അമേരിക്കയിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇതാണ്; വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!
ഓരോ രാജ്യത്തും ടാക്‌സ് അടക്കമുള്ള ഘടകങ്ങള്‍ പരിഗണിച്ച് കാര്‍ വിലയില്‍ മാറ്റം കാണാം. ബജറ്റ് വിലയിലുള്ള ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് താങ്ങാവുന്ന മോഡലുകള്‍ എല്ലാ രാജ്യങ്ങളിലും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന കാര്‍ മോഡല്‍ ഏതാണെന്ന് ചോദിച്ചാല്‍ മാരുതി സുസുക്കി ആള്‍ട്ടോ എന്നതാണ് ഉത്തരം.
ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളില്‍ ഒന്നും വലിയ കാര്‍ വിപണിയുമായ യുഎസിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള കാര്‍ ഏതാണെന്ന് ചോദിച്ചാല്‍ പലരും കൈമലര്‍ത്തും. അമേരിക്കയിലെ എല്ലാവരും സമ്പന്നര്‍ അല്ലാത്തതിനാല്‍ തന്നെ ബജറ്റ് വിലയിലുള്ള കാറുകള്‍ അമേരിക്കയിലും ഇറങ്ങുന്നുണ്ട്. യുഎസിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള കാറാണ് നിസാന്‍ വെര്‍സ.

വ്യക്തിഗത ഗതാഗത ആവശ്യങ്ങള്‍ക്കായി വന്‍ തുക മുടക്കാന്‍ താല്‍പര്യമില്ലാത്ത ബജറ്റ് വിലയില്‍ കാര്‍ നോക്കുന്ന ഉപേഭാക്താക്കളെ ലക്ഷ്യമിട്ട് 16,130 യുഎസ് ഡോളര്‍ വിലയിലാണ് ഈ കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 13.42 ലക്ഷം രൂപ വരും. ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള കാറിന് വെറും 3.54 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. യുഎസ് ഡോളറിലേക്ക് മാറ്റിയാല്‍ വെറും 4253 ഡോളര്‍ മാത്രം.
ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന കാറിന്റെ നാലിരട്ടിയിലധികമാണ് യുഎസിലെ ഏറ്റവും ബജറ്റ് വിലയിലുള്ള കാറിന്റെ വിലയെന്നതാണ് യാഥാര്‍ത്ഥ്യം. യുഎസ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിര്‍മിച്ച ഒരു കോംപാക്റ്റ് സെഡാനാണ് നിസാന്‍ വെര്‍സ. ആഗോള തലത്തില്‍ ഇത് ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവയ്ക്ക് സമാനമാണ്. യുഎസിലെ ഏറ്റവും താങ്ങാനാവുന്ന കാറായ നിസാന്‍ വെര്‍സയുടെ വില ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഹോണ്ട സിറ്റിയേക്കാളും കൂടുതലാണ്. 11.63 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട സിറ്റി വില്‍ക്കപ്പെടുന്നത്.

യുഎസ് കാര്‍ വിപണി സുസജ്ജമായ സെഡാനുകള്‍ക്കും എസ്‌യുവികള്‍ക്കും പിക്ക്-അപ്പ് ട്രക്കുകള്‍ക്കും പിറകെയാണെങ്കിലും യുവാക്കള്‍ക്കിടയില്‍ ഒരു പ്രായോഗിക ഓപ്ഷനായി നിസാന്‍ വെര്‍സ ഉയര്‍ന്നുവന്നേക്കാം. യുഎസിലെ ഏറ്റവും താങ്ങാനാവുന്ന കാര്‍ ആണെങ്കിലും നിസാന്‍ വെര്‍സ മികച്ച രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നത് തന്നെയാണ് അതിന്റെ കാരണം. ഏറ്റവും പുതിയ നിസാന്‍ വെര്‍സയുടെ വില മുന്‍ മോഡലിനെക്കാള്‍ ഉയര്‍ന്നതാണെങ്കിലും അമേരിക്കയിലെ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന കാര്‍ ഇപ്പോഴും ഈ സെഡാനാണ്.
16,695 ഡോളര്‍ (ഏകദേശം 13.90 ലക്ഷം രൂപ) പ്രാരംഭ വിലയില്‍ വില്‍ക്കുന്ന പുതിയ മിത്സുബിഷി മിറേജാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. S, SV, SR എന്നീ മൂന്ന് ട്രിം ലെവലിലാണ് നിസാന്‍ വെര്‍സ യുഎസ് വിപണിയിലെത്തുന്നത്. നിസാന്‍ വെര്‍സയുടെ ബേസ് വേരിയന്റില്‍ നിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നിരുന്നാലും വെര്‍സ S ട്രിമ്മില്‍ ഹാലൊജന്‍ ലൈറ്റുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളും ഒരു അക്കോസ്റ്റിക് ലാമിനേറ്റഡ് ഗ്ലാസ് വിന്‍ഡ്ഷീല്‍ഡും വാഗ്ദാനം ചെയ്യുന്നുണ്ട്.

പുറത്തുനിന്നുള്ള അനാവശ്യ ശബ്ദങ്ങള്‍ ക്യാബിനകത്തേക്ക് കയറാതെ ഈ ലാമിനേറ്റഡ് ഗ്ലാസ് വിന്‍ഡ്ഷീല്‍ഡ് സഹായിക്കും. ക്രൂയിസ് കണ്‍ട്രോള്‍, 4 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, 7 ഇഞ്ച് മെയിന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയും ഇതില്‍ സജ്ജീകരിക്കുന്നു. പിന്‍ സീറ്റ് യാത്രക്കാരുടെ സൗകര്യത്തിനായി സെന്റര്‍ ആംറെസ്റ്റ് ലഭിക്കും. വെര്‍സയുടെ ബേസ് വേരിയന്റില്‍ പോലും ഒരുപിടി ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ ഓഫര്‍ ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം.
ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഹൈ ബീം അസിസ്റ്റ്, റിയര്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് എന്നിവയാണ് ഇതിലെ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍. പുതുക്കിയ നിസാന്‍ വെര്‍സയുടെ ഉയര്‍ന്ന വേരിയന്റുകള്‍ക്കായി അല്‍പ്പം കൂടുതല്‍ മുടക്കണം. 19,420 ഡോളറാണ് (ഏകദേശം 16.16 ലക്ഷം രൂപ) വെര്‍സ SV വേരിയന്റിന്റെ വില. ടോപ് സ്‌പെക് വേരിയന്റായ SR സ്വന്തമാക്കാന്‍ 20,140 യുഎസ് ഡോളര്‍ അതായത് 16.76 ലക്ഷം രൂപയും നല്‍കണം.

ഈ വേരിയന്റില്‍ 17 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു.122 bhp പവറും 154 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് നിസാന്‍ വെര്‍സക്ക് തുടിപ്പേകുന്നത്.
ബേസ് വേരിയന്റില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ലഭിക്കുമ്പോള്‍ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സജ്ജീകരണം ലഭിക്കും. 177 ഇഞ്ച് നീളവും 68.5 ഇഞ്ച് വീതിയും 57.3 ഇഞ്ച് ഉയരവുമാണ് ഇതിന്റെ വലിപ്പം. 103.1 ഇഞ്ചാണ് വീല്‍ബേസ് അളവ്. മാത്രമല്ല ഈ കാറിന് 525 ലിറ്റര്‍ ബൂട്ട്‌ശേഷിയുണ്ട്.


Click it and Unblock the Notifications








