മാരുതിക്ക് ആശ്വാസം? കാറുകളിലെ 6 എയര്‍ബാഗിന്റെ കാര്യത്തിൽ യൂടേണടിച്ച് ഗതാഗത മന്ത്രി!
ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നിര്‍ബന്ധിത ആറ് എയര്‍ബാഗ് നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും മാക്രോ ഇക്കണോമിക് സാഹചര്യവും കണക്കിലെടുത്ത് 2023 ഒക്ടോബര്‍ 01 മുതല്‍ പാസഞ്ചര്‍ കാറുകളില്‍ (M-1 കാറ്റഗറി) കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഇതിന്റെ കരട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ കാറുകളില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി ഒരു സുപ്രധാന പരാമര്‍ശം നടത്തിയിരിക്കുകയാണ്. കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യം സര്‍ക്കാറിനില്ലെന്നാണ് നിധിന്‍ ഗഡ്കരി ചൊവ്വാഴ്ച പറഞ്ഞത്. 'ഇപ്പോള്‍ ആളുകള്‍ ജാഗ്രതയിലാണ്. എതെല്ലാം മോഡലുകള്‍ക്ക് ആറ് എയര്‍ ബാഗുകളുണ്ടോ, ആളുകള്‍ ആ കാര്‍ എടുക്കാന്‍ താല്‍പ്പര്യപ്പെട്ടേക്കാം.

അത് നിര്‍മ്മാതാക്കളും ജനങ്ങളുമാണ് തീരുമാനിക്കേണ്ടത്. കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യം സര്‍ക്കാറിനില്ല' ഗഡ്കരി ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. എന്നാല്‍ പുതിയ കാറുകളുടെ സുരക്ഷ വിലയിരുത്താനുള്ള തദ്ദേശീയ ക്രാഷ് ടെസ്റ്റായ ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് (BNCAP) തങ്ങളുടെ വാഹനങ്ങള്‍ക്ക് മികച്ച സുരക്ഷാ റേറ്റിംഗ് നേടുന്നതിന് കാര്‍ നിര്‍മ്മാതാക്കള്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഗഡ്കരി പറഞ്ഞു.
'കാറുകളില്‍ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടുന്നതിന് ആറ് എയര്‍ബാഗുകള്‍ ആവശ്യപ്പെടുന്ന BNCAP വ്യവസ്ഥ ഞങ്ങള്‍ മുന്നോട്ട്വെച്ചു. ഇത് നിര്‍ബന്ധിതമാക്കാതെ തന്നെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കാന്‍ കമ്പനികളെ പ്രേരിപ്പിക്കും' ഗഡ്കരി പറഞ്ഞു. മോട്ടോര്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ (CMVR) ഭേദഗതി വരുത്തി സുരക്ഷാ ഫീച്ചറുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ വര്‍ഷം റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

നിര്‍ദേശം നടപ്പിലാക്കുന്നത് നീണ്ടുപോയെന്ന് മാത്രമല്ല ഇപ്പോള്‍ തീരുമാനത്തില്‍ മലക്കം മറഞ്ഞിരിക്കുകയാണ് അധികൃതര്‍. 2021 മുതല്‍ ഇന്ത്യയിലെ എല്ലാ കാറുകളിലും കുറഞ്ഞത് രണ്ട് എയര്‍ബാഗുകളെങ്കിലും നിര്‍ബന്ധമാക്കണമെന്ന നിയമം നിലവില്‍ വന്നിരുന്നു. ഡ്രൈവര്‍ക്കും ഫ്രണ്ട്-സീറ്റ് യാത്രക്കാര്‍ക്കും വേണ്ടിയുള്ള ഈ രണ്ട് എയര്‍ബാഗുകള്‍, പിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ എയര്‍ബാഗുകളില്‍ പായ്ക്ക് ചെയ്യാന്‍ ഇടമില്ലാത്ത ചെറിയ കാറുകളിലാണ് കൂടുതലും ഉപയോഗിക്കുന്നത്.
കൂട്ടിയിടി സമയത്ത് ഡ്രൈവര്‍ക്കും വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡിനും ഇടയില്‍ ഇടപെടുകയും അതുവഴി ഗുരുതരമായ പരിക്കുകള്‍ തടയുകയും ചെയ്യുന്ന ഒരു സേഫ്റ്റി സംവിധാനമാണ് എയര്‍ബാഗ്. അതേസമയം ആറ് എയര്‍ബാഗുകള്‍ക്കുള്ള നിര്‍ദേശം സജീവ പരിഗണനയിലാണെന്ന് റോഡ് ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കാറുകളില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നതും വാഹനത്തിന്റെ വില വര്‍ധിക്കാന്‍ കാരണമാകുമെന്നും കാര്‍ വാങ്ങുന്നതില്‍ നിന്ന് പിന്തിരിഞ്ഞ് ജനങ്ങള്‍ ടൂവീലറുകളില്‍ തന്നെ തുടരാന്‍ ഇടയാക്കുമെന്നാണ് പ്രമുഖ വാഹന നിര്‍മാതാക്കളുടെ പക്ഷം.

നാല് എയര്‍ബാഗുകള്‍ കൂടി ചേര്‍ത്താല്‍ അധിക ചിലവ് വരുമെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിരുന്നു. നാല് എയര്‍ബാഗുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിന് 6,000 രൂപയില്‍ കൂടുതല്‍ ചിലവ് വരുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കണക്കാക്കിയിത്. എന്നിരുന്നാലും, ഈ അധിക എയര്‍ബാഗുകളുടെ വില കുറഞ്ഞത് 19,000 വരെ ഉയരുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
ഇതുവരെ ഗ്ലോബല്‍ NCAP-ന്റെ 'ഇടിപ്പരീക്ഷ'യിലെ സ്‌കോര്‍ നോക്കി കാര്‍ വാങ്ങിയിരുന്ന ഇന്ത്യന്‍ ജനതക്ക് സ്വന്തമായി ഒന്ന് വരികയാണ്. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ഭാരത് NCAP ഓഗസ്റ്റ് 22-ന് സമാരംഭം കുറിച്ചിരുന്നു. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ഒക്‌ടോബര്‍ ഒന്ന് മുതല്‍ ക്രാഷ് ടെസ്്റ്റിന് വിധേയമാകുക.
ഈ സമഗ്രമായ പരിശോധനകള്‍ക്ക് ശഷം മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണത്തിനും (AOP) കുട്ടികളുടെ (COP) സംരക്ഷണത്തിനും കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. ഈ സ്റ്റാര്‍ റേറ്റിംഗ് നോക്കി ഉപഭോക്താക്കള്‍ക്ക് വിപണിയില വാഹനങ്ങള്‍ താരതമ്യം ചെയ്യാനും ഏറ്റവും സുരക്ഷിതമായ കാര്‍ വാങ്ങാനും അവസരമൊരുങ്ങും. ഇന്ത്യക്ക് സ്വന്തമായി ക്രാഷ് ടെസ്റ്റ് ലഭിക്കുന്നതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാറുകളുടെ കയറ്റുമതി മൂല്യം ഉയരുമെന്ന ഗുണവുമുണ്ട്.


Click it and Unblock the Notifications








