ഫാമിലി കാര്‍ ആണോ നോക്കുന്നത്? ഈ ഉത്സവകാലത്ത് എത്തുന്ന കിടിലന്‍ മോഡലുകള്‍
ഇന്ത്യയില്‍ യൂടിലിറ്റി വാഹന വിഭാഗം വലിയ മേധാവിത്തം നേടിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ 2,262,500 യൂണിറ്റ് വില്‍പ്പനയാണ് നേടിയെടുത്തത്. ഈ ഉത്സവകാലത്ത് നിരവധിയാളുകള്‍ കാറുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്ന പതിവുണ്ട്. ഫാമിലിയായി പോകാന്‍ പറ്റിയ ഒരു കാര്‍ വാങ്ങാന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ കാത്ത് ചില പുത്തന്‍ ലോഞ്ചുകളുണ്ട്.
ഈ വാഹനങ്ങള്‍ മെച്ചപ്പെട്ട സൗകര്യവും ശൈലിയും മാത്രമല്ല, പ്രായോഗികതയും വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട, ടാറ്റ, മഹീന്ദ്ര എന്നീ മുന്‍നിര ബ്രാന്‍ഡുകളുടെ എസ്‌യുവി, എംപിവി മോഡലുകള്‍ വരാനിരിക്കുന്നുണ്ട്. സമീപഭാവിയില്‍ ഇന്ത്യന്‍ റോഡുകള്‍ക്ക് അലങ്കാരമാകാന്‍ പോകുന്ന ഏറെ പ്രതീക്ഷകളോടെ എത്തുന്ന മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ടൊയോട്ട റൂമിയോണ്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എംപിവിയായ മാരുതി സുസുക്കി എര്‍ട്ടിഗയുടെ ടൊയോട്ട ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് റൂമിയോണ്‍. എര്‍ട്ടിഗയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ എംപിവിയില്‍ വരുത്തിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ എംപിവിയില്‍ നിന്ന് ഡിസൈന്‍ സൂചകങ്ങള്‍ കടമെടുത്തിട്ടുണ്ട്.
ഈ മാസം അവതരിപ്പിക്കപ്പെട്ട റൂമിയോണിന്റെ വില പ്രഖ്യാപനമാണ് ഇനി ബാക്കിയുള്ളത്. ഈ മാസം അവസാനമോ അതോ സെപ്റ്റംബര്‍ ആദ്യവാരമോ ലോഞ്ച് ഉണ്ടാകും. S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ റൂമിയോണ്‍ ലഭ്യമാകും. 103 bhp പവറം 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനൊപ്പം ഒരു സിഎന്‍ജി വേരിയന്റും ഓഫറിലുണ്ടാകും.

സിട്രണ്‍ C3 എയര്‍ക്രോസ്: ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്ന ഏറ്റവും പുതിയ മോഡലാണ് C3 എയര്‍ക്രോസ്. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും ലോഞ്ച്. 5 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളിലാണ് കാര്‍ വരുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വരി യാത്രക്കാര്‍ക്ക് റൂഫില്‍ ഘടിപ്പിച്ച എസി വെന്റുകള്‍, മൂന്നാം നിരയിലെ യാത്രക്കാര്‍ക്ക് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവ 7 സീറ്റര്‍ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നു.
സിട്രണ്‍ C3 എയര്‍ക്രോസ് എസ്‌യുവിയുടെ മൂന്നാം വരി സീറ്റ് മടക്കിവെച്ചാല്‍ 511 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കും. 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് രണ്ട് പതിപ്പുകള്‍ക്കും കരുത്തേകുന്നത്. ലിറ്ററിന് 18.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം.

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്: സെപ്റ്റംബര്‍ അവസാനത്തോടെ മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് വനിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7 സീറ്റര്‍, 9 സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലായിരിക്കും വാഹനത്തിന്റെ അരങ്ങേറ്റം. 120 bhp പവര്‍ നല്‍കുന്ന കരുത്തുറ്റ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും എസ്‌യുവിക്ക് കരുത്ത് പകരുക.
ഈ എഞ്ചിനുമായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും RWD ഡ്രൈവ്ട്രെയിനും ജോടിയാക്കും. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലെങ്കിലും ബൊലേറോ നിയോ പ്ലസില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 2 DIN ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഫാബ്രിക് അപ്ഹോള്‍സ്റ്ററി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റ്: ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയുടെ ഫ്‌ലാഗ്ഷിപ്പ് പതിപ്പ് ഈ ഉത്സവ സീസണില്‍ അരങ്ങേറും. ടാറ്റയുടെ ജനപ്രിയ എസ്‌യുവി ഈ വര്‍ഷം ദീപാവലിക്ക് തൊട്ടുമുമ്പ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സ്പോക്ക് മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ഇല്യൂമിനേറ്റഡ് ലോഗോ പാനലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്സും കാറിന്റെ ക്യാബിനകത്ത് സജ്ജീകരിച്ചിരിക്കുന്നു.
ട്രെന്‍ഡിംഗ് ഫീച്ചറായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കര്‍വ് കണ്‍സെപ്റ്റില്‍ നിന്നായിരിക്കും ഡിസൈന്‍ കടമെടുക്കുക. എങ്കിലും മിനിമലായുള്ള മാറ്റങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക. നിലവിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിനൊപ്പം പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും സഫാരി ഫെയ്സ്ലിഫ്റ്റ് വാഗ്ദാനം ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.
പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍: ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ഒന്നാമനായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് അടുത്ത വര്‍ഷം വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവിക്ക് ഹൈബ്രിഡ് ഹൃദയം ലഭിക്കുമെന്നാണ് അഭ്യൂഹം. വിപുലമായ TNGA-F പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എസ്‌യുവി.
2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ആയിരിക്കും ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കുക. ടാക്കോമ പിക്കപ്പിന്റെ ഡിസൈനില്‍ നല്ല ഷാര്‍പ്പ് ലുക്കിലായിരിക്കും എസ്‌യുവി വരിക. ഓഫ്‌റോഡിംഗ് മാത്രമല്ല ലോംഗ് ട്രിപ്പുകള്‍ക്ക് പറ്റിയ കൂട്ടാളി കൂടി ആയതിനാലാണ് ഫോര്‍ച്യൂണറിനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഉടന്‍ തന്നെ വിപണിയില്‍ എത്താന്‍ പോകുന്ന ഈ ഫാമിലി കാറുകളില്‍ ഒന്ന് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഇതില്‍ ഫോര്‍ച്യൂണര്‍ ഒഴികെ ബാക്കിയെല്ലാ മോഡലുകളും ഉടന്‍ വിപണിയിലെത്തും.


Click it and Unblock the Notifications








