോക്‌സ് ഇല്ലെങ്കിലും മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ തലമുറയ്ക്ക് സമാനമായി മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തുടര്‍ന്നേക്കും.
ജപ്പാനിലെ സുസുക്കി സ്വിഫ്റ്റിന്റെ 4WD പതിപ്പുകള്‍ വാഗ്ദാനം ചെയ്യുമെങ്കിലും ഇന്ത്യയില്‍ FWD മാത്രമായിരിക്കും ഓഫര്‍ ചെയ്യുക. ജപ്പാന്‍-സ്പെക്ക് സുസുക്കി സ്വിഫ്റ്റ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇത് കണ്ടേക്കില്ല. ഇന്ത്യന്‍ വിപണിയില്‍ വില്‍പനയിലുള്ള ബലേനോ, ഫ്രോങ്ക്സ് എന്നിവയെ അനുസ്മരിപ്പിക്കുന്ന പുതുക്കിയ ക്യാബിന്‍ ആണ് പുതിയ സ്വിഫ്റ്റിന്റെ സവിശേഷതകളിലൊന്ന്.

9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, സ്റ്റിയറിംഗ് മൗണ്ട് കണ്‍ട്രോളുകള്‍, ആറ് എയര്‍ബാഗുകള്‍, കീല്‍സ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ എന്നിവയായിരിക്കും പ്രധാന ഫീച്ചറുകള്‍.
2024-ല്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്വിഫ്റ്റിന് Z12E എഞ്ചിന്‍ തന്നെയായിരിക്കുമെങ്കിലും കരുത്തേകുക. എന്നാല്‍ പവര്‍ ഔട്ട്പുട്ടുകളും ഇന്ധനക്ഷമത കണക്കുകളും അജ്ഞാതമാണ്. സ്വിഫ്റ്റ് ഇന്ത്യയില്‍ റോഡ് ടെസ്റ്റിംഗ് നടത്തുന്നത് അടുത്തിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ന്യൂജെന്‍ സ്വിഫ്റ്റിന്റെ പുത്തന്‍ വിശദാംശങ്ങള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








