മാരുതിക്ക് വീണ്ടും ലോട്ടറിയടിക്കുമോ? തരംഗമായി ഹൈബ്രിഡ് ഫോര്‍ച്യൂണറിന്റെ ചിത്രങ്ങള്‍
ഇന്ത്യയില്‍ ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ഏക രാജാവ് ഏതെന്ന ചോദ്യത്തിന് ടൊയോട്ട ഫോര്‍ച്യൂണര്‍ (Toyota Fortuner) എന്ന് മാത്രമായിരിക്കും ഉത്തരം. ഫോര്‍ച്യൂണറിന്റെ മൂന്നാം തലമുറ പതിപ്പിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒത്തിരി നാളായി. എന്നാല്‍ ഇപ്പോള്‍ ആരാധകരെ കോരിത്തരിപ്പിച്ച് ഔദ്യോഗിക അവതരണത്തിന് മുമ്പ് പുതിയ ഫോര്‍ച്യൂണറിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.
2024-ന്റെ തുടക്കത്തില്‍ പുതിയ ഫോര്‍ച്യൂണര്‍ (2024 Toyota Fortuner) ആഗോള തലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ എസ്‌യുവിക്കുള്ള ഫാന്‍ബേസ് പരിഗണിച്ച് അടുത്ത വര്‍ഷം തന്നെ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. ഏറ്റവും പുതിയ ടാക്കോമ പിക്കപ്പ് ട്രക്കില്‍ നിന്നാണ് 7 സീറ്റര്‍ എസ്‌യുവിയുടെ ഡിസൈന്‍ പ്രചോദനമെന്നാണ് ലീക്കായ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്ന ബ്രാന്‍ഡിന്റെ വളരെ ജനപ്രിയമായ പിക്കപ്പ് ട്രക്ക് ആണ് ടാക്കോമ.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ടാക്കോമയുടെ അരങ്ങേറ്റം. ഒരു മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍ ആയിരിക്കും എസ്‌യുവിയിലെ പ്രധാന കൂട്ടിച്ചേര്‍ക്കല്‍. പൂര്‍ണമായും പുതുക്കി പണിത മുന്‍വശത്തിന്റെ ഡിസൈന്‍ ടാക്കോമ പിക്കപ്പ് ട്രക്കില്‍ നിന്ന് കടംകൊണ്ടതാണെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും. ചിത്രങ്ങളില്‍ കാണുന്ന വലിയ ഗ്രില്ല് മുന്‍ഗാമിയെ പോലെ തന്നെ പുതിയ ഫോര്‍ച്യൂണറിനും ബോള്‍ഡ് ലുക്കും ഒപ്പം മികച്ച റോഡ് പ്രസന്‍സും നല്‍കുന്നു.
പുതിയ ഹെഡ്ലൈറ്റുകളും പുതുക്കിയ ബമ്പറും മൊത്തത്തിലുള്ള അഗ്രസീവ് ലുക്ക് വര്‍ധിപ്പിക്കുന്നു. വശങ്ങളിലേക്ക് നോക്കുമ്പോള്‍ പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകളും ലഭിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ പുതിയ ഫോര്‍ച്യൂണറിന്റെ പിന്‍വശങ്ങള്‍ ദൃശ്യമാകുന്നില്ല. എന്നിരുന്നാലും ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഫുള്‍സൈസ് എസ്‌യുവിക്ക് ഒരു പുതിയ ടെയില്‍ ലൈറ്റ് ലഭിച്ചേക്കും.

ഹൈലക്‌സ് ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്ന TNGA-F പ്ലാറ്റ്‌ഫോമിലായിരിക്കും 2024 ടൊയോട്ട ഫോര്‍ച്യൂണറും പണികഴിക്കുക. തണ്‍ട്ര, ലാന്‍ഡ് ക്രൂയിസര്‍, ലെക്‌സസ് LX എന്നിവ ഒരുക്കിയ പ്ലാറ്റ്‌ഫോമായതിനാല്‍ ക്യാബിനില്‍ നല്ല ഇടം പ്രതീക്ഷിക്കാം. ആധുനിക കാലത്തെ ഡ്രൈവര്‍മാര്‍ക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ അടക്കം ഉള്‍ക്കൊള്ളിച്ച് പുതിയ ഫോര്‍ച്യൂണറിന്റെ ഡാഷ്‌ബോര്‍ഡ് ഉടച്ചുവാര്‍ക്കും.
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. കാറിന്റെ ലക്ഷ്വറി ഫീല്‍ കൂട്ടാന്‍ 7 സീറ്റര്‍ കാറില്‍ ടൊയോട്ട സണ്‍റൂഫ് ഉള്‍ക്കൊള്ളിച്ച് കൂടെന്നില്ല. തുടക്കത്തില്‍ പറഞ്ഞ പോലെ പുതിയ ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ ഏറ്റവും വലിയ പ്രത്യേകതയാകാന്‍ സാധ്യത മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ സാന്നിധ്യമായിരിക്കും.
മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുന്നതോടെ എസ്‌യുവിയുടെ മൈലേജ് കൂടും. ഒപ്പം തന്നെ കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാനും ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നു. നിലവിലുള്ള 2.8 ലിറ്റര്‍ GD സീരീസ് 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരിക്കാം മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം ജോടിയാക്കുക. എന്നാല്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ള പുതിയ ഡീസല്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ കൊണ്ടുവരുമോ അതോ നിലവിലുള്ളത് ചേര്‍ക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല.
48V ബാറ്ററിയും ഒരു ചെറിയ ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം ആഗോള വിപണിയില്‍ ഹൈലക്‌സ് പിക്കപ്പ് ട്രക്കില്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ പവര്‍ട്രെയിന്‍ കൊണ്ടുവരുമെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഡീസല്‍ എഞ്ചിനെ അപേക്ഷിച്ച് ഇന്ധനക്ഷമത 10 ശതമാനത്തിലേറെ കൂടുമെന്നാണ് സൂചന. ഒപ്പം തന്നെ എസ്‌യുവിയുടെ ഓഫ് റോഡിംഗ് ശേഷിയും കൂടുതല്‍ മെച്ചപ്പെടുത്തും.
നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫുള്‍ സൈസ് എസ്‌യുവിയാണ് ഫോര്‍ച്യൂണര്‍. പുതിയ രൂപത്തില്‍, മെച്ചപ്പെടുത്തിയ ഫീച്ചര്‍ ലിസ്റ്റും മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനും കൂടിയാകുന്നതോടെ പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ ഹൈബ്രിഡ് ഇന്ത്യന്‍ ഫുള്‍ സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ എതിരാളികളില്ലാതെ ഇനിയും വാഴും. നിലവില്‍ എംജി ഗ്ലോസ്റ്റര്‍ മാത്രമാണ് സെഗ്‌മെന്റില്‍ ഫോര്‍ച്യൂണറിന്റെ എതിരാളി. ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര അള്‍ടുറാസ് G4 എന്നീ മോഡലുകള്‍ ഉണ്ടായിരുന്നെങ്കിലും അവ ഇപ്പോള്‍ വില്‍പ്പനക്കെത്തുന്നില്ല.
ടൊയോട്ടയുടെ ഇന്ത്യയിലെ ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാരുതി സുസുക്കി റീബാഡ്ജ് ചെയ്ത് വിപണിയില്‍ എത്തിച്ചിരുന്നു. സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുമായി എത്തിയ മാരുതി ഇന്‍വിക്‌റ്റോ വിപണിയില്‍ വലിയ ചലനങ്ങാളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാരുതിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിന് കീഴില്‍ ഫോര്‍ച്യൂണറും മാരുതിയുടെ കുപ്പായത്തില്‍ എത്തുമോ എന്ന കാര്യമാണ് വാഹന പ്രേമികള്‍ ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








